മറ്റുള്ളവരെ കളിയാക്കുന്നത് ഹ്യൂമറല്ലെന്ന് പറയുകയാണ് നടി ഉര്‍വശി. ഇന്ന് അതൊക്കെ ബോഡി ഷെയ്മിങ്ങ് ആണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ തനിക്ക് സന്തോഷമാണ് തോന്നാറുള്ളതെന്നും താരം പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി. താന്‍ ഏതെങ്കിലും ഒരു ചാനലില്‍ പ്രോഗ്രാമിന് ജഡ്ജായി ഇരിക്കുമ്പോള്‍ അത്തരത്തിലുള്ള കോമഡികള്‍ വന്നാല്‍ മാര്‍ക്കിടില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
‘ഒരു മുടന്തനെ നോക്കി പോടാ ഞൊണ്ടിയെന്ന് വിളിക്കുന്നത് ഒരിക്കലും ഹ്യൂമറല്ല. ഇന്ന് അതൊക്കെ ബോഡി ഷെയ്മിങ്ങ് ആണെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നാറുള്ളത്. ഞാന്‍ ഒരു ചാനലില്‍ പ്രോഗ്രാമിന് ഇരിക്കുമ്പോള്‍ അത്തരത്തിലുള്ള കോമഡികള്‍ വന്നാല്‍ മാര്‍ക്കിടില്ല. പകരം അതിന് വട്ടപൂജ്യമിട്ടു വെയ്ക്കും. ഞാന്‍ പരിപാടിയില്‍ ജഡ്ജായി ഇരിക്കുമ്പോള്‍ പലപ്പോഴും അവരുടെ ടെന്‍ഷന്‍ അതാണ്.
അതുപോലെ അടുത്തിരിക്കുന്നവനെ കാക്കയെന്നോ കുരങ്ങെന്നോ വിളിച്ചാല്‍ ഞാന്‍ മാര്‍ക്ക് കുറക്കുമെന്ന് ആദ്യമേ പറയാറുണ്ട്. ഒരാള്‍ക്ക് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വഴിയൊന്നും കിട്ടാതെ വരുമ്പോള്‍ അടുത്തുള്ള ആളെ കളിയാക്കാമോ. അത് കേള്‍ക്കുന്ന അവന്റെ മക്കള്‍ക്ക് വിഷമം വരില്ലേ. ഞാന്‍ ഇതൊന്നും അനുവദിക്കുകയേയില്ല. അത്തരം ഹ്യൂമര്‍ കുറയണമെന്നാണ് എന്റെ ആഗ്രഹം,’ ഉര്‍വശി പറഞ്ഞു.
സിനിമയില്‍ എപ്പോഴും നായകന് കളിയാക്കാനും തലക്ക് കൊട്ടാനും ഒരു കൊമേഡിയന്‍ ഉണ്ടാകുമെന്നും എന്നാല്‍ താന്‍ അത് ചെയ്യില്ലെന്നും ഉര്‍വശി അഭിമുഖത്തില്‍ പറയുന്നു.
‘മറ്റുള്ളവരെ വേദനിപ്പിക്കാതെ ഹ്യൂമര്‍ ചെയ്യുന്നത് ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ഹാസ്യമെന്ന വാക്കില്‍ എപ്പോഴും പരിഹാസമെന്ന വാക്ക് കൂടെ കിടപ്പുണ്ട്. അടുത്തുള്ളവരെ കളിയാക്കി കൊണ്ട് ചുറ്റുമുള്ള ആളുകളെ ചിരിപ്പിക്കരുത്. അതാണ് നമ്മള്‍ ഇന്ന് പലപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സിനിമയില്‍ ഹീറോക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലക്ക് കൊട്ടാനും ഒരു കൊമേഡിയന്‍ ഉണ്ടാകും.
പക്ഷെ ഞാന്‍ അങ്ങനെ ചെയ്യില്ല. ഞാന്‍ ഒരു കാലത്തും അത് ചെയ്തിട്ടില്ല. ആര്‍ക്കും വേദനിക്കാത്ത തമാശകള്‍ മാത്രമേ ഞാന്‍ പറയുകയുള്ളൂ. കാരണം, അയാള്‍ ഒരു കൊമേഡിയനാണെങ്കിലും അയാളുടെ വീട്ടില്‍ അയാള്‍ തന്നെയാണ് രാജാവ്. അയാളുടെ മക്കളുടെ മുമ്പില്‍ അയാളാണ് ഹീറോ. അപ്പോള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ചിന്തിക്കണം,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi Talks About Body Shaming