ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ഉര്‍വശി. തമിഴിലൂടെ നായികയായി അരങ്ങേറിയ ഉര്‍വശി 45 വര്‍ഷത്തെ കരിയറില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഉര്‍വശി അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും തന്റെ പേരിലാക്കി.
തുടക്കകാലത്ത് താന്‍ ചെയ്ത തമിഴ് സിനിമയുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഉര്‍വശി. താന്‍ മലയാളത്തില്‍ കുറച്ച് സിനിമകള്‍ ചെയ്ത ശേഷമാണ് ആ ചിത്രം ചെയ്തതെന്ന് ഉര്‍വശി പറഞ്ഞു. ആ ചിത്രത്തില്‍ നായകന്‍ വേറൊരു സ്ത്രീയുമായി സംസാരിക്കുന്നത് കണ്ട് താന്‍ ഞെട്ടുന്ന സീനാണ് എടുക്കേണ്ടതെന്നും സ്വഭാവികമായി ഉണ്ടാകുന്ന ഞെട്ടല്‍ താന്‍ കാണിച്ചുവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സംവിധായകന് അതില്‍ തൃപ്തി വന്നില്ലെന്നും കുറച്ചുകൂടി ഞെട്ടുന്നത് കാണിക്കാന്‍ ആവശ്യപ്പെട്ടെന്നും ഉര്‍വശി പറഞ്ഞു. കണ്ണ് പുറത്തുവരുന്ന രീതിയില്‍ ഞെട്ടാന്‍ നായകന്‍ ആ സ്ത്രീയെ കൊല്ലുകയൊന്നുമല്ലല്ലോ എന്ന് താന്‍ സംവിധായകനോട് ചോദിച്ചെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ തന്ന അഞ്ച് ലക്ഷത്തിന് ഇത്രയേ ഞെട്ടേണ്ട ആവശ്യമുള്ളൂവെന്നും ഇനിയും ഞെട്ടണമങ്കില്‍ കൂടുതല്‍ പൈസ വേണമെന്ന് പറയുകയും ചെയ്‌തെന്ന് ഉര്‍വശി പറഞ്ഞു.
ആ സീന്‍ മലയാളത്തിലാണെങ്കില്‍ താന്‍ അത്രയേ ഞെട്ടുമായിരുന്നുള്ളൂവെന്നും അതേ കാര്യമാണ് തമിഴില്‍ ഫോളോ ചെയ്തതെന്നും ഉര്‍വശി പറഞ്ഞു. തന്റെ മറുപടി കേട്ട സംവിധായകന്‍ താന്‍ വലിയ തറുതലയാണെന്ന് പറഞ്ഞ് പോയെന്നും പിന്നീട് തന്റേതായ രീതിയില്‍ അഭിനയിക്കാന്‍ പറഞ്ഞെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.
‘കരിയറിന്റെ തുടക്കത്തില്‍ ഒരു സംവിധായകന്റെ തമിഴ് സിനിമയിലേക്ക് ഞാന്‍ അഭിനയിച്ചിരുന്നു. അയാളുടെ ആദ്യസിനിമ സൂപ്പര്‍ഹിറ്റായിരുന്നു. അദ്ദേഹത്തിന്റെ പേര് പറയാന്‍ ഞാന് ആഗ്രഹിക്കുന്നില്ല. മലയാളത്തില്‍ കുറച്ചധികം സിനിമകള്‍ ചെയ്തിട്ടാണ് ഞാന്‍ ആ പടം ചെയ്യാന്‍ പോയത്. എന്റെ ആക്ടിങ്ങില്‍ അദ്ദേഹം സാറ്റിസ്‌ഫൈഡായിരുന്നില്ല.
അതില്‍ നായകന്‍ ഒരു സ്ത്രീയുടെ അടുത്ത് സംസാരിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടുന്ന ഒരു ഷോട്ടാണ് എടുത്തത്. പക്ഷേ ആ ഡയറക്ടര്‍ എന്റെയടുത്ത് വന്നിട്ട് ‘മാഡം നിങ്ങള്‍ അഭിനയിക്കുന്നതേയില്ല. കണ്ണ് പുറത്തേക്ക് തള്ളിവരുന്ന രീതിയില്‍ ഞെട്ടൂ’ എന്ന് അയാള്‍ എന്നോട് പറഞ്ഞു. നായകന്‍ ആ പെണ്ണിനെ കഴുത്തറുത്ത് കൊല്ലുകയൊന്നുമല്ലല്ലോ അങ്ങനെ ഞെട്ടാന്‍ ചുമ്മാ സംസാരിക്കുന്നതിന് ഇത്രക്ക് ഞെട്ടിയാല്‍ പോരെ എന്ന് ഞാന്‍ ചോദിച്ചു.
നിങ്ങള്‍ തന്ന അഞ്ച് ലക്ഷത്തിനുള്ള ഞെട്ടല്‍ ഞാന്‍ കാണിച്ചു. ഇനയും വേണമെങ്കില്‍ കൂടുതല്‍ കാശ് തരേണ്ടിവരുമെന്ന് ഞാന്‍ അയാളോട് പറഞ്ഞു. മലയാളത്തിലായിരുന്നെങ്കില്‍ ഇത്ര പോലും ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞു. ‘നിങ്ങള്‍ വല്ലാതെ തറുതലയായി മാഡം’ എന്ന് പറഞ്ഞ് അദ്ദേഹം പോയി,’ ഉര്‍വശി പറയുന്നു.
Content Highlight: Urvashi shares her experience of Tamil movie she acted in beginning time