| Saturday, 24th August 2024, 3:36 pm

അമ്മ സംഘടന ശക്തമായ നിലപാടെടുക്കണം, ഒഴിഞ്ഞു മാറാന്‍ പറ്റില്ല: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഉര്‍വശി. കഴിഞ്ഞ ദിവം സിദ്ദിഖിന്റെ പ്രസ്മീറ്റ് താന്‍ കണ്ടിരുന്നുവെന്നും സംഘടനയുടെ ആദ്യനിലപാട് എന്ന നിലയില്‍ അത്രയേ പറയാന്‍ പറ്റുള്ളൂവെന്ന് തനിക്ക് മനസിലായെന്നും ഉര്‍വശി പറഞ്ഞു. എന്നാല്‍ ഇനി അങ്ങോട്ട് ഒഴിവുകഴിവ് നിലപാടുകള്‍ പറഞ്ഞ് പിന്മാറാന്‍ പറ്റില്ലെന്നും ഉര്‍വശി പറഞ്ഞു.

അമ്മ സംഘടന എത്രയും പെട്ടെന്ന് എക്‌സിക്യുട്ടീവ് കമ്മിറ്റി കൂടണമെന്നും പരാതിയിലുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും ഉര്‍വശി പറഞ്ഞു. അവരുടെ നിര്‍ദേശങ്ങള്‍ കേട്ട് അതിനനുസരിച്ച് നീങ്ങണമെന്നും ഉര്‍വശി പറഞ്ഞു. ഈ സംഘടനക്ക് അങ്ങനെ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ പറ്റില്ലെന്നും ആര്‍ട്ടിസ്റ്റുകളെ മാറ്റിനിര്‍ത്താന്‍ അധികാരമുള്ളവര്‍ക്ക് ഇത്തരം തീരുമാനങ്ങള്‍ എടുക്കാനും കഴിയണമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം കോടതിയുടെ പരിഗണനയിലുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും ഉര്‍വശി പറഞ്ഞു.

‘സിദ്ദിഖിന്റെ പ്രസ്മീറ്റിന്റെ കുറച്ചുഭാഗം ഇന്നലെ കണ്ടു. ഡബ്ബിങ്ങിന്റെ തിരക്കിലായതുകൊണ്ടാണ് മുഴുവന്‍ കാണാന്‍ പറ്റാത്തത്. റിപ്പോര്‍ട്ട് വന്ന ശേഷം ആദ്യമായി മീഡിയയോട് പ്രതികരിക്കുമ്പോഴായതുകൊണ്ടാകാം അങ്ങനെ സംസാരിച്ചത്. പക്ഷേ ഇനി അങ്ങോട്ട് ഒഴിവുകഴിവ് പറഞ്ഞ് പിന്മാറാന്‍ പറ്റില്ല. ശക്തമായ നിലപാട് എടുക്കണം. കാരണം, ഇതൊക്കെ വെറും ആരോപണമാണെങ്കില്‍ അവര്‍ക്ക് പ്രസ്മീറ്റ് വിളിച്ചാല്‍ പോരെ? കോടതി വരെ പരിഗണിക്കുന്ന കാര്യമാണിത്. ആ സീരിയസ്‌നെസ്സ് സംഘടനക്കുണ്ടാകണം.

എത്രയും പെട്ടെന്ന് ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റി കൂടി എല്ലാവര്‍ക്കും പറയാനുള്ളത് അമ്മ സംഘടന കേള്‍ക്കണം. എല്ലാ നിര്‍ദേശങ്ങളും കേട്ട ശേഷം അതിനനുസരിച്ച് മുന്നോട്ട് നീങ്ങണം. ഈ സംഘടനക്ക് അത്തരം കാര്യങ്ങളൊന്നും തീരുമാനിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ശരിയാവില്ല. ഒരു ആര്‍ട്ടിസ്റ്റിനെ മാറ്റി നിര്‍ത്താന്‍ ഇവര്‍ക്ക് തീരുമാനിക്കാമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ സംഘടനക്ക് കഴിയണം,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi reacts to Hema Committee Report and Siddique’s press meet

We use cookies to give you the best possible experience. Learn more