മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന നടന്‍ അയാളാകും: ഉര്‍വശി
Entertainment
മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന നടന്‍ അയാളാകും: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th September 2024, 8:51 am

മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. നാലരപ്പതിറ്റാണ്ടായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഉര്‍വശി ഒരു ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം റിലീസായ ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഞെട്ടിച്ചുകൊണ്ടാണ് കരിയറിലെ ആറാമത്തെ സംസ്ഥാന അവാര്‍ഡ് നേടിയത്.

മലയാളസിനിമയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ആരെന്ന ചോദ്യത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് ഉര്‍വശി. മമ്മൂട്ടിയും മോഹന്‍ലാലും ഓള്‍റെഡി പ്രൂവ് ചെയ്ത നടന്മാരാണെന്നും മലയാളസിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതില്‍ അവരുടെ പങ്ക് വലുതാണെന്നും ഉര്‍വശി പറഞ്ഞു.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന നടന്‍ ഫഹദ് ഫാസിലായിരിക്കുമെന്ന് പറയുകയാണ് ഉര്‍വശി. സൂപ്പര്‍സ്റ്റാര്‍ എന്നതിനെക്കാള്‍ മികച്ച നടന്‍ എന്ന് പറയാന്‍ പറ്റുന്ന നടനാണ് ഫഹദെന്നും ഉര്‍വശി പറഞ്ഞു. ഏത് തരം വേഷവും ചെയ്ത് ഫലിപ്പിക്കാന്‍ ഫഹദിന് കഴിയുമെന്നും നായകവേഷം മാത്രമേ ചെയ്യുള്ളൂവെന്ന നിര്‍ബന്ധം ഫഹദിനില്ലെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

22 ഫീമെയില്‍ കോട്ടയം, ചാപ്പാ കുരിശ് പോലെ കരിയറിന്റെ തുടക്കത്തില്‍ തന്നെ നെഗറ്റീവ് റോള്‍ ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് ഫഹദ് തെളിയിച്ചിട്ടുണ്ടെന്ന് ഉര്‍വശി പറഞ്ഞു. ഏറ്റവുമൊടുവില്‍ റിലീസായ ആവേശത്തിലൂടെ ആക്ഷന്‍ ഹീറോ ഇമേജ് ഉണ്ടാക്കിയെടുക്കാനും ഫഹദിന് സാധിച്ചുവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘മമ്മൂട്ടിയും മോഹന്‍ലാലും മലയാളസിനിമയുടെ രണ്ട് ഇരുമ്പ് തൂണുകളാണ്. ഇന്‍ഡസ്ട്രിയെ ഇന്ന് കാണുന്ന ഉയരത്തിലെത്തിക്കാന്‍ അവര്‍ വഹിച്ച പങ്ക് ചെറുതല്ല. സൂപ്പര്‍സ്റ്റാര്‍സ് എന്നതുപോലെ മികച്ച നടന്മാര്‍ കൂടിയാണ് അവര്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന മലയാളനടന്‍ ഫഹദ് ഫാസിലായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. തമിഴിലും തെലുങ്കിലുമൊക്കെ മികച്ച സിനിമകള്‍ അയാളെ തേടിയെത്തുന്നുണ്ട്. നായകവേഷം മാത്രമേ താന്‍ ചെയ്യുള്ളൂവെന്ന നിര്‍ബന്ധമൊന്നും ഫഹദിനില്ല.

22 ഫീമെയില്‍ കോട്ടയം, ചാപ്പാ കുരിശ് പോലുള്ള സിനിമകള്‍ കരിയറിന്റെ തുടക്കത്തില്‍ ചെയ്തയാളാണ് ഫഹദ്. ഏത് തരം കഥാപാത്രവും ചെയ്യാന്‍ പറ്റുന്ന നടനാണ് അയാള്‍. ഏറ്റവും ലാസ്റ്റ് ചെയ്ത ആവേശം കൂടിയായപ്പോള്‍ ആക്ഷന്‍ റോളും ചെയ്യാന്‍ പറ്റുമെന്ന് ഫഹദ് തെളിയിച്ചു. ഇനി മലയാളത്തില്‍ നിന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ പോകുന്ന നടന്‍ അയാളാകും,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi saying that Fahadh Faasil will be next actor After Mammootty and Mohanlal