|

എന്നെ തമാശയ്ക്ക് തല്ലിയ ആ നടനോട് ലാലേട്ടന്‍ സീരിയസായി സംസാരിച്ചു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ മുരളിയെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. തനിക്ക് വളരെയധികം ആത്മബന്ധമുള്ള നടനാണ് മുരളിയെന്ന് ഉര്‍വശി പറഞ്ഞു. ‘കൊച്ചാട്ടന്‍’ എന്നായിരുന്നു താന്‍ മുരളിയെ വിളിച്ചിരുന്നതെന്നും അതിനുള്ള സ്വാതന്ത്ര്യം തനിക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

ഭരതത്തിന്റെ സെറ്റില്‍ താന്‍ മുരളിയെ ഇടയ്ക്ക് കളിയാക്കുമായിരുന്നെന്നും അദ്ദേഹം പലപ്പോഴും തന്നോട് ചെറുതായി ദേഷ്യപ്പെടുമായിരുന്നെന്നും ഉര്‍വശി പറഞ്ഞു. മുരളിയെ പേരെടുത്ത് വിളിച്ചിട്ട് പിന്നീട് ‘കൊച്ചാട്ടന്‍’ എന്ന് വിളിക്കുമെന്നും അദ്ദേഹത്തിന് അത് കേട്ട് ദേഷ്യം വരുമായിരുന്നെന്നും ഉര്‍വശി പറഞ്ഞു. ഒരുതവണ അങ്ങനെ വിളിച്ച് താന്‍ വേഗത്തില്‍ ഓടിയെന്നും പക്ഷേ മുരളി തന്റെ മുന്നില്‍ വന്ന് നിന്നെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം തന്നെ തമാശയ്ക്ക് ഒരുവിരല്‍ കൊണ്ട് തല്ലിയെന്നും താന്‍ പിന്നീട് ഷോട്ടിനായി പോയെന്നും ഉര്‍വശി പറഞ്ഞു. മോഹന്‍ലാലുമായായിരുന്നു തനിക്ക് സീനെന്നും ആ സമയത്ത് കൈയിലെ പാട് കണ്ട് അദ്ദേഹം എന്താണ് കാര്യമെന്ന് ചോദിച്ചെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. മുരളി തല്ലിയതാണെന്ന് താന്‍ മുഖത്ത് സങ്കടം വരുത്തിക്കൊണ്ട് പറഞ്ഞെന്നും മോഹന്‍ലാല്‍ അത് കേട്ട് മുരളിയെ ചോദ്യം ചെയ്‌തെന്നും ഉര്‍വശി പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘എനിക്ക് ഒരുപാട് സ്വാതന്ത്ര്യമുള്ള നടനാണ് മുരളി ചേട്ടന്‍. അദ്ദേഹത്തെ ഞാന്‍ ‘കൊച്ചാട്ടാ’ എന്നായിരുന്നു വിളിച്ചത്. അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. ഭരതത്തിന്റെ സെറ്റില്‍ ഏറ്റവും ഇളയ ആള്‍ ഞാനായിരുന്നു. കൊച്ചാട്ടനെ കളിയാക്കാന്‍ വേണ്ടി ‘മുരളി’ എന്ന് വിളിച്ച് കുറച്ച് സമയത്തിന് ശേഷം കൊച്ചാട്ടാ എന്ന് ചേര്‍ക്കും. അത് കേട്ട് പുള്ളിക്ക് ദേഷ്യം വരും. ‘നീ അടി വാങ്ങുമേ’ എന്ന് പറയുമെങ്കിലും അടിക്കില്ലായിരുന്നു.

ഒരുതവണ അതുപോലെ വിളിച്ചപ്പോള്‍ എന്നെ അടിക്കാന്‍ വേണ്ടി പുള്ളി എണീറ്റു. ഞാന്‍ അത് കണ്ട് ഓടി. പക്ഷേ, കൊച്ചാട്ടന്‍ എന്റെ മുന്നിലെത്തി. തമാശയ്ക്ക് പുള്ളി എന്റെ കൈയില്‍ ഒരു വിരല്‍ കൊണ്ട് ചെറുതായി അടിച്ചു. അപ്പോഴേക്ക് എനിക്ക് ഷോട്ടിന് ടൈമായി. അത് കഴിഞ്ഞ് നോക്കിയപ്പോള്‍ കൊച്ചാട്ടന്‍ തല്ലിയ ഭാഗം തിണര്‍ത്ത് ഇരുന്നു.

എന്റെ സ്‌കിന്‍ വളരെ സെന്‍സിറ്റീവായതുകൊണ്ട് ചെറുതായിട്ട് തൊട്ടാല്‍ പോലും പാട് വരും. അതാണ് സംഭവിച്ചത്. ‘എന്തുപറ്റി’ എന്ന് ലാലേട്ടന്‍ ചോദിച്ചപ്പോള്‍ മുഖത്ത് സങ്കടം വരുത്തിക്കൊണ്ട് മുരളിച്ചേട്ടന്‍ തല്ലിയതാണെന്ന് പറഞ്ഞു. ലാലേട്ടന്‍ അത് സീരിയസായി എടുത്തു. മുരളിച്ചേട്ടനെ ചോദ്യം ചെയ്തു. ആ ദിവസം മുഴുവന്‍ മുഖത്ത് സങ്കടം വരുത്തിക്കൊണ്ട് ഞാന്‍ ഇരുന്നു,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi shares the incident happed during Bharatham movie with Actor Murali