അഭിനയ മികവ് കൊണ്ട് എപ്പോഴും പ്രേക്ഷകരെ ഞെട്ടിക്കുന്ന നടിയാണ് ഉർവശി. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഈ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ ഉർവശിയെ പ്രേക്ഷകർ കണ്ടതാണ്. ദേശീയ, സംസ്ഥാന തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഉർവശി സൂപ്പർ ഹിറ്റ് ചിത്രങ്ങളായ സ്ഫടികത്തിലെയും യോദ്ധയിലെയും തന്റെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ്.
അന്നത്തെ തലമുറയേക്കാൾ ഇന്നുള്ളവരാണ് ആ കഥാപാത്രങ്ങളെ ആഘോഷിക്കുന്നതെന്ന് ഉർവശി പറയുന്നു. വളരെ കുറച്ച് സിനിമകൾക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് റീ റിലീസെന്നും സ്ഫടികത്തിന് ആ ഭാഗ്യമുണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു. മാധ്യമം മാഗസിനോട് സംസാരിക്കുകയായിരുന്നു ഉർവശി.
‘യോദ്ധയിലെ ദമയന്തിയെയും സ്ഫടികത്തിലെ തുളസിയെയും എല്ലാം അന്നത്തെ തലമുറയേക്കാൾ പുതിയ തലമുറയാണ് ആഘോഷിക്കുന്നത്. അത് ഇപ്പോഴും അത്ഭുതമാണ്. ഇന്നത്തെ തലമുറയോട് അതിൽ നന്ദിയുമുണ്ട്. കാരണം നിങ്ങൾ അത് കണ്ട്, നിരീക്ഷിച്ച്, വിമർശിച്ച് അഭിപ്രായം പറയുമ്പോൾ ആ കഥാപാത്രങ്ങളെല്ലാം വീണ്ടും ഓർമിക്കപ്പെടും.
എന്നും ഓർമകളിൽ ആ കഥാപാത്രങ്ങളുണ്ട് എന്നറിയുന്നതിൽ സന്തോഷം. സ്ഫടികം തന്നെ വീണ്ടും വർഷങ്ങൾക്കിപ്പുറം റീറിലീസ് ചെയ്തല്ലോ. വളരെക്കുറച്ച് സിനിമകൾക്ക് മാത്രമേ ഇത്തരം ഭാഗ്യം ലഭിക്കാറുള്ളൂ. പണ്ട് ചെയ്ത സിനിമകളെക്കുറിച്ച് ഇപ്പോഴും പ്രേക്ഷകർ സംസാരിക്കുന്നു എന്നതിലാണ് സന്തോഷം. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു സ്ഫടികത്തിലേത്.
ഒരു കഥാപാത്രത്തെ പോലെ മറ്റൊരു കഥാപാത്രത്തെ ചെയ്യുന്നതിൽ എനിക്ക് താത്പര്യമില്ല. സിനിമ സംവിധായകൻ്റെ ഉത്തരവാദിത്തമാണ്. സീനിയറായിട്ടുള്ള സംവിധായകർക്കൊപ്പവും ഇപ്പോഴത്തെ ജനറേഷനിലുള്ള സംവിധായകർക്കൊപ്പവും സിനിമ ചെയ്തിട്ടുണ്ട്. എല്ലാ സംവിധായകരും ഒരുപോലെയാണ്.
അന്ന് അധ്യാപകരെപ്പോലെയായിരുന്നു. ഇന്ന് നമ്മുടെ കൂടെ പഠിക്കുന്നവരെപ്പോലെ. അത്രയേ ഉള്ളൂ വ്യത്യാസം. ഓരോ കഥാപാത്രത്തിനും നമ്മുടേതായ ഇൻപുട്ട് കൊടുക്കാൻ ശ്രമിക്കാറുണ്ട്. അത് എല്ലാ ആർട്ടിസ്റ്റും ചെയ്യും. എന്നാൽ അതിൻ്റെ മീറ്റർ കൃത്യമായി അറിഞ്ഞിരിക്കണം എന്നുമാത്രം,’ഉർവശി പറയുന്നു.
Content Highlight: Urvashi Talk About Her Character Spadikam Movie