| Thursday, 20th June 2024, 10:55 pm

ഹീറോക്ക് കളിയാക്കാനും തലക്ക് കൊട്ടാനും എപ്പോഴും ഒരു കൊമേഡിയനെ വേണം; പക്ഷെ ഞാന്‍ അത് ചെയ്യില്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരെയും വേദനിപ്പിക്കാത്ത നര്‍മം പറയാന്‍ ചിലര്‍ക്ക് വളരെ ബുദ്ധിമുട്ടാണെന്ന് പറയുകയാണ് നടി ഉര്‍വശി. അടുത്തുള്ളവരെ കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കരുതെന്നും എന്നാല്‍ അതാണ് പലപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതെന്നും താരം പറയുന്നു. സിനിമയില്‍ നായകന് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലക്ക് കൊട്ടാനും ഒരു കൊമേഡിയന്‍ ഉണ്ടാകുമെന്നും എന്നാല്‍ താന്‍ അത് ചെയ്യില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ആരെയും വേദനിപ്പിക്കാത്ത ഹ്യൂമര്‍ വളരെ ബുദ്ധിമുട്ടാണ്. ഹാസ്യം എന്ന വാക്കില്‍ എപ്പോഴും പരിഹാസമെന്ന ഒരു വാക്ക് കൂടെ കിടപ്പുണ്ട്. അടുത്തുള്ളവരെ കളിയാക്കി ആളുകളെ ചിരിപ്പിക്കരുത്. അതാണ് നമ്മള്‍ പലപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. ഹീറോക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലക്ക് കൊട്ടാനും ഒരു കൊമേഡിയന്‍ വേണം.

പക്ഷെ ഞാന്‍ അത് ചെയ്യില്ല. ഞാന്‍ ഒരു കാലത്തും അത് ചെയ്തിട്ടില്ല. ആര്‍ക്കും വേദനിക്കാത്ത തമാശകള്‍ മാത്രമേ പറയുകയുള്ളൂ. കാരണം, അയാള്‍ ഒരു കൊമേഡിയനാണെങ്കിലും അയാളുടെ വീട്ടില്‍ അയാള്‍ തന്നെയാണ് രാജാവ്. അയാളുടെ മക്കളുടെ മുമ്പില്‍ അയാളാണ് ഹീറോ. അപ്പോള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ അത് ചിന്തിക്കണം.

മുടന്തനെ നോക്കി പോടാ ഞൊണ്ടിയെന്ന് വിളിക്കുന്നത് ഹ്യൂമറല്ല. അതൊക്കെ ബോഡി ഷെയ്മിങ്ങ് ആണെന്ന് ഇപ്പോള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് എനിക്ക്. ഞാന്‍ ഒരു ചാനലില്‍ പ്രോഗ്രാമിന് ഇരിക്കുമ്പോള്‍ അത്തരം കോമഡികള്‍ വന്നാല്‍ ഞാന്‍ മാര്‍ക്കിടില്ല. പകരം വട്ടപൂജ്യമിട്ടു വെയ്ക്കും. ഞാന്‍ ജഡ്ജായി ഇരിക്കുമ്പോള്‍ അവരുടെ ടെന്‍ഷന്‍ അതാണ്.

അടുത്ത് ഇരിക്കുന്നവനെ കാക്കേ കുരങ്ങേയെന്നൊക്കെ വിളിച്ചാല്‍ ഞാന്‍ മാര്‍ക്ക് കുറക്കുമെന്ന് ആദ്യമേ പറയാറുണ്ട്. ഒരാള്‍ക്ക് ചിരിപ്പിക്കാന്‍ ഒന്നും കിട്ടാതെ വരുമ്പോള്‍ അടുത്തുള്ള ആളെ കളിയാക്കുമോ. അത് കേള്‍ക്കുന്ന അവന്റെ മക്കള്‍ക്ക് വിഷമം വരില്ലേ. ഞാന്‍ ഇതൊന്നും അനുവദിക്കുകയേയില്ല. അത്തരം ഹ്യൂമര്‍ കുറയണം,’ ഉര്‍വശി പറഞ്ഞു.


Content Highlight: Urvashi Says A Hero Always Needs A Comedian To Make Fun Of Him

We use cookies to give you the best possible experience. Learn more