| Thursday, 28th December 2023, 12:46 pm

'പകരം വെക്കാനില്ലാത്ത മനുഷ്യ സ്‌നേഹി, തങ്കച്ചി എന്നല്ലാതെ എന്റെ പേരൊരിക്കലും വിളിച്ചിട്ടില്ല,' വിജയകാന്തിനെ ഓർത്ത് ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പകരം വെക്കാനില്ലാത്ത മനുഷ്യസ്നേഹിയായ വിജയകാന്തിന്റെ മരണം എല്ലാവരെയും പോലെ തന്നെയും ബാധിച്ചിട്ടുണ്ടെന്ന് നടി ഉർവശി.

അദ്ദേഹം തന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയിരുന്നെന്നും ഒരിക്കൽ പോലും ഉർവശി എന്ന് തന്നെ വിളിച്ചിട്ടില്ലെന്നും തങ്കച്ചി എന്നാണ് വിളിക്കാറെന്നും വിജയകാന്തിനെ അനുസരിച്ച് ഉർവശി പറഞ്ഞു. ഏഷ്യാനെറ്റ്‌ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഉർവശി.

‘ഞാൻ വിജയകാന്തിനെ കാണുന്നത് കല ചേച്ചിയെ കൂടെ വർക്ക്‌ ചെയ്യുന്ന സമയത്താണ്. അഭിനയിച്ചു തുടങ്ങിയ സമയത്ത് ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. ഞങ്ങളൊടൊക്കെ വലിയ വാത്സല്യമായിരുന്നു. കുടുംബത്തിലെ ഒരാളെ പോലെയായിരിന്നു. തങ്കച്ചി എന്നല്ലാത്ത ഉർവശി എന്നൊരിക്കലും എന്നെ വിളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജോഡിയായി അഭിനയിക്കാൻ വലിയ പ്രയാസമായിരുന്നു. അദ്ദേഹത്തിന്റെ പ്രൊഡക്ഷനിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.

അത് തുടങ്ങുന്നത് തന്നെ അദ്ദേഹത്തിന് ഇഷ്ടമുള്ളവരെയും പഴയ നാടക അഭിനേതാക്കളെയും സാമ്പത്തികമായി മോശം അവസ്ഥയിൽ നിൽക്കുന്നവർക്കും അവസരം നൽകുക ഭക്ഷണം നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് വേണ്ടി മാത്രാമായിരുന്നു. മനുഷ്യ സ്നേഹിയായ ഒരു നടൻ. തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയും യഥാർത്ഥത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹം നടനായിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

രാഷ്ട്രീയക്കാരനായതിന് ശേഷം വിജയ് ഇത്ര സജീവമായെന്ന് വളരെ താമസിച്ചാണ് ഞാൻ അറിയുന്നത്. അതിനുമുമ്പും രാഷ്ട്രീയപ്രവർത്തനം ഉണ്ടെങ്കിലും സിനിമയിലേക്ക് അദ്ദേഹം അത് കൊണ്ടുവന്നിട്ടില്ല. എത്രയോപേർക്ക് വേണ്ടി വിജയ് അണ്ണനോട്‌ ഞാൻ സംസാരിച്ചിട്ടുണ്ട്. അവരുടെ പ്രയാസങ്ങൾക്ക് വേണ്ടി, ആശുപത്രി ചിലവുകൾക്ക്‌ വേണ്ടിയെല്ലാം. ഒന്നിന് പോലും അദ്ദേഹം നോ എന്ന് പറഞ്ഞിട്ടില്ല. അപ്പോൾ തന്നെ അത് എങ്ങനെ സാധിച്ചു കൊടുക്കാം എന്നാണ് അദ്ദേഹം നോക്കാറുള്ളത്.

ഒരിക്കൽ രാത്രി രണ്ടുമണിക്ക് ഒരു ലേഡി ആർട്ടിസ്റ്റിന്റെ പ്രശ്നം പറഞ്ഞു ഞാൻ വിളിച്ചു, അദ്ദേഹം അന്ന് ഒരുമണിക്കാണ് വന്ന് കിടന്നത്. പക്ഷെ ഞാൻ വിളിച്ചപ്പോൾ തന്നെ പുറപ്പെട്ട് വന്ന് അവർക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തു.

സിനിമയിലും പുറത്തുമൊക്കെയായി എത്രയോ കുടുംബങ്ങളും അവരുടെ ആവശ്യവുമായി വന്നവരുമെല്ലാം വിജയ്ക്കായി പ്രാർത്ഥിക്കാൻ ഉള്ളത് കൊണ്ടാണ് അദ്ദേഹത്തിന്റെ ജീവൻ നില നിന്നത് എന്ന് വേണം പറയാൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാനും അദ്ദേഹത്തിന്റെ വിശേഷങ്ങളും അസുഖങ്ങളും എല്ലാം തിരക്കുമായിരുന്നു. പ്രതീക്ഷിച്ച സംഭവമായത് കൊണ്ട് തന്നെ പകരം വെക്കാൻ ഇല്ലാത്ത ഒരു മനുഷ്യ സ്നേഹിയുടെ മരണം എല്ലാവരെയും പോലെ എന്നെയും ബാധിച്ചിട്ടുണ്ട്,’ഉർവശി പറയുന്നു.

ഇന്ന് കാലത്താണ് നടനും ഡി. എം. ഡി. കെ നേതാവുമായ വിജയകാന്ത് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം.

Content Highlight: Urvashi Talk About Vijayakanth

We use cookies to give you the best possible experience. Learn more