മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. വിവിധ ഭാഷകളിലായി വ്യത്യസ്ത സിനിമകളിലൂടെ ഞെട്ടിച്ചിട്ടുള്ള ഉർവശി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ഉള്ളൊഴുക്ക് എന്ന ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
മലയാളത്തിൽ വലിയ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രമാണ് സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധ. മോഹൻലാൽ, ജഗതി ശ്രീകുമാർ, മാധൂ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ഉർവശിയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
എന്നാൽ അന്ന് നേപ്പാൾ വരെ പോയി വർക്ക് ചെയ്യാൻ കഴിയാത്തത് കൊണ്ട് ചിത്രത്തോട് ആദ്യം നോ പറഞ്ഞിരുന്നുവെന്നും ഒരു അതിഥി വേഷമുണ്ടെന്ന് പറഞ്ഞപ്പോഴാണ് ചിത്രത്തിലെ വേഷം അവതരിപ്പിക്കുന്നതെന്നും ഉർവശി പറയുന്നു. എന്നാൽ ആ കഥാപാത്രം ഇത്രയും നന്നാവുമെന്ന് താൻ കരുതിയില്ലെന്നും ഉർവശി പറഞ്ഞു.
‘യോദ്ധയുടെ സംവിധായകൻ സംഗീത് ശിവന്റെ ആദ്യത്തെ സിനിമ വ്യൂഹത്തിൽ ഞാൻ അഭിനയിച്ചിരുന്നു. ഞാനും രഘുവരനുമായിരുന്നു അതിലെ അഭിനേതാക്കൾ.
അവരുടെ സെക്കന്റ് ഫിലിം ആയിരിന്നു യോദ്ധാ. എന്നാൽ ആ സമയത്ത് ഞാൻ നല്ല തിരക്കിലായതുകൊണ്ട് നേപ്പാൾ വരെ പോയി വർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതുകൊണ്ട് ഞാൻ അതിൽ നിന്ന് പിന്മാറി. പക്ഷെ അതൊരു പരിഭവമായി അവർ കൊണ്ടുനടന്നത് കൊണ്ട് ഞാൻ എറണാകുളത്ത് പോകുന്ന വഴിക്ക് ഷൊർണൂർ ഇറങ്ങി.
ഞാൻ എന്നിട്ട് സത്യാവസ്ഥ പറഞ്ഞു. എനിക്ക് തിരക്കായതുകൊണ്ടാണെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു, എന്നാൽ ഇതിലൊരു ഗസ്റ്റ് റോളുണ്ട് അത് അഭിനയിച്ചിട്ട് പോയ്ക്കോള്ളാൻ പറഞ്ഞു. അന്ന് അവിടെ നിന്ന് രാത്രി വരെ വർക്ക് ചെയ്തു. പിറ്റേന്ന് വെളുപ്പിന് എറണാകുളത്തേക്ക് പോയി.
സത്യത്തിൽ ആ ക്യാരക്ടർ അത്രയും നന്നാവുമെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോഴും ആളുകൾ സംസാരിക്കുമ്പോൾ ഞാൻ ഓർക്കും അത് വലിയ സംഭവമായിട്ട് പറയാറുണ്ട്. പക്ഷെ എനിക്കങ്ങനെ ഒന്നും തോന്നിയിട്ടേയില്ല,’ ഉർവശി പറയുന്നു.