മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. വിവിധ ഭാഷകളിലായി വ്യത്യസ്ത സിനിമകളിലൂടെ ഞെട്ടിച്ചിട്ടുള്ള ഉർവശി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തിയ ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
സത്യൻ അന്തിക്കാട് – ഉർവശി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. തലയണമന്ത്രം, പൊന്മുട്ടയിടുന്ന താറാവ്, മഴവിൽ കാവടി തുടങ്ങിയ സത്യൻ ചിത്രങ്ങളിൽ നായികയായി എത്തിയത് ഉർവശി ആയിരുന്നു.
സത്യൻ അന്തിക്കാടിന്റെ സിനിമകൾ ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്നും ഇഷ്ടമുള്ള പോലെ ഡയലോഗ് പറയാൻ അദ്ദേഹം സ്വാതന്ത്ര്യം തരുമെന്നും ഉർവശി പറയുന്നു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു ഉർവശി.
‘സത്യേട്ടന്റെ പടങ്ങൾ ചെയ്യുന്നത് എനിക്കിഷ്ടമാണ്. സത്യേട്ടനെ എനിക്ക് വലിയ വിശ്വാസമാണ്. ഡയലോഗ് ഉർവശി പറയുന്ന പോലെ പറഞ്ഞോ എന്ന് പറയുമ്പോൾ ഞാൻ എനിക്കിഷ്ടമുള്ള പോലെ പറയും.
അല്ലാതെ നിങ്ങൾ ഇവിടെ വന്ന് നിൽക്കു, എന്നിട്ടൊരു മൂന്ന് പല്ല് കാണിച്ച് ചിരിക്കു, കൈ ഇങ്ങനെ വെക്കുവെന്നെല്ലാം പറഞ്ഞാൽ ആ മൂന്ന് പല്ലും കാണിച്ച് നിൽക്കാനേ പറ്റുള്ളൂ. അതല്ല അഭിനയം.
ആ ഒരു സംവിധായകന് എന്നോടുള്ള വിശ്വാസമാണത്. അവരുടെ മുന്നിൽ ഞാൻ എടുക്കുന്ന സ്വാതന്ത്ര്യം. അതെനിക്ക് അനുവദിച്ചു തന്നിട്ടുള്ളതാണ്. ഒരിക്കലും ഒരു സിനിമയിലെ ഷോട്ടിലും ഞാൻ കോൺഷ്യസായി അഭിനയിച്ചതായി എനിക്കോർമയില്ല,’ഉർവശി പറയുന്നു.