| Tuesday, 3rd December 2024, 4:54 pm

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആദ്യം എന്നെയും ആ നടനെയും വെച്ച് ചെയ്യാനിരുന്നതായിരുന്നു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിരൂപകപ്രശംസയോടൊപ്പം ബോക്‌സ് ഓഫീസിലും വിജയം സ്വന്തമാക്കി. മൂന്ന് ദേശീയ അവാര്‍ഡും രണ്ട് സംസ്ഥാന അവാര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു.

ചിത്രത്തിന്റെ നിര്‍മാതാവ് അനീഷ് തോമസ് തന്നോട് നാല് തവണ കഥ പറഞ്ഞിരുന്നെന്നും എന്നാല്‍ തനിക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പറയുകയാണ് ഉര്‍വശി. ആദ്യത്തെ മൂന്ന് തവണ കഥ പറഞ്ഞപ്പോള്‍ താന്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നെന്ന് ഉര്‍വശി പറഞ്ഞു. നാലാമത്തെ തവണ കേട്ടപ്പോള്‍ ഇഷ്ടമായെന്നും എന്നാല്‍ പ്രെഗ്നന്റായിരിക്കുന്ന സമയമായതിനാല്‍ അന്ന് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

താനും ഇന്ദ്രന്‍സുമായിരുന്നു ആ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെന്നും ഇന്ദ്രന്‍സിന് കിട്ടേണ്ടിയിരുന്ന ആദ്യത്തെ സീരിയസ് വേഷമായിരുന്നു അതെന്നും ഉര്‍വശി പറഞ്ഞു. കാസര്‍ഗോഡിന് പകരം തമിഴ്‌നാട് ബോര്‍ഡറിനടുത്തുള്ള ഗ്രാമത്തില്‍ നടക്കുന്ന കഥയായിരുന്നു അതെന്നും പിന്നീട് തനിക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ അനീഷ് ആ കഥ ദിലീഷ് പോത്തന്റെയടുത്ത് പറഞ്ഞെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഹെര്‍ സിനിമയുടെ പ്രൊഡ്യൂസര്‍ അനീഷാണ്. അയാള്‍ ആദ്യമായി പ്രൊഡ്യൂസ് ചെയ്ത പടം തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ്. അതിന്റെ കഥയുമായി അനീഷ് നാല് തവണ എന്റെയടുത്ത് വന്നിരുന്നു. ആദ്യത്തെ മൂന്ന് തവണ കേട്ടപ്പോള്‍ ഞാന്‍ സിനിമയില്‍ നിന്ന് ചെറുതായി വിട്ടുനില്‍ക്കുകയായിരുന്നു.

നാലാമത്തെ തവണ കേട്ടപ്പോള്‍ ചെയ്യാമെന്ന് വിചാരിച്ചു. പക്ഷേ ആ സമയത്ത് ഞാന്‍ കാരിയിങ് ആയിരുന്നു. യാത്രകളൊന്നും പാടില്ലെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എനിക്ക് ആ സിനിമ ചെയ്യാന്‍ പറ്റിയില്ല. അങ്ങനെയാണ് അനീഷ് ആ കഥ ദിലീഷ് പോത്തന്റെയടുത്ത് കൊണ്ടുപോകുന്നതും ഇന്ന് നമ്മള്‍ കാണുന്ന രീതിയില്‍ എടുത്തതും.

പക്ഷേ എന്നോട് പറഞ്ഞ കഥ ഇങ്ങനെയായിരുന്നില്ല. ഞാനും ഇന്ദ്രന്‍സേട്ടനുമായിരുന്നു പടത്തില്‍ മെയിന്‍ റോളില്‍. ഇന്ദ്രന്‍സേട്ടന് കിട്ടേണ്ടിയിരുന്ന ആദ്യത്തെ സീരിയസ് റോളായിരുന്നു അത്. തമിഴ്‌നാട് ബോര്‍ഡറിനടുത്തുള്ള ഒരു ഗ്രാമത്തിലായിരുന്നു കഥ നടന്നത്. അത് ദിലീഷ് പോത്തന്‍ കാസര്‍ഗോഡ് നടക്കുന്ന കഥയാക്കി മാറ്റി,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi saying Thondimuthalum Driksakshiyum was first narrated to her and Indrans was in lead role

We use cookies to give you the best possible experience. Learn more