| Tuesday, 3rd December 2024, 3:14 pm

അത്തരം സിനിമകളോട് എനിക്ക് താത്പര്യമില്ല, ആ രീതി എനിക്ക് ഇഷ്ടമല്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിലും ഉര്‍വശി മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി തന്റെ റേഞ്ച് വ്യക്തമാക്കിയിരുന്നു.

ഉര്‍വശി, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, ഐശ്വര്യ രാജേഷ്, ലിജോ മോള്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ഹെര്‍. ഒരു നഗരത്തിലെ അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന ആന്തോളജി ചിത്രമാണ് ഇത്. തനിക്ക് പൊതുവേ ആന്തോളജി സിനിമകളോട് താത്പര്യമില്ലെന്ന് പറയുകയാണ് ഉര്‍വശി. ഒരു കഥ പറയുമ്പോള്‍ അതിന് തുടക്കവും ഒടുക്കവും വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഉര്‍വശി പറഞ്ഞു.

ഒരിടത്തൊരിടത്ത് എന്ന് പറഞ്ഞുതുടങ്ങുന്ന കഥ ഒരു പോയിന്റെത്തുമ്പോള്‍ അവസാനിക്കുന്നതാണ് അതിന്റെ ഭംഗിയെന്നും എന്നാല്‍ പല കഥകള്‍ അടുക്കിവെച്ച് ഒന്നാക്കുന്ന രീതി ഇഷ്ടമല്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഷോര്‍ട്ട് ഫിലിം ആയാലും അതിന് ഒരു ഭംഗിയുണ്ടെന്നും ആന്തോളജി അതുപോലെയല്ലെന്നും ഉര്‍വശി പറഞ്ഞു.

എന്നാല്‍ ഹെര്‍ എന്ന സിനിമയില്‍ കുറച്ച് വ്യത്യസ്തതയുള്ളതുകൊണ്ടാണ് താന്‍ ഓക്കെ പറഞ്ഞതെന്ന് ഉര്‍വശി കൂട്ടിച്ചേര്‍ത്തു.ഒരു നഗരത്തില്‍ അഞ്ച് സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ച് സ്ത്രീകളുടെ കഥ ഒരു പെണ്‍കുട്ടി എഴുതുന്നു എന്നതാണ് തന്നെ ഈ പ്രൊജക്ടിലേക്ക് ആകര്‍ഷിച്ച കാര്യമെന്ന് ഉര്‍വശി പറഞ്ഞു. മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘എനിക്ക് പൊതുവേ ആന്തോളജി സിനിമകളോട് വലിയ താത്പര്യമില്ല. കാരണം ഒരു കഥയില്‍ തുടങ്ങി വേറൊരു കഥയില്‍  അവസാനിക്കുന്ന രീതിയിലാണ് എപ്പോഴും ആന്തോളജി സിനിമകള്‍ വരുന്നത്. ഒരു കഥ എന്ന് പറയുമ്പോള്‍ ഒരു പോയിന്റില്‍ തുടങ്ങി അതിനെ ചുറ്റിപ്പറ്റി അവസാനിക്കണമല്ലോ. പണ്ടുതൊട്ടേ നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന രീതിയാണല്ലോ അത്. ഒരിടത്തൊരിടത്ത് എന്ന് പറഞ്ഞ് തുടങ്ങി ആ കഥ അതിന്റേതായ രീതിയിലല്ലേ അവസാനിക്കുന്നത്.

പക്ഷേ ആന്തോളജിയെന്ന് പറഞ്ഞാല്‍ നാലഞ്ച് കഥകള്‍ അടുക്കിവെച്ച് ഒരു സിനിമയാക്കുകയാണല്ലോ. അതിനൊരു ഭംഗിയുള്ളതായി തോന്നിയിട്ടില്ല. ഷോര്‍ട്ട് ഫിലിം ആണെങ്കിലും അതിനൊരു ഭംഗിയുണ്ടല്ലോ. പക്ഷേ ഹെര്‍ എന്ന സിനിമക്ക് ഞാന്‍ ഓക്കെ പറയാന്‍ കാരണം അതിന്റെ കഥയാണ്. ഒരു നഗരത്തില്‍ അഞ്ച് വ്യത്യസ്ത സാഹചര്യത്തില്‍ ജീവിക്കുന്ന സ്ത്രീകളുടെ കഥ ഒരു പെണ്‍കുട്ടി എഴുതുന്നു എന്നതാണ് എന്നെ അട്രാക്ട് ചെയ്തത്,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi says that she is not interested to do Anthology movies

We use cookies to give you the best possible experience. Learn more