ആ നടന്‍ നാച്ചുറല്‍ ആക്ടിങ്ങിന്റെ ആള്‍; സാരിയുടുത്ത് അഭിനയിക്കാന്‍ പഠിപ്പിച്ചത് അദ്ദേഹം: ഉര്‍വശി
Entertainment
ആ നടന്‍ നാച്ചുറല്‍ ആക്ടിങ്ങിന്റെ ആള്‍; സാരിയുടുത്ത് അഭിനയിക്കാന്‍ പഠിപ്പിച്ചത് അദ്ദേഹം: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th December 2024, 8:54 am

ഉര്‍വശിയും നടന്‍ ഭാഗ്യരാജും ഒന്നിച്ച് 1983ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു മുന്താനൈ മുടിച്ച്. ഭാഗ്യരാജ് തന്നെയായിരുന്നു ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. സിനിമയില്‍ ‘പരിമളം’ എന്ന കഥാപാത്രമായിട്ടായിരുന്നു ഉര്‍വശി എത്തിയത്.

ഗ്രാമത്തിലെ സ്‌കൂളില്‍ അധ്യാപകനായി എത്തുന്ന നായകനെ (ഭാഗ്യരാജ്) ഇഷ്ടപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്യുന്ന കഥാപാത്രമായിരുന്നു ഉര്‍വശിയുടേത്. നായകന്റെ രണ്ടാം ഭാര്യയായിരുന്നു ആ കഥാപാത്രം. ഈ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉര്‍വശിക്ക് പതിമൂന്ന് വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പരിമളം എന്ന കഥാപാത്രം തന്റെ ചേച്ചിയായ കലാരഞ്ജിനി ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അവസാന നിമിഷം അത് താന്‍ ചെയ്യുകയായിരുന്നെന്നും പറയുകയാണ് ഉര്‍വശി. ഭാഗ്യരാജ് നാച്ചുറല്‍ ആക്ടിങ്ങിന്റെ ആളാണെന്നും അദ്ദേഹമാണ് തനിക്ക് സാരിയുടുത്ത് അഭിനയിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തന്നതെന്നും നടി പറയുന്നു. ഗലാട്ട പ്ലസില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘എന്റെ ആദ്യ സിനിമ ഭാഗ്യരാജ് സാറിന്റെ കൂടെയായിരുന്നു. കല ചേച്ചി അഭിനയിക്കേണ്ട സിനിമയായിരുന്നു അത്. അവസാന നിമിഷം അത് എന്നോട് ചെയ്യാന്‍ പറയുകയായിരുന്നു. ആ സമയത്ത് ചേച്ചി സിനിമകള്‍ ചെയ്ത് ആകെ തിരക്കിലായിരുന്നു.

ഭാഗ്യരാജ് സാര്‍ നാച്ചുറല്‍ ആക്ടിങ്ങിന്റെ ആളാണ്. അദ്ദേഹമാണ് എനിക്ക് സാരിയുടുത്ത് അഭിനയിക്കുന്നത് എങ്ങനെയെന്ന് പറഞ്ഞു തന്നത്. അദ്ദേഹം പറഞ്ഞു തരുന്നു, ഞാന്‍ അഭിനയിക്കുന്നു. അഥവാ എന്നെ വഴക്ക് പറഞ്ഞാല്‍ ഞാന്‍ അടുത്ത ട്രെയിനില്‍ കയറി തിരികെ പോവും.

അങ്ങനെയാണ് ഞാന്‍ ആ സിനിമ മുഴുവന്‍ അഭിനയിച്ച് തീര്‍ത്തത്. ‘എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തന്നെ പടം പാതിയിലാക്കി വീട്ടിലേക്ക് പോകും’ എന്നായിരുന്നു ഭാഗ്യരാജ് സാര്‍ ദേഷ്യത്തോടെ പറയാറുള്ളത്. അതുകൊണ്ട് എന്നെ ആരും ശല്യപ്പെടുത്താറില്ലായിരുന്നു.

പാര്‍വതിയൊക്കെ (പാര്‍വതി തിരുവോത്ത്) ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് അതിനെ പറ്റി നന്നായി പഠിക്കും. പക്ഷെ ഞാന്‍ അങ്ങനെയല്ല. വളരെ മോശം സ്റ്റുഡന്റാണ്,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi Talks About Bhaghyaraj