റേഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ചയാളാണ് ആര്‍.ജെ. ബാലാജി. നാനും റൗഡി താന്‍, താനാ സേര്‍ന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങളില്‍ കോമഡി വേഷത്തിലൂടെ ശ്രദ്ധേയനായ ബാലാജി എല്‍.കെ.ജി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ സംവിധായകന്‍ ബാലാജിയാണ്.
ആര്‍.ജെ. ബാലാജിയെ കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ബാലാജി തനിക്ക് അനിയനെ പോലെയാണെന്ന് ഉര്‍വശി പറയുന്നു. മൂക്കുത്തി അമ്മന്‍ എന്ന ബാലാജി സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ ബാലാജി ‘എടീ പോടീ’ എന്നെല്ലാം വിളിക്കുമെന്നും എന്നാല്‍ തന്നെ അങ്ങനെയെല്ലാം വിളിക്കാനുള്ള സ്വാതന്ത്ര്യം ബാലാജിക്കുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
‘ബാലാജി എനിക്ക് എന്റെ അനിയനെ പോലെയാണ്. മൂക്കുത്തി അമ്മന്‍ എന്ന ചിത്രമെല്ലാം ചെയ്യുമ്പോള്‍ എന്നെ ‘ഉര്‍വശി ഇവിടെ വാടീ’ എന്നൊക്കെ അവന്‍ എന്നെ ക്ഷമകെട്ട് വിളിക്കും. സത്യത്തില്‍ എന്നെ ‘എടീ പോടീ’ എന്നെല്ലാം വിളിക്കാനുള്ള സ്വാതന്ത്ര്യം ബാലാജിക്ക് ഉണ്ട്,’ ഉര്‍വശി പറയുന്നു.
ഉര്‍വശിയെ കുറിച്ച് ആര്‍.ജെ. ബാലാജിയും സംസാരിച്ചു. ഉര്‍വശി വളരെ ബ്രില്യന്റ് ആയ അഭിനേത്രിയാണെന്നും തനിക്ക് എന്തെങ്കിലും നല്ല കാര്യം നടന്നാല്‍ ഉര്‍വശി വളരെ ഹാപ്പിയാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളെ അല്ലെ ആയിട്ടൊള്ളു എന്നാല്‍ റേഡിയോ ജോക്കി എന്ന രീതിയിലും അഭിനേതാവ് എന്ന രീതിയിലും ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ബ്രില്യന്റ് ആയിട്ടുള്ളത് ഉര്‍വശി മാമാണ്. എനിക്ക് എന്തെങ്കിലും നല്ലത് നടന്നാല്‍ ഒരുപാട് ഹാപ്പി ആകുന്ന ആളാണ് അവര്‍,’ ആര്‍.ജെ. ബാലാജി പറയുന്നു.