Entertainment
മമ്മൂക്കയെയും ലാലേട്ടനെയും ഒഴിവാക്കിയുള്ള ചരിത്രം മലയാള സിനിമക്കില്ല; എന്നാല്‍ എന്റെ ഇഷ്ടനടന്‍ മറ്റൊരാള്‍: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 11, 03:09 am
Tuesday, 11th February 2025, 8:39 am

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് അവര്‍. ഒരു ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി ആറ് തവണയാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്.

ഇപ്പോള്‍ തന്റെ ഇഷ്ട നായകന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഉര്‍വശി. ഇഷ്ട നായകനെ കുറിച്ച് ചോദിച്ചാല്‍ പറയാന്‍ ഒരുപാട് പേരുണ്ടെന്നും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരാണ് ആദ്യമായി മനസിലേക്ക് വരുന്നതെന്നും നടി പറയുന്നു.

എന്നാല്‍ എക്കാലത്തെയും തന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണെന്നും ഒരു നായകനെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക് വരുന്നത് അദ്ദേഹത്തിന്റെ മുഖമാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

ഒരു നായകന്റെ കെട്ടുകാഴ്ചകളൊന്നും ആവശ്യമില്ലെന്ന് തെളിയിച്ച നടനാണ് അദ്ദേഹമെന്നും അവര്‍ പറയുന്നു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘എന്റെ ഇഷ്ട നായകന്‍ ആരാണെന്ന് ചോദിച്ചാല്‍, പറയാന്‍ ഒരുപാട് പേരുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസിലേക്ക് വരുന്നത്. അവരെ ഒഴിവാക്കിയുള്ള ഒരു ചരിത്രം മലയാള സിനിമക്ക് ഇല്ലല്ലോ. റെയില്‍പാളങ്ങള്‍ പോലെ പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയാത്ത രണ്ട് ശക്തികള്‍ ആണ് മമ്മൂട്ടിയും മോഹന്‍ലാലും.

എന്നാല്‍ എക്കാലത്തെയും എന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണ്. ഒരു നായകനെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക് വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ്. ഞാന്‍ ഗോപിമാമ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. ഒരു നായകന്റെ കെട്ടുകാഴ്ചകള്‍ ഒന്നും ആവശ്യമില്ലെന്ന് തെളിയിച്ച നടന്‍.

ഞാന്‍ ആദ്യമായി മലയാളത്തില്‍ നായികയായ എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി എന്ന ചിത്രത്തില്‍ എന്റെ അച്ഛനായിട്ട് ഗോപിമാമ അഭിനയിച്ചിട്ടുണ്ട്. വേണുനാഗവള്ളി സംവിധാനം ചെയ്ത ഭാര്യ സ്വന്തം സുഹൃത്ത് എന്ന ചിത്രത്തിലാണ് ഞാനും ഗോപി മാമനും അവസാനമായി ഒന്നിച്ചു അഭിനയിച്ചത്,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi Talks About Bharath Gopi