മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ഉര്‍വശി. ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളായ കമല്‍ ഹാസന്‍ പലപ്പോഴും ഉര്‍വശിയുടെ അഭിനയത്തെ പ്രശംസിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള സിനിമകളില്‍ പലപ്പോഴും കമല്‍ ഹാസന് മുകളില്‍ ഉര്‍വശി പെര്‍ഫോം ചെയ്തിട്ടുമുണ്ട്. കമല്‍ ഹാസന്റെ നായികയായി ഉര്‍വശി എത്തിയ ചിത്രമായിരുന്നു മൈക്കള്‍ മദന കാമരാജ്.
ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഉര്‍വശി. താനന്ന് ചെറിയ കുട്ടിയായിരുന്നെന്നും ചെറിയൊരു ഇടവേളക്ക് ശേഷം തമിഴിലേക്ക് എത്തിയ ചിത്രമായിരുന്നു അതെന്നും ഉര്‍വശി പറഞ്ഞു. സ്‌ക്രിപ്റ്റ് പഠിക്കുന്ന സ്വഭാവം തനിക്ക് ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ആ സിനിമക്കായി കമല്‍ ഹാസന്‍ ആക്ടിങ് വര്‍ക്ക്‌ഷോപ്പ് വരെ നടത്തിയിരുന്നെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
ഹോളിവുഡില്‍ മാത്രമേ ആ സമയത്ത് അത്തരം വര്‍ക്ക്‌ഷോപ്പുകള്‍ നടന്നിരുന്നുള്ളൂവെന്നും ആദ്യമായി ഇന്ത്യന്‍ സിനിമയില്‍ ആ രീതി കൊണ്ടുവന്നത് കമല്‍ ഹാസനായിരുന്നെന്നും ഉര്‍വശി പറഞ്ഞു. തനിക്ക് ഈ കാര്യങ്ങളൊന്നും അറിയില്ലായിരുന്നെന്നും മലയാളത്തിലേത് പോലെ സീന്‍ എടുക്കുമ്പോള്‍ നാച്ചുറലായി പെര്‍ഫോം ചെയ്യാന്‍ നോക്കിയെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ താനും കമല്‍ ഹാസനും തമ്മിലുള്ള സീനായിരുന്നു ആദ്യ ദിവസം എടുത്തതെന്നും പെട്ടെന്ന് തന്നെ അത് എടുത്തുകഴിഞ്ഞെന്നും ഉര്‍വശി പറഞ്ഞു.
വീട്ടില്‍ പോയി റെസ്റ്റ് എടുത്തിട്ട് അടുത്ത ദിവസം വരാന്‍ സംവിധായകന്‍ പറഞ്ഞെന്നും തമിഴില്‍ ഇത്രയേ ഉള്ളോ എന്ന് ആ സമയത്ത് വിചാരിച്ചെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. അടുത്ത ദിവസം അതേ സീന്‍ തന്നെയാണ് എടുക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിയെന്നും ഡയലോഗെല്ലാം മറന്നതുകൊണ്ട് തനിക്ക് അത് വീണ്ടും ചെയ്യാന്‍ പറ്റില്ലെന്ന് സംവിധായകനോട് പറഞ്ഞെന്നും ഉര്‍വശി പറഞ്ഞു.
കമല്‍ ഹാസന്‍ അത് കേട്ട് തന്നെ ഒരുപാട് വഴക്ക് പറഞ്ഞെന്നും അങ്ങനെ മറക്കാന്‍ പാടില്ലെന്ന് ഉപദേശിച്ചെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ആക്ഷന്‍ പറഞ്ഞതും താന്‍ വായില്‍ വന്നത് എന്തൊക്കെയോ പറഞ്ഞെന്നും കമല്‍ ഹാസന്‍ അത് കണ്ട് അന്തം വിട്ടെന്നും ഉര്‍വശി പറഞ്ഞു. തലേദിവസത്തെ അതേ ഡയലോഗ് തന്നെയാണ് താന്‍ പറഞ്ഞതെന്നും താനൊരു രാക്ഷസിയാണ്, തന്നെ സൂക്ഷിക്കണമെന്ന് അദ്ദേഹം സംവിധായകനോട് പറഞ്ഞെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘മൈക്കള്‍ മദന കാമരാജ് എന്ന സിനിമയില്‍ എന്റെ ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്തത് മറക്കാന്‍ പറ്റില്ല. ഒരു ലോഡ് ഫിലിമാണ് അന്ന് തീര്‍ന്നത്. മലയാലത്തില്‍ കുറച്ച് സിനിമകള്‍ ചെയ്തിട്ട് വീണ്ടും തമിഴിലേക്ക് പോയത് ആ സിനിമയിലേക്കായിരുന്നു. കമല്‍ സാറാണെങ്കില്‍ ആ പടത്തിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടി ആക്ടിങ് വര്‍ക്ക്‌ഷോപ്പൊക്കെ നടത്തിയിരുന്നു. അന്നത്തെ കാലത്ത് അതൊക്കെ ഹോളിവുഡില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെല്ലാം ഇന്ത്യയില്‍ ആദ്യമായി കൊണ്ടുവന്നത് അദ്ദേഹമാണ്.
എനിക്കാണെങ്കില്‍ ഇതൊന്നും അറിയില്ലായിരുന്നു. സീനെടുക്കുമ്പോള്‍ എന്താണോ തോന്നുന്നത് അതങ്ങ് പറയുക എന്നായിരുന്നു ലൈന്‍. ഫസ്റ്റ് ഡേ ഫസ്റ്റ് സീന്‍ ഞാനും കമല്‍ ഹാസനും തമ്മിലുള്ള കോമ്പോയായിരുന്നു. സിംഗിള്‍ ഷോട്ടായിരുന്നു. അത് ആദ്യത്തെ ടേക്കില്‍ തന്നെ ഓക്കെയായി. എന്നോട് വീട്ടില്‍ പോയി റെസ്റ്റ് എടുത്തിട്ട് അടുത്ത ദിവസം വന്നോളാന്‍ ഡയറക്ടര്‍ പറഞ്ഞു. തമിഴില്‍ ഇത്ര സിംപിളാണോ എന്ന് അപ്പോള്‍ ആലോചിച്ചു. പിറ്റേ ദിവസം ചെന്നപ്പോള്‍ അതേ സീനാണ് എടുക്കുന്നതെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി.
തലേദിവസം എന്തൊക്കെയാണ് ചെയ്തത്, എന്താണ് പറഞ്ഞത് എന്ന് ഓര്‍മയില്ല, ഇനി എടുക്കാന്‍ പറ്റില്ലെന്ന് ഡയറക്ടറോട് പറഞ്ഞു. അങ്ങനെ മറക്കാന്‍ പാടില്ലെന്നൊക്കെ പറഞ്ഞ കമല്‍ സാര്‍ എന്നെ ഉപദേശിച്ചു. ഡയറക്ടര്‍ ആക്ഷന്‍ പറഞ്ഞതും വായില്‍ വന്നതെല്ലാം ആ സീനില്‍ ഞാന്‍ പറഞ്ഞു.
കട്ട് പറഞ്ഞപ്പോള്‍ കമല്‍ സാര്‍ അന്തം വിട്ട് നിന്നു. ‘കള്ളീ, ഒന്നും ഓര്‍മയില്ലെന്ന് കള്ളം പറഞ്ഞതാണല്ലേ’ എന്ന് കമല്‍ സാര്‍ എന്നോട് പറഞ്ഞു. ‘ഇവള്‍ രാക്ഷസിയാണ്, ഇവളെ സൂക്ഷിച്ചോ’ എന്ന് അദ്ദേഹം സംവിധായകനോടും പറഞ്ഞു. എങ്ങനെയോ ആ സീന്‍ ഓക്കെയായതാണ്,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi shares the comment of Kamal Haasan during Michael Madana Kamaraj movie