മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ബേസില്‍ ജോസഫ്. അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ തന്റെ കഴിവ് തെളിയിക്കാന്‍ ബേസിലിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ ഒരു ബ്രില്ല്യന്റ് ആക്ടര്‍ ആണ് ബേസില്‍ ജോസഫെന്ന് ഉര്‍വശി പറയുന്നു. ശ്രീനിവാസന്റെ പിന്‍ഗാമി എന്ന് പറയാന്‍ കഴിയുന്ന നായകനാണ് ബേസിലെന്നും ഇന്നുള്ളതില്‍ മികച്ച നടന്‍മാര്‍ ബേസില്‍ ജോസഫും ഫഹദ് ഫാസിലും ആണെന്ന് ഉര്‍വശി കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘ഒരു ബ്രില്ല്യന്റ് ആക്ടര്‍ എന്ന് പറയാന്‍ കഴിയുന്നത് ബേസില്‍ ജോസഫാണ്. ശ്രീനിയേട്ടന്റെ പിന്‍ഗാമി എന്ന് ബേസിലിനെ പറയാം. ഫഹദ് ഫാസിലും ബേസില്‍ ജോസഫും ഇന്നുള്ളതില്‍ വളരെ കഴിവുള്ളവരാണ്. മറ്റുള്ളവര്‍ അല്ല എന്നല്ല. ബാക്കിയുള്ള എല്ലാവരും തന്നെ കഴിവുള്ളവരാണ്. ആരെയും നമ്മള്‍ കുറച്ചു കാണരുതല്ലോ. ഓരോരുത്തരും ഓരോ രീതിയാണല്ലോ.
പിന്നെ പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ഉള്ളില്‍ മികച്ച സംവിധായകനുണ്ടെന്നും അദ്ദേഹം ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണല്ലോ. ലാലേട്ടനും മമ്മൂക്കക്കും ശേഷം വന്ന ഒരുപാട് നടന്‍മാര്‍ ഓള്‍ റൗണ്ടര്‍സ് ആയിട്ട് ഇവിടെ വരുന്നതാണ്. മമ്മൂക്കക്കും മോഹന്‍ലാലിനും കിട്ടുന്നൊരു സ്റ്റാര്‍ഡം ഇപ്പോള്‍ കിട്ടുന്നത് ഫഹദ് ഫാസിലിനാണ്,’ ഉര്‍വശി പറയുന്നു.
മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയുടെ ഇരുമ്പ് തൂണാണെന്നും ഉര്‍വശി പറയുന്നു. അവര്‍ തങ്ങളുടെ കഴിവുകൊണ്ടും അര്‍പ്പണ ബോധം കൊണ്ടും ഉയരത്തില്‍ വന്നു കഴിഞ്ഞെന്നും ഇനി അവരെ വിമര്‍ശിക്കുകയോ അവരുടെ പെര്‍ഫോമന്‍സിനെ എടുത്ത് പറയുകയോ വേണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
‘മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ ഉയരത്തില്‍ എത്തിക്കഴിഞ്ഞു. അവരുടെ കഴിവുകൊണ്ടും അര്‍പ്പണ ബോധം കൊണ്ടും അവര്‍ അവിടെ വന്നു കഴിഞ്ഞു. അവരെ ഇനി വിമര്‍ശിക്കുകയോ പെര്‍ഫോമന്‍സ് എടുത്ത് പറയുകയോ വേണ്ട അവര്‍ മലയാള സിനിമയുടെ രണ്ട് ഇരുമ്പ് തൂണുകളാണ്,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi talks About Basil Joseph