ആ ഷോട്ട് വീണ്ടുമെടുക്കാമെന്ന് മീര പറഞ്ഞപ്പോൾ എനിക്ക് പറ്റിയില്ല, എന്നെ കുഴപ്പത്തിലാക്കരുതെന്ന് ഞാൻ പറഞ്ഞു: ഉർവശി
Entertainment
ആ ഷോട്ട് വീണ്ടുമെടുക്കാമെന്ന് മീര പറഞ്ഞപ്പോൾ എനിക്ക് പറ്റിയില്ല, എന്നെ കുഴപ്പത്തിലാക്കരുതെന്ന് ഞാൻ പറഞ്ഞു: ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th June 2024, 7:57 am

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഉർവശി. വിവിധ ഭാഷകളിലായി വ്യത്യസ്ത സിനിമകളിലൂടെ ഞെട്ടിച്ചിട്ടുള്ള ഉർവശി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ഉർവശിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ എത്തുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

ഉർവശിയുടെ കരിയറിൽ ഗംഭീര തിരിച്ചുവരവ് സമ്മാനിച്ച ചിത്രമാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ. ഉർവശിയോടൊപ്പം മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയമാവുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിരുന്നു.

ചിത്രത്തിൽ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന ഒരു കോമഡി രംഗമാണ് പാചകം ചെയ്യുമ്പോൾ ഇംഗ്ലീഷ് പറയുന്ന ഉർവശിയുടെ രംഗം. ആ സീൻ ഷൂട്ട്‌ ചെയ്തതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് താരം. അങ്ങനെയൊരു സീൻ ഉണ്ടാവുമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിരുന്നുവെന്നും എന്നാൽ അതിനായി തയ്യാറെടുപ്പുകൾ ഒന്നും നടത്തിയില്ലെന്നും ഉർവശി പറയുന്നു.

എന്നാൽ അത് എടുത്ത് കഴിഞ്ഞ ശേഷം മീര ജാസ്മിൻ ഒരു തവണ കൂടെ എടുക്കാമെന്ന് പറഞ്ഞെന്നും എന്നാൽ തനിക്കത് വീണ്ടും ചെയ്യാൻ കഴിയില്ലായിരുന്നുവെന്നും ഉർവശി പറഞ്ഞു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘അങ്ങനെയൊരു സീൻ സത്യേട്ടൻ പറഞ്ഞിരുന്നു. ഇങ്ങനെയൊരു സീനാണ് എടുക്കാൻ പോവുന്നതെന്ന്. എന്തെങ്കിലും ഒരു കറി ഒരു പൊട്ട ഇംഗ്ലീഷിൽ പറഞ്ഞ് നോക്കുവെന്ന് പറഞ്ഞു. അപ്പോൾ ഞാൻ കരുതി ചുമ്മാ ഒരു വെണ്ടയ്ക്ക കറി ഉണ്ടാക്കുന്നത് പറയാമെന്ന്.

ആ സീൻ എടുക്കാനായി ഒട്ടും തയ്യാറല്ലായിരുന്നു ഞാൻ. അതിന് വേണ്ടി പ്രിപ്പേർ ചെയ്തിട്ടേയില്ല. അങ്ങനെയൊരു ടേക്ക് എടുത്ത് നോക്കാം ഉർവശി, നഷ്ടമൊന്നും വരില്ലല്ലോയെന്ന് സത്യേട്ടൻ പറഞ്ഞു. ശരിയായില്ലെങ്കിൽ നമുക്ക് വേറെയെടുക്കാമെന്ന് പറഞ്ഞു.

അങ്ങനെ എടുത്തു. പക്ഷെ ഒന്നൂടെ എടുക്കാമെന്ന് മീര പറഞ്ഞപ്പോൾ എനിക്കത് പറ്റിയില്ല. മീര പറഞ്ഞു, ഞാൻ ചേച്ചിയെ നോക്കി അങ്ങനെ നിന്ന് പോയി, നമുക്ക് ഒന്നൂടെഎടുക്കാമെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, എന്റെ കൊച്ചേ എന്നെ കുഴപ്പത്തിലാക്കരുത്.

ഒന്നൂടെ അത് എടുക്കണമെന്ന് പറഞ്ഞാൽ പിന്നെ എനിക്കൊന്നും വരില്ല. എന്നിട്ടാണ് പിന്നെ മീരേടെ സീനൊക്കെ ശ്രീബാല എഴുതമെന്ന് പറഞ്ഞിട്ട് അതിലേക്ക് ആഡ് ചെയ്യുന്നത്. അങ്ങനെയാണ് ആ സീൻ എടുത്തത്,’ഉർവശി പറയുന്നു.

 

 

Content Highlight: Urvashi talk about acahuvinte amma movie scenes