| Friday, 19th May 2023, 10:48 pm

കഥയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഹ്യുമര്‍ എല്ലാകാലത്തും വിജയിക്കും: ഇഷ്ടപ്പെട്ട കോമഡി സിനിമയെ കുറിച്ച് ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഥയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഹ്യൂമര്‍ എല്ലാകാലത്തും വിജയിക്കുമെന്ന് നടി ഊര്‍വശി. ചാള്‍സ് എന്റര്‍പ്രൈസസ് എന്ന സിനിമയുടെ ഭാഗമായി മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോമഡി സിനിമ പഞ്ചവടിപ്പാലമാണെന്നും അതൊരു ക്ലാസിക്, നാച്ചുറല്‍ ഹ്യൂമര്‍ സിനിമയായിരുന്നു എന്നും ഉര്‍വശി പറഞ്ഞു.

‘സിനിമയുടെ എല്ലാ ഏരിയയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത്‌പോലെ തമാശയിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ടൊക്കെ ഒരു കുടുംബത്തിലെ ഒരാള്‍ മരിച്ചു എന്ന് കേട്ടാല്‍ അയ്യോ എന്ന് പറഞ്ഞ് താടിക്ക് കൈ കൊടുത്ത് ഇരിക്കുമായിരുന്നു. ഇന്ന് ഒരു യുദ്ധത്തില്‍ 50,000 പേര്‍ മരിച്ചു എന്ന വാര്‍ത്ത കണ്ടാലും അത് വായിച്ച് വലിയെ ഞെട്ടലൊന്നുമില്ലാതെ അടുത്ത പേജിലേക്ക് പോകും. ആ രീതിയില്‍ ലോകം മാറിയിട്ടുണ്ട്.

തമാശയും അതുപോലെയാണ്. കഥ പറയുന്നത് പോലെ തമാശ പറഞ്ഞാല്‍ കേള്‍ക്കാന്‍ ആളുണ്ടാകില്ല. ഒറ്റവാക്കില്‍ സിറ്റുവേഷന്‍ മനസ്സിലാക്കി ചിരിക്കാന്‍ പറ്റണം. ഏത് കാലത്തായാലും ചിരിക്ക് മാറ്റമുണ്ടായിട്ടില്ല. അത് മാറാതിരിക്കുക എന്നതാണ് ആവശ്യം. എല്ലാ കാലത്തും നമുക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ എടുത്ത് നോക്കിയാല്‍ നാച്ചുറല്‍ ഹ്യൂമര്‍ ഉള്ള സിനിമകളായിരിക്കും.

എനിക്ക് കോമഡി സിനിമകളില്‍ ഏറ്റവും ഇഷ്ടമുള്ളത് പഞ്ചവടിപ്പാലമാണ്. അതൊരു ക്ലാസിക്കാണ്. അതാണ് എല്ലാ കാലത്തും ആസ്വദിക്കുന്ന സിനിമയാണ്. ഇന്ന് മലയാളത്തിലെ എല്ലാ ആര്‍ടിസ്റ്റുകളും ഒരുവിധം കോമഡി ചെയ്യാന്‍ അറിയുന്നവരാണ്. എന്റെ ക്യാരക്ടേര്‍സില്‍ എനിക്ക് ഹ്യൂമര്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം സംവിധായകര്‍ തന്നിരുന്നു,’ ഊര്‍വശി പറഞ്ഞു

ചാള്‍സ് എന്റര്‍പ്രൈസസാണ് ഊര്‍വശിയുടെ ഏറ്റവും പുതിയ സിനിമ. വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമയില്‍ ഉര്‍വശിക്കൊപ്പം ബാലു വര്‍ഗീസ്, തമിഴ് നടന്‍ കലൈവരസന്‍ തുടങ്ങിയവരും അഭിനിയിക്കുന്നുണ്ട്. സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്ത സിനിമ കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന ഒരു തമിഴ് തൊഴിലാളിയുടെയും കാഴ്ച പരിമിതിയുള്ള ഒരു ചെറുപ്പക്കാരന്റെയും കഥയാണ് പറയുന്നത്. തമിഴ് തൊഴിലാളി കുടുംബത്തിലെ മകനായി കലൈവരസനും കാഴ്ച പരിമിതയുള്ള ചെറുപ്പക്കാരനായി ബാലു വര്‍ഗീസുമാണ് അഭിനയിച്ചിട്ടുള്ളത്. ബാലുവര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മയായാണ് ഉര്‍വശി ഈ സിനിമയിലെത്തുന്നത്.

content highlights; Urvashi talks about her favorite comedy movie

We use cookies to give you the best possible experience. Learn more