മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിലും ഉര്‍വശി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി തന്റെ റേഞ്ച് വ്യക്തമാക്കിയിരുന്നു.
തനിക്ക് ഇഷ്ടമുള്ള എഴുത്തുകാരെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. തമിഴില്‍ എക്കാലത്തെയും മികച്ച ഹിറ്റുകള്‍ സമ്മാനിച്ച വിസു (രാമസ്വാമി വിശ്വനാഥന്‍)വിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ഉര്‍വശി പറഞ്ഞു. അതുപോലെ തന്റെ ആദ്യ സിനിമയുടെ സംവിധായകനായ ഭാഗ്യരാജിനെയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും സൗത്ത് ഇന്ത്യയില്‍ ഭാഗ്യരാജിനെപ്പോലെ ഒരു എഴുത്തുകാരനെ താന്‍ കണ്ടിട്ടില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
ഭാഗ്യരാജിന്റെ എഴുത്തിന്റെ ഭംഗി അതിലെ ഹ്യൂമറാണെന്നും അക്കാലത്ത് അദ്ദേഹം എഴുതിയ സ്‌ക്രിപ്റ്റുകള്‍ എല്ലാം ഇന്നും പലരെയും ചിന്തിപ്പിക്കുന്നതാണെന്നും ഉര്‍വശി പറഞ്ഞു. തിരക്കഥ എഴുതണെന്നായിരുന്നു അക്കാലത്ത് തന്റെ ആഗ്രഹമെന്നും ഒരുപാട് സിനിമകള്‍ ചെയ്ത ശേഷം താന്‍ അഭിനയത്തില്‍ സ്റ്റക്കായി കിടക്കുന്നതുപോലെ തോന്നിയെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഹെര്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘എനിക്ക് ഒരുപാടി ഇഷ്ടമുള്ള രണ്ട് എഴുത്തുകാരില്‍ ഒരാളാണ് വിസു സാര്‍. നല്ല കഥകളും മികച്ച സംഭാഷണങ്ങളും എഴുതാന്‍ കഴിവുള്ള ആളാണ് അദ്ദേഹം. രണ്ടാമത്തെയാള്‍ ഭാഗ്യരാജ് സാറാണ്. എന്റെ ആദ്യത്തെ സംവിധായകന്‍. അദ്ദേഹത്തെപ്പോലെ ഒരു തിരക്കഥാകൃത്തിനെ ഞാന്‍ സൗത്ത് ഇന്ത്യയില്‍ കണ്ടിട്ടേയില്ല. അന്നത്തെ കാലത്ത് ഒരു തമിഴ് സിനിമയുടെ ക്ലൈമാക്‌സില്‍ മലയാളത്തില്‍ ലെങ്തിയായിട്ടുള്ള ഡയലോഗ് പറഞ്ഞയാളാണ് അദ്ദേഹം.
റൈറ്റേഴ്‌സിന് ഒരുപാട് ബഹുമാനം കൊടുക്കുന്നയാളാണ് ഞാന്‍. കാരണം, ഒരു തിരക്കഥാകൃത്ത് ആകണമെന്ന ആഗ്രഹത്തിലാണ് ഞാന്‍ സിനിമയിലേക്കെത്തിയത്. അഭിനയത്തോട് എനിക്ക് ഇന്‍ട്രസ്റ്റ് ഉണ്ടായിരുന്നില്ല. 100ലധികം സിനിമകള്‍ ചെയ്തുകഴിഞ്ഞപ്പോഴാണ് അഭിനയത്തില്‍ തന്നെ സ്റ്റക്ക് ആയിപ്പോയോ എന്ന തോന്നല്‍ വന്നത്,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi talks about her favorite writers in cinema