| Tuesday, 20th July 2021, 4:47 pm

പ്രസവിച്ചതിന് ശേഷമാണ് ആ വേദന എന്താണെന്ന് മനസ്സിലായത്, ഇത്രയും നാളും സിനിമയിലഭിനയിച്ചത് പൊട്ടത്തരമാണല്ലോയെന്ന് തോന്നി; ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: അഭിനയത്തിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചുരുക്കം ചില നടിമാരിലൊരാളാണ് ഉര്‍വശി. ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ഉര്‍വശി മികച്ച കഥാപാത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

എന്നാല്‍ തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളല്ല സിനിമയില്‍ താന്‍ ചെയ്തതെന്ന് പറയുകയാണ് ഉര്‍വശി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി മനസ്സുതുറന്നത്.

‘എന്റെ പ്രായത്തിനൊത്തെ വേഷങ്ങള്‍ വളരെ കുറച്ച് മാത്രമെ ഞാന്‍ ചെയ്തിട്ടുള്ളു. 13 വയസ്സിലും ഞാന്‍ അമ്മ വേഷം ചെയ്തു. ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ കണ്ട കാര്യങ്ങള്‍ വെച്ചാണ് ഞാന്‍ അഭിനയിച്ചത്.

ഞാന്‍ പ്രസവിച്ചതിന് ശേഷമാണ് പ്രസവ വേദന എന്താണെന്ന് മനസ്സിലായത്. നമ്മള്‍ ഇത്രയും നാളും സിനിമയിലഭിനയിച്ചത് വെറും പൊട്ടത്തരമാണല്ലോ എന്ന് തോന്നിയത് അപ്പോഴാണ്.

സിനിമയില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ ഓരോ കാര്യങ്ങളോടും പ്രതികരിക്കുന്നതെന്ന് പിന്നീട് എനിക്ക് മനസ്സിലായി. അതിന് ഉദാഹരണമാണ് എന്റെ അനിയന്റെ മരണം.

അവന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത കേട്ടിട്ട് ഞാന്‍ നിശ്ചലമായി നില്‍ക്കുകയാണ്. എനിക്ക് കരച്ചില്‍ വന്നതേയില്ല. എന്താണ് പ്രതികരിക്കേണ്ടത് എന്നെനിക്കറിയില്ലായിരുന്നു.

ഒരു ഭാവവും എന്റെ മുഖത്തുണ്ടായിരുന്നില്ല. ഞാന്‍ കുറേ നേരം വെറുതെ ഇങ്ങനെ ഇരുന്നു. പല ചിന്തകളായിരുന്നു എന്റെ ഉള്ളില്‍. യഥാര്‍ത്ഥ ജീവിതത്തിലെ എക്‌സ്പ്രഷന്‍ ഒരിക്കലും നമുക്ക് സിനിമയില്‍ കൊടുക്കാന്‍ പറ്റില്ലെന്ന് പിന്നീട് എനിക്ക് മനസ്സിലായി,’ ഉര്‍വശി പറഞ്ഞു.

1983ല്‍ തന്റെ പതിമൂന്നാം വയസിലാണ് ഉര്‍വശി ആദ്യമായി നായികയായി അഭിനയിക്കുന്നത്. നായികയായി റിലീസായ ആദ്യ ചിത്രം 1983-ല്‍ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ഈ സിനിമ വന്‍ വിജയം നേടിയത് ഉര്‍വശിയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Urvashi Talks About Film Career

We use cookies to give you the best possible experience. Learn more