ഇന്ത്യന്‍ സിനിമയില്‍ നായികാ പ്രാധാന്യമുള്ള സിനിമകള്‍ പണ്ടുള്ളതിനെക്കാള്‍ കുറവാണെന്ന് പറയുകയാണ് ഉര്‍വശി. താന്‍ സിനിമയെലത്തുന്നതിന് മുമ്പ് നായികമാര്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഒരുപാട് വന്നിരുന്നുവെന്ന് ഉര്‍വശി പറഞ്ഞു. കെ.ആര്‍. വിജയ, സാവിത്രി തുടങ്ങിയവരുടെ സിനിമകള്‍ക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
ഹേമമാലിനി, ശ്രീദേവി എന്നിവര്‍ക്ക് വേണ്ടി മാത്രം പല സിനിമകളും ഉണ്ടായിട്ടുണ്ടെന്നും ഉര്‍വശി പറഞ്ഞു. എന്നാല്‍ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അത്തരം സിനിമകളുടെ സീസണ്‍ അവസാനിച്ചെന്നും പിന്നീട് അതുപോലെ സിനിമകള്‍ വന്നത് കുറഞ്ഞെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. അങ്ങനെയിരുന്ന സമയത്താണ് വിജയശാന്തി എന്ന നടി സിനിമയിലേക്ക് കടന്നുവന്നതെന്നും നായകന് ചെയ്യാന്‍ കഴിയുന്ന എല്ലാം തനിക്കും കഴിയുമെന്ന് പലരെയും കാണിച്ചതെന്നും ഉര്‍വശി പറഞ്ഞു.
ആക്ഷന്‍ റോളുകളില്‍ വിജയശാന്തിയെ വെല്ലാന്‍ അന്ന് ആരുമുണ്ടായിരുന്നില്ലെന്ന് ഉര്‍വശി കൂട്ടിച്ചേര്‍ത്തു. വിജയശാന്തിക്ക് ശേഷവും ബോള്‍ഡായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതില്‍ പലതും മോശമായിട്ടായിരുന്നു ചിത്രീകരിച്ചതെന്നും ഉര്‍വശി പറഞ്ഞു.
ചില നടിമാരെ അഹങ്കാരിയായ സ്ത്രീ കഥാപാത്രങ്ങളായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടെന്നും ഉര്‍വശി അഭിപ്രായപ്പെട്ടു. ഒരു നടിയെ പ്രധാന കഥാപാത്രമാക്കി ഒരു ആക്ഷന്‍ സിനിമ ചെയ്യുന്നത് നല്ലതാണെന്നും ഉര്‍വശി പറഞ്ഞു. ഗലാട്ടാ പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘സ്ത്രീ പ്രാധാന്യമുള്ള സിനിമകള്‍ ഇന്ത്യന്‍ സിനിമയില്‍ വരാറില്ലെന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഞാന്‍ സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ പല സിനിമകളും അത്തരത്തില്‍ വന്നിട്ടുണ്ടായിരുന്നു. കെ.ആര്‍. വിജയാമ്മ, സാവിത്രിയമ്മ, കര്‍പ്പകം ഇവരൊക്കെ അന്നത്തെ വലിയ സ്റ്റാറുകളായിരുന്നു. ഞാന്‍ സിനിമയിലെത്തിയതിന് ശേഷവും അത് തുടര്‍ന്നിരുന്നു. ഹേമമാലിനിക്കും ശ്രീദേവിക്കും വേണ്ടി മാത്രം കഥകള്‍ ഉണ്ടാക്കാന്‍ ആളുകള്‍ തയാറായിരുന്നു.
എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇതിന്റെയൊക്കെ സീസണ്‍ പെട്ടെന്ന് അവസാനിച്ചു. പിന്നീട് ഒന്നോ രണ്ടോ സിനിമകള്‍ മാത്രം അങ്ങനെ റിലീസാകാന്‍ തുടങ്ങി. ആ സമയത്താണ് വിജയശാന്തിയുടെ കടന്നുവരവ്. ഹീറോയ്ക്ക് ചെയ്യാന്‍ പറ്റുന്ന എല്ലാം തന്നെക്കൊണ്ടും ചെയ്യാന്‍ പറ്റുമെന്ന് തെളിയിച്ചത് വിജയശാന്തിയായിരുന്നു. ആക്ഷന്‍ റോളുകളില്‍ അവരെ വെല്ലാന്‍ ആരുമുണ്ടായിരുന്നില്ല.
വിജയശാന്തിക്ക് ശേഷം പിന്നെ അങ്ങനെയാരും വന്നിട്ടില്ല. പിന്നീട് ബോള്‍ഡായിട്ടുള്ള കഥാപാത്രങ്ങള്‍ പലതും സിനിമയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ പലതും അഹങ്കാരിയായിട്ടാണ് ചിത്രീകരിച്ചത്. ചില നടിമാരെ അത്തരം കഥാപാത്രങ്ങളായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു സിനിമ കൊമേഴ്‌സ്യലി ശ്രദ്ധിക്കപ്പെടണമെങ്കില്‍ ആക്ഷന്‍ സീനുകള്‍ വേണമെന്നാണ് ചിലരുടെ ചിന്ത. അത്തരത്തില്‍ ഒരു കഥയില്‍ ഒരു നടിയെ കൊണ്ടുവന്ന് കാസ്റ്റ് ചെയ്ത് വിജയിപ്പിച്ചാല്‍ നല്ലതായിരിക്കും,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi talks about actress Vijayashanti