| Tuesday, 11th October 2022, 6:27 pm

'ഞാനെന്റെ ഹൃദയം പിന്തുടർന്നു, അതെന്നെ ഓസ്‌ട്രേലിയയിൽ എത്തിച്ചു, സാഹസം തുടരും'; ഇന്ത്യൻ ക്രിക്കറ്റ് താരത്തെ വിടാതെ പിന്തുടർന്ന് ഉർവശി റൗട്ടേല; കളിക്കാൻ പോയ ചെക്കനെ വെറുതെ വിടാൻ ആവശ്യപ്പെട്ട് ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

സെലിബ്രിറ്റികൾക്കിടയിലെ റിലേഷൻഷിപ്പ് – ബ്രേക്കപ്പ് വാർത്തകളും മറ്റ് ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചക്ക് വഴിയൊരുക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് പ്രചരിക്കുന്നത്.

നടിയും മോഡലുമായ ഉർവശി റൗട്ടേലയും ഇന്ത്യൻ ക്രിക്കറ്റ് താരം റിഷബ് പന്തും തമ്മിൽ റിലേഷൻഷിപ്പിലായിരുന്നെന്നും പിന്നീട് വേർപിരിഞ്ഞെന്നുമുള്ള റൂമർ സമൂഹ മാധ്യമത്തിൽ ചർച്ചയായിരുന്നു. ടി-20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ പന്തിനെ ഉർവശി വിടാതെ പിന്തുടരുന്നുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

പന്ത് പോകുന്നിടത്തെല്ലാം അദ്ദേഹത്തിന് ഇഷ്ടമില്ലാതെ ഉർവശി പിന്തുടർന്ന് പോകുന്നതെന്തിനാണെന്നാണ് ആരാധകരെ ആശങ്കയിലാഴത്തുന്നത്. നടി കഴിഞ്ഞ ദിവസം വിമാനത്തിൽ യാത്ര ചെയ്യുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചതിന് ശേഷമാണ് ഈ ഊഹാപോഹങ്ങൾ വ്യാപകമായത്.

‘ഹൃദയത്തെ പിന്തുടരുന്നു, അതെന്നെ ഓസ്‌ട്രേലിയയിലെത്തിച്ചു. സാഹസങ്ങൾ തുടരുകയാണ്’ എന്ന അടിക്കുറിപ്പോടെയാണ് വിമാനത്തിൽ നിന്നുള്ള ചിത്രങ്ങൾ ഉർവശി പങ്കുവെച്ചത്. തുടർന്ന് ഉർവശിക്ക് നേരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുകയായിരുന്നു.

നടി പ്രശ്നക്കാരിയാണോയെന്നും വിടാതെ വേട്ടയാടുന്ന പെരുമാറ്റമാണോ അവരുടേതെന്നുമാണ് പന്തിന്റെ ആരാധകരിൽ ചിലർ സോഷ്യൽ മീഡിയയിൽ ചോദിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഉർവശി കൃത്യമായി പ്രത്യക്ഷപ്പെടുകയും അവിടെയാണെന്ന് അറിയിച്ച് കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഫോട്ടോസ് പോസ്റ്റ് ചെയ്യുന്നതും പതിവായിട്ടുണ്ട്.

ഏഷ്യാ കപ്പ് നടക്കുമ്പോൾ നടി യു.എ.ഇയിൽ ഉണ്ടായിരുന്നു, അത് യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം എന്ന് കരുതി ആളുകൾ തള്ളിക്കളഞ്ഞിരുന്നെങ്കിലും ലോകകപ്പ് നടക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ഉർവശി ഓസ്‌ട്രേലിയയിൽ എത്തിയതാണ് വലിയ വിവാദത്തിന് വഴിയൊരുക്കിയത്.

തന്റെ പിന്നാലെ ഒരു ക്രിക്കറ്റ് താരം നടക്കുന്നുണ്ടെന്നും അയാൾ തന്നെ കാത്ത് ഹോട്ടൽ മുറികളിൽ ഇരിക്കാറുണ്ടെന്നും ഒരു അഭിമുഖത്തിനിടെ ഉർവശി പറഞ്ഞിരുന്നു. അത് റിഷബ് പന്താണെന്ന് കരുതി പലരും താരത്തിന് സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. കാര്യങ്ങൾ കൂടുതൽ വഷളായി തുടങ്ങിയപ്പോൾ നടിയുടെ പേര് വെളിപ്പെടുത്താതെ പന്ത് തന്റെ പ്രതികരണം അറിയിക്കുകയായിരുന്നു.

”ജനപ്രീതിക്കും വാർത്തകളിൽ ഇടം നേടുന്നതിനുമായി ആളുകൾ അഭിമുഖങ്ങളിൽ കള്ളം പറയുന്നത് രസകരമാണ്. പ്രശസ്തിക്കും പേരിനും വേണ്ടിയുള്ള ചിലരുടെ പ്രകടനം എത്ര സങ്കടകരമാണ്. ദൈവം അവരെ അനുഗ്രഹിക്കട്ടെ,’ പന്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നടിക്ക് മനോരോഗമാണെന്നും അതല്ലാതെ മറ്റൊരാളെ സ്‌റ്റോക്ക് ചെയ്ത് ഇങ്ങനെ ശല്യപ്പെടുത്തേണ്ട കാര്യമില്ലെന്നും പന്ത് ആരാധകരിൽ ചിലർ ട്വിറ്ററിൽ കുറിച്ചു.

Content Highlights: Urvashi Rautela stalks Indian Cricket player

We use cookies to give you the best possible experience. Learn more