പുസ്തകം വായിക്കാത്തവരാണ് സിനിമാ നടികള്‍ എന്നൊരു പറച്ചിലുണ്ടായിരുന്നു; അതില്‍ നിന്ന് വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചുവെന്ന് ഉര്‍വശി
Movie Day
പുസ്തകം വായിക്കാത്തവരാണ് സിനിമാ നടികള്‍ എന്നൊരു പറച്ചിലുണ്ടായിരുന്നു; അതില്‍ നിന്ന് വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചുവെന്ന് ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th July 2021, 5:25 pm

കൊച്ചി: സിനിമയിലെത്തുന്ന കാലത്ത് താന്‍ പഠനം തുടരുന്നുവെന്ന് പലരോടും പറയാന്‍ പേടിയായിരുന്നു എന്ന് പറയുകയാണ് ഉര്‍വശി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് ഉര്‍വശി മനസ്സുതുറന്നത്.

‘സിനിമയിലേക്ക് വരുന്ന സമയത്ത് പഠിത്തം തുടരുന്നുവെന്ന് പറയാന്‍ എനിക്ക് പേടിയായിരുന്നു. കാരണം അതിന് മുമ്പ് ഉണ്ടായിരുന്ന പല മുതിര്‍ന്ന സിനിമാ നടികളും പ്രായമായ ശേഷം പത്താം ക്ലാസ്സ് പാസായി എന്നൊക്കെ പലരും കളിയാക്കുന്ന കാലമായിരുന്നു.

പിന്നെ പുസ്തകം വായിക്കാത്തവരാണ് സിനിമാ നടികള്‍ എന്നൊരു പറച്ചിലുണ്ടായിരുന്നു. അതില്‍ നിന്നൊക്കെ വ്യത്യസ്തമാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ എഴുത്തും വായനയും ഇഷ്ടപ്പെടുന്നുവരോട് അതേപ്പറ്റി മാത്രമെ ഞാന്‍ സംസാരിക്കാറുള്ളു.

എന്റെ കൂട്ടുകാരോടുള്ള ചര്‍ച്ചകളില്‍ ഒന്നിലും സിനിമാ വിശേഷങ്ങളുണ്ടാകില്ല. എന്റെ അമ്മയുമായി ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് പുസ്തകങ്ങളെപ്പറ്റിയാണ്,’ ഉര്‍വശി പറഞ്ഞു.

ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തിയ ഉര്‍വശി മികച്ച കഥാപാത്രങ്ങളാണ് മലയാളിയ്ക്ക് സമ്മാനിച്ചത്. എന്നാല്‍ തന്റെ പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളല്ല സിനിമയില്‍ താന്‍ ചെയ്തതെന്നും ഉര്‍വശി പറഞ്ഞിരുന്നു.

1983ല്‍ തന്റെ പതിമൂന്നാം വയസിലാണ് ഉര്‍വശി ആദ്യമായി നായികയായി അഭിനയിക്കുന്നത്. നായികയായി റിലീസായ ആദ്യ ചിത്രം 1983-ല്‍ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് ആയിരുന്നു. ഈ സിനിമ വന്‍ വിജയം നേടിയത് ഉര്‍വശിയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Urvashi Opens About  Film Career