ലേഡി സൂപ്പര്‍സ്റ്റാര്‍ ടാഗിനോട് പ്രതികരിച്ച് ഉര്‍വശി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് എന്തിനാണ് പറയുന്നതെന്നും വെറും സൂപ്പര്‍സ്റ്റാറെന്ന് പറഞ്ഞാല്‍ പോരെയെന്നും ഉര്‍വശി ചോദിച്ചു. ലേഡി ഡയറക്ടര്‍ എന്ന് പറയുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ഡോക്ടര്‍, ടീച്ചര്‍ എന്ന് പറയുന്നത് പോലെ ഡയറക്ടര്‍ എന്ന് എല്ലാവരേയും വിളിക്കണമെന്നും ഉര്‍വശി പറഞ്ഞു. ഒരു കിരീടവും തലയിലെടുത്ത് വെക്കാത്തതാണ് ഭാഗ്യമെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു.
‘ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് എന്തിനാണ് പറയുന്നത്. വെറും സൂപ്പര്‍സ്റ്റാറെന്ന് പറഞ്ഞാല്‍ പോരെ. അവിടെ ലേഡി എന്നതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലേഡി ഡയറക്ടര്‍ എന്ന് പറയുന്നത് എന്ന് എനിക്ക് ഇഷ്ടമല്ല. ഡയറക്ടര്‍ മതി. ടീച്ചര്‍, ഡോക്ടര്‍ എന്ന് പറയുന്നത് പോലെ ഡയറക്ടര്‍ മതി.
പിന്നെ ഒരു കിരീടവും എടുത്ത് തലയില്‍ വെക്കാത്തതാണ് ഭാഗ്യം. അങ്ങനെ ഒന്ന് വെച്ച് പോയാല്‍ വലിയ ബാധ്യതയാണ്. ഇത് വീഴാതെ കൊണ്ടുനടക്കണ്ടേ. അതിനെക്കാള്‍ എല്ലാവര്‍ക്കും എല്ലാ കാലത്തും ഇഷ്ടപ്പെടുന്ന നടിയാവണമെന്നേ ആഗ്രഹമുള്ളൂ.
സിനിമയില്‍ ചൂസി ആവാനുള്ള അവസരമൊന്നുമില്ല. പ്രത്യേകിച്ച് സിനിമ തൊഴിലായി എടുക്കുന്നവര്‍ക്ക്. വരുന്ന കഥാപാത്രങ്ങളില്‍ ഇഷ്ടമുള്ളത് സെലക്ട് ചെയ്യാമെന്നുള്ളതേ ഉള്ളൂ.
ഒരു നായകന്റേയും സപ്പോര്‍ട്ടിലോ റെക്കമന്റേഷനിലോ വന്ന ആളല്ല ഞാന്‍. എന്റെ സംവിധായകരായിരുന്നു എന്നെ ചൂസ് ചെയ്തിരുന്നത്. കഥ ആവശ്യപ്പെടുന്നു. ചിലര്‍ എന്നെ മനസില്‍ കണ്ട് കൊണ്ട് കഥ എഴുതുന്നു. അങ്ങനെയൊക്കെയായിരുന്നു. കഥാപാത്രം നന്നായത് ആ സംവിധായകരുടെ കഴിവാണ്,’ ഉര്‍വശി പറഞ്ഞു.
ജലധാര പമ്പ് സെറ്റാണ് റിലീസിനൊരുങ്ങുന്ന ഉര്‍വശിയുടെ ചിത്രം. ഉര്‍വശിക്ക് പുറമേ ഇന്ദ്രന്‍സ്, സനുഷ, സാഗര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആശിഷ് ചിന്നപ്പയാണ് ജലധാര പമ്പ് സെറ്റ് സംവിധാനം ചെയ്യുന്നത്.
വിജയരാഘവന്‍, ജോണി ആന്റണി, ടി.ജി. രവി, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, കലാഭവന്‍ ഹനീഫ്, സജിന്‍, ഹരിലാല്‍ പി.ആര്‍., ജോഷി മേടയില്‍, വിഷ്ണു ഗോവിന്ദ്, കോഴിക്കോട് ജയരാജ്, പരമേശ്വരന്‍ പാലക്കാട്, തങ്കച്ചന്‍, അല്‍ത്താഫ്, ജെയ്, രാമു മംഗലപ്പള്ളി, ആദില്‍ റിയാസ്ഖാന്‍, അഞ്ജലി നായര്‍, നിഷാ സാരംഗ്, സുജാത തൃശ്ശൂര്‍, സ്‌നേഹ ബാബു, നിത ചേര്‍ത്തല, ശ്രീരമ്യ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Urvashi reacts to the lady superstar tag