Movie Day
ചെറിയ റോളായിരുന്നു, അവാര്‍ഡിന് വേണ്ടി പരിഗണിക്കുമെന്നൊന്നും പ്രതീക്ഷിച്ചില്ല; മഴവില്‍ക്കാവടിയിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 21, 09:47 am
Monday, 21st June 2021, 3:17 pm

മലയാളികളുടെ നായിക സങ്കല്‍പ്പങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നയാളാണ് ഉര്‍വശി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനും ഉര്‍വശിയ്ക്ക് സാധിച്ചിട്ടുണ്ട്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത്, 1989 ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ ആനന്ദവല്ലി എന്ന ചെറിയ കഥാപാത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ഉര്‍വശി സ്വന്തമാക്കിയിരുന്നു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയിലെ ജെ.ബി. ജംഗ്ഷന്‍ പരിപാടിക്കിടെ മഴവില്‍ക്കാവടിയിലെത്തിയതിനെപ്പറ്റി ഉര്‍വശി തുറന്നുപറഞ്ഞിരുന്നു.

മഴവില്‍ക്കാവടിയില്‍ നായികയായി തന്നെയാണ് ആദ്യം തീരുമാനിച്ചതെന്നും എന്നാല്‍ ഡേറ്റ് ഇല്ലാത്തതിനാല്‍ നായിക ആകാന്‍ കഴിയാതെ പോകുകയായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു.

‘അതൊരു ചെറിയ റോളായിരുന്നു. ഞാന്‍ അതിലെ മെയിന്‍ റോളാണ് ചെയ്യാനിരുന്നത്. വര്‍ത്തമാനകാലം സിനിമയുടെ ഡേറ്റും ഇതുമായി ക്ലാഷ് ആയപ്പോള്‍ വേണ്ടെന്ന് വെച്ചതാണ്. അപ്പോഴാണ് സത്യേട്ടന്‍(സത്യന്‍ അന്തിക്കാട്) പറയുന്നത് ഇങ്ങനെയൊരു റോളുണ്ടെന്ന്.

നാലഞ്ച് സീന്‍ മാത്രമെയുള്ളു. പിന്നെ ഒരു പാട്ട് സീനും. ബുദ്ധിമുട്ടുണ്ടോ ചെയ്യാന്‍ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു ബുദ്ധിമുട്ടുമില്ലെന്ന്. അത് പിന്നെ സ്‌പോട്ടില്‍ ചെന്ന് അഭിനയിച്ച് ഇംപ്രവൈസ്ഡ് ആയതാണ് ആ കഥാപാത്രം. ആ കഥാപാത്രത്തെ സ്റ്റേറ്റ് അവാര്‍ഡിന് പരിഗണിക്കുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല,’ ഉര്‍വശി പറയുന്നു.

സത്യന്‍ അന്തിക്കാട്-ജയറാം കൂട്ടുക്കെട്ടില്‍ പിറന്ന ആദ്യ ചിത്രമായിരുന്നു മഴവില്‍ക്കാവടി. രഘുനാഥ് പലേരിയായിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയത്.

സിതാരയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. ഇവരെക്കൂടാതെ ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഫിലോമിന, മാമുക്കോയ, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.


Content Highlights: Urvashi Shares Memories About Mazhavilkavadi Film