| Wednesday, 6th November 2024, 9:22 am

ഇന്ത്യയില്‍ ആദ്യമായി സ്ലോമോഷനില്‍ ഷൂട്ട് ചെയ്ത പാട്ട് എന്റെയാണ്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കമല്‍ ഹാസന്റെ തിരക്കഥയില്‍ സംഗീതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രമാണ് മൈക്കല്‍ മദന കാമ രാജന്‍. 1990ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ കമല്‍ ഹാസന്‍, ഉര്‍വശി, ഖുശ്ബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ ‘സുന്ദരി നീയും സുന്ദരന്‍ ഞാനും’ എന്ന ഗാനമാണ് ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സ്ലോമോഷനില്‍ ഷൂട്ട് ചെയ്ത പാട്ട്.

‘സുന്ദരി നീയും സുന്ദരന്‍ ഞാനും’ എന്ന ഗാനം ഷൂട്ട് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിലെ നായികയായ ഉര്‍വശി. ആ പാട്ട് സ്പീഡില്‍ പാടാന്‍ ആയിരുന്നു തന്നോട് പറഞ്ഞതെന്നും ആദ്യമെല്ലാം തനിക്ക് ചിരിയും നാണക്കേടും ആയിരുന്നെന്നും ഉര്‍വശി പറയുന്നു. കമല്‍ ഹാസനാണ് എങ്ങനെയായിരിക്കും സ്ലോമോഷന്‍ സ്‌ക്രീനില്‍ വരികയെന്ന് അഭിനയിച്ച് കാണിച്ച് തന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എം കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഇന്ത്യയില്‍ ആദ്യമായി സ്ലോമോഷനില്‍ ഷൂട്ട് ചെയ്ത പാട്ടാണ് ഞാനും കമല്‍ ഹാസനും അഭിനയിച്ച ‘സുന്ദരി നീയു സുന്ദരന്‍ ഞാനും’ എന്ന പാട്ട്. അന്നത്തെ ഫോര്‍ട്ടി ഏയ്റ്റ് ഫ്രെയിംസ് എന്ന് പറയുന്നത്, വളരെ സ്പീഡില്‍ പാട്ടിട്ട് അത്രയും സ്പീഡില്‍ പാടാന്‍ പറയും. അപ്പോള്‍ നമുക്ക് ചിരിവന്നുകൊണ്ടിരിക്കും. അയ്യേ ഇതെന്ത് ഏര്‍പ്പാടാണ് എന്ന് തോന്നും. ഇത്രയും സ്പീഡില്‍ പാടാന്‍ പറയുമ്പോള്‍ അയ്യോ ആളുകള്‍ എല്ലാം നില്‍ക്കുന്നു എന്നൊക്കെ ഓര്‍ത്തായിരുന്നു എനിക്ക് ടെന്‍ഷന്‍.

കമല്‍ സാര്‍ യഥാര്‍ത്ഥത്തില്‍ ഒരു ലെജന്റാണ്. അദ്ദേഹം സ്ലോമോഷന്‍ എന്താണെന്ന് മനസിലാക്കിയിട്ടുണ്ടായിരുന്നു. ചുമ്മാ ഫോര്‍ട്ടി ഏയ്റ്റ് ഫ്രെയിംസില്‍ സ്പീഡില്‍ പാടിയാല്‍ അത് സ്ലോമോഷന്‍ ആകും എന്നാണ് ചിന്തിച്ചുകൊണ്ടിരുന്നത്. സ്ലോമോഷന്‍ ആകും, അത് അതിന്റെ ടെക്നോളജിയാണ്.

പക്ഷെ കമല്‍ സാര്‍ സിനിമയില്‍ എങ്ങനെയായിരിക്കും സ്ലോമോഷന്‍ വരികയെന്ന് നമുക്ക് കാണിച്ച് തരും. അപ്പോള്‍ വായയെല്ലാം സ്പീഡില്‍ പാടുമ്പോള്‍ ഗോഷ്ടി ആകാതെ നോക്കണം, കയ്യുംകാലുമൊക്കെ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ ചെയ്തുവരുമ്പോള്‍ വൃത്തികേടാകും എന്നൊക്കെ അദ്ദേഹം പറഞ്ഞു തന്നു. ഒന്ന് രണ്ട് ഷോട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ഓക്കേ ആയി. എങ്ങനയാണെന്നൊക്കെ ഉള്ളത് മനസിലായി,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi Talk About Making Of ‘Sundhari NeeyumSundharan Njanum’ Song

We use cookies to give you the best possible experience. Learn more