ഉർവശി അഭിനയിക്കുന്ന വർഷം മറ്റൊരാൾക്കും അവാർഡ് കിട്ടില്ലെന്ന്‌ പറഞ്ഞ് അന്നവർ പുരസ്‌കാരം മാറ്റി നൽകി: ഉർവശി
Entertainment
ഉർവശി അഭിനയിക്കുന്ന വർഷം മറ്റൊരാൾക്കും അവാർഡ് കിട്ടില്ലെന്ന്‌ പറഞ്ഞ് അന്നവർ പുരസ്‌കാരം മാറ്റി നൽകി: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th June 2024, 4:20 pm

ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ വീണ്ടും ചർച്ചയാവുകയാണ് ഉർവശിയുടെ പ്രകടനം. വിവിധ ഭാഷകളിലായി നിരവധി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരമാണ് ഉർവശി. നിരവധി വട്ടം സംസ്ഥാന – ദേശീയ പുരസ്‌കാരങ്ങളിൽ മുത്തമിട്ട ഉർവശി ഒരിക്കൽ തനിക്ക് കിട്ടിയ സംസ്ഥാന അവാർഡിനെ കുറിച്ച് സംസാരിക്കുകയാണ്.

തനിക്ക് ഇതുവരെ സംസ്ഥാന അവാർഡുകൾ നിരസിക്കപ്പെട്ടിട്ടില്ലെന്നും തുടർച്ചയായി സംസ്ഥാന അവാർഡുകൾ കിട്ടിയപ്പോൾ ഒരു വർഷം വീണ്ടും താൻ മത്സരിക്കാൻ ഉള്ളതുകൊണ്ട് മറ്റൊരാൾക്ക്‌ അവാർഡ് നൽകിയെന്നും ഉർവശി പറയുന്നു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഉർവശി.

‘എനിക്ക് സ്റ്റേറ്റ് അവാർഡുകൾ ഒന്നും അങ്ങനെ നിരസിക്കപ്പെട്ടിട്ടില്ല. കാരണം നിങ്ങളൊക്കെ ഇങ്ങനെ ചാർത്തി തന്നതിന് ശേഷം എനിക്ക് നിവൃത്തിയില്ലാതെ അവാർഡ് തരേണ്ടി വന്നിട്ടുമുണ്ട്. തുടർച്ചയായി മൂന്ന് വർഷം കിട്ടിയിട്ട് നാലാമത്തെ വർഷം ജൂറി പറഞ്ഞു, ഉർവശി അഭിനയിക്കുന്ന സമയത്ത് വേറേ ആർക്കും കിട്ടത്തില്ല അതുകൊണ്ട് ഈ വർഷം മാറ്റി കൊടുക്കാമെന്നു പറഞ്ഞു.

പിന്നെ അഞ്ചാമത്തെ വർഷമാണ് എനിക്ക് തന്നത്. അപ്പോഴും നമുക്ക് പരാതിയൊന്നുമില്ല. നാഷണൽ അവാർഡിന് പോയപ്പോൾ അവിടുത്തെ ചില പ്രത്യേക വിഭാഗത്തിലെ പടം ചെയ്യുന്ന സംവിധായകർ, ഇവർ എന്തിനാണ് മൂന്നാംകിട സിനിമകൾക്കായി ഇവരുടെ പെർഫോമൻസ് വേസ്റ്റ് ചെയ്യുന്നതെന്ന് എന്നൊരു ചോദ്യം ചോദിച്ചു.

അതെന്നെ വല്ലാതെ വേദനിപ്പിച്ചു. കാരണം ആരും കാണാത്ത കുറച്ച് സിനിമകൾക്ക് വേണ്ടിയല്ല ഞാൻ അവാർഡ് സ്വീകരിച്ചിട്ടുള്ളത്. മഴവിൽ കാവടി മുതൽ അച്ചുവിന്റെ അമ്മ ഉൾപ്പെടെയുള്ളത് സാമ്പത്തികമായി വലിയ വിജയമായ ചിത്രങ്ങളാണ്. അതെന്നെ ഏറ്റവും നന്നായി സന്തോഷിപ്പിച്ചിട്ടുണ്ട്.

കാരണം പടം ചെയ്യുന്ന നിർമാതാവിന് നല്ലത് വരണമെന്ന് പ്രാർത്ഥിച്ചാണ് നമ്മൾ ഷോട്ടിന് നിൽക്കുന്നത്. അങ്ങനെയൊരു അഭിപ്രായം ഒരിക്കലും പാടില്ല. ജനകീയ സിനിമയെടുക്കുന്നത് നിസ്സാര കാര്യമല്ലല്ലോ,’ഉർവശി പറയുന്നു.

Content Highlight: Urvashi Talk About Kerala State Film Award