ഒരു നായകന്റേയും പിന്തുണയിലോ റെക്കമന്റേഷനിലോ വന്ന ആളല്ല താനെന്ന് ഉര്‍വശി. സംവിധായകരാണ് തന്നെ തെരഞ്ഞെടുത്തിരുന്നതെന്നും കഥാപാത്രം നന്നായത് അവരുടെ കഴിവ് കൊണ്ടാണെന്നും ഉര്‍വശി പറഞ്ഞു. ചിലര്‍ തന്നെ മനസില്‍ കണ്ട് കഥ എഴുതാറുണ്ടായിരുന്നുവെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു.
‘സിനിമയില്‍ ചൂസി ആവാനുള്ള അവസരമൊന്നുമില്ല. പ്രത്യേകിച്ച് സിനിമ തൊഴിലായി എടുക്കുന്നവര്‍ക്ക്. വരുന്ന കഥാപാത്രങ്ങളില്‍ ഇഷ്ടമുള്ളത് സെലക്ട് ചെയ്യാമെന്നുള്ളതേ ഉള്ളൂ.
ഒരു നായകന്റേയും സപ്പോര്‍ട്ടിലോ റെക്കമന്റേഷനിലോ വന്ന ആളല്ല ഞാന്‍. എന്റെ സംവിധായകരായിരുന്നു എന്നെ ചൂസ് ചെയ്തിരുന്നത്. ചിലര്‍ എന്നെ മനസില്‍ കണ്ട് കൊണ്ട് കഥ എഴുതുന്നു. കഥാപാത്രം നന്നായത് ആ സംവിധായകരുടെ കഴിവാണ്.
നായികയായി മാത്രം അഭിനയിച്ചാല്‍ മതിയെന്നോ വലിയ നായകനാണോ എന്ന് നോക്കണമെന്നോ എന്റെ അച്ഛനും അമ്മയും പറഞ്ഞിട്ടില്ല. വ്യത്യസ്തമായ കഥാപാത്രമാണോ എന്ന് നോക്കുക, ഇഷ്ടപ്പെട്ടാല്‍ ചെയ്യുക, അങ്ങനെയാണ് പറഞ്ഞിരുന്നത്. ഒരു സ്റ്റേജ് വരെ ഞാന്‍ കഥ കേട്ടിരുന്നില്ല. മഴവില്‍ കാവടി, വര്‍ത്തമാനകാലം ഒക്കെ മുതലാണ് കഥാപാത്രങ്ങള്‍ കേട്ടുതുടങ്ങിയത്. ഒക്കെ സംവിധായകരുടെ തീരുമാനങ്ങള്‍ തന്നെയായിരുന്നു,’ ഉര്‍വശി പറഞ്ഞു.
ലേഡിസൂപ്പര്‍സ്റ്റാര്‍ ടാഗിനോടും താരം പ്രതികരിച്ചു. ‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് എന്തിനാണ് പറയുന്നത്. വെറും സൂപ്പര്‍സ്റ്റാറെന്ന് പറഞ്ഞാല്‍ പോരെ. അവിടെ ലേഡി എന്നതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലേഡി ഡയറക്ടര്‍ എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല. ഡയറക്ടര്‍ മതി. ടീച്ചര്‍, ഡോക്ടര്‍ എന്ന് പറയുന്നത് പോലെ ഡയറക്ടര്‍ മതി.
പിന്നെ ഒരു കിരീടവും എടുത്ത് തലയില്‍ വെക്കാത്തതാണ് ഭാഗ്യം. അങ്ങനെ ഒന്ന് വെച്ച് പോയാല്‍ വലിയ ബാധ്യതയാണ്. ഇത് വീഴാതെ കൊണ്ടുനടക്കണ്ടേ. അതിനെക്കാള്‍ എല്ലാവര്‍ക്കും എല്ലാ കാലത്തും ഇഷ്ടപ്പെടുന്ന നടിയാവണമെന്നേ ആഗ്രഹമുള്ളൂ,’ ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
ജലധാര പമ്പ് സെറ്റാണ് റിലീസിനൊരുങ്ങുന്ന ഉര്‍വശിയുടെ ചിത്രം. ഉര്‍വശിക്ക് പുറമേ ഇന്ദ്രന്‍സ്, സനുഷ, സാഗര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആശിഷ് ചിന്നപ്പയാണ് ജലധാര പമ്പ് സെറ്റ് സംവിധാനം ചെയ്യുന്നത്.
Content Highlight: Urvashi said that she did not come on the support or recommendation of any hero