മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം തമിഴിലൂടെയാണ് നായികയായി അരങ്ങേറിയത്. മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ഉര്‍വശി മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ആറ് തവണയും, തമിഴ്‌നാട് സ്റ്റേറ്റ് അവാര്‍ഡ് ഒരു തവണയും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വശിയെ തേടിയെത്തിയിരുന്നു.
ഉര്‍വശി പ്രധാനവേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഹെര്‍. ഒരു നഗരത്തില്‍ അഞ്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ആന്തോളജി ചിത്രമാണ് ഹെര്‍. പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, ഐശ്വര്യ രാജേഷ്, ലിജോ മോള്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നടനും സംവിധായകനുമായ പ്രതാപ് പോത്തനാണ് ഉര്‍വശിയുടെ പെയറായി എത്തുന്നത്.
പ്രതാപ് പോത്തനെപ്പോലെ ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പെയറാവുക എന്നത് തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നെന്ന് ഉര്‍വശി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായവും സീനിയോരിറ്റിയും ആലോചനയില്‍ വന്നെന്നും നാലഞ്ച് ദിവസം കഴിഞ്ഞാണ് തങ്ങള്‍ സിങ്ക് ആയതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. സിങ്ക് ആയതിന് ശേഷം ആ സിനിമയുടെ ഓരോ സീനും ആസ്വദിച്ച് ചെയ്തുവെന്നും ഉര്‍വശി പറഞ്ഞു. മഴവില്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം പറഞ്ഞത്.
‘ഒരു ആന്തോളജിക്ക് വേണ്ടി ഷോര്‍ട്ട് ഫിലം സെറ്റപ്പിലല്ല ഈ പടം എടുത്തത്. ഒരു വലിയ സിനിമ എങ്ങനെയാണോ ചെയ്യേണ്ടത് അതുപോലെയാണ് എടുത്തിട്ടുള്ളത്. പ്രതാപ് പോത്തന്‍ സാറായിരുന്നു എന്റെ ജോഡിയായിട്ട് എത്തിയത്. വളരെ സീനിയറായിട്ടുള്ള ആക്ടറും അതിലുപരി നല്ലൊരു ഡയറക്ടറുമായിരുന്നു അദ്ദേഹം.
എന്റെയും അദ്ദേഹത്തിന്റെയും പ്രായം തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അപ്പോള്‍ അതിന്റേതായ ചെറിയൊരു ഹെസിറ്റേഷനുണ്ടായിരുന്നു. ഇതിന്റെ റൈറ്ററായിട്ടുള്ള അശ്വതിയാണ് അദ്ദേഹത്തെ കംഫര്‍ട്ടാക്കിയത്. ട്രെയ്‌ലറില്‍ ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്ന് പലരും പറഞ്ഞിരുന്നു. ആ കെമിസ്ട്രി തോന്നിയതിന് എല്ലാ ക്രെഡിറ്റും അശ്വതിക്കാണ്. പക്ഷേ സിനിമ റിലീസാകുന്നതിന മുമ്പ് അദ്ദേഹം മരിച്ചു. അത്രയും വലിയ കലാകാരന്റെ അവസാന സിനിമയില്‍ ഭാഗമായത് പുണ്യമായി കരുതുന്നു,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi shares her memories about acted with Pratap Pothan