വനജ-ഗിരിജ എന്ന ചിത്രത്തിൽ ഗായിക ചിത്ര തന്റെ ശബ്ദം അനുകരിച്ചാണ് പാടിയതെന്ന് ഉർവശി. താൻ പാടാനിരുന്ന ഗാനം ആയിരുന്നു അതെന്നും തനിക്ക് സുഖമില്ലാതിരുന്നതിനാൽ ചിത്ര പാടുകയായിരുന്നെനും ഉർവശി പറഞ്ഞു. ചിത്രയുടെ പിറന്നാൾ ദിനത്തിൽ മാതൃഭൂമി നടത്തിയ സ്‌പെഷ്യൽ പരിപാടിയിൽ വീഡിയോ കോളിൽ സംസാരിക്കുകയായിയിരുന്നു ഉർവശി. പരിപാടിയിൽ ചിത്ര പങ്കെടുത്തു.
‘ചിത്ര ചെയ്ത എത്ര പാട്ട് എനിക്കുവേണ്ടി പാടിയിട്ടുണ്ടെന്ന് അറിയില്ല. കൃത്യമായ കണക്ക് ഞാൻ നോക്കിയിട്ടില്ല. പക്ഷെ എനിക്കൊന്നുറപ്പുണ്ട് ചേച്ചി എനിക്കായി പാടിയ എല്ലാ ഗാനങ്ങളും ഹിറ്റാണ്. 1995 ൽ വനജ-ഗിരിജ എന്ന ചിത്രത്തിൽ എനിക്കായി ഒരു ഗാനം പാടിയത് ചേച്ചിയാണ്.
ആ ചിത്രത്തിൽ അൽപം ബുദ്ധികുറവുള്ള കഥാപാത്രം ആണ്. ആദ്യം ആ പാട്ട് എന്നെക്കൊണ്ട് തന്നെ പാടിക്കാൻ ആയിരുന്നു പ്ലാൻ. രാജ സാറിന്റെ (ഇളയരാജ) പാട്ടാണ്. മദ്രാസ്സിൽ വെച്ചായിരുന്നു പാടുന്നത്. അന്ന് അവിടെ നല്ല വെള്ളപ്പൊക്കം ആയിരുന്നു. എനിക്ക് മഴ കൂടിയപ്പോൾ അസുഖം വന്നു. അതുകൊണ്ട് ഞാൻ പാടിയാൽ ശെരിയാകില്ലെന്ന് സാറിനോട് പറഞ്ഞു. ഇല്ല നിങ്ങളുടെ ശബ്ദത്തിൽ പാടുന്നത് തന്നെയാണ് നല്ലതെന്ന് പുള്ളി പറഞ്ഞു.
പക്ഷെ തീരെ വയ്യാത്തതുകൊണ്ട് ചിത്ര ചേച്ചിയെക്കൊണ്ട് പാടിക്കാമെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അങ്ങനെ ആ പാട്ട് ചിത്രച്ചേച്ചിയെക്കൊണ്ട് പാടിപ്പിച്ചു. പക്ഷെ ആ ഗാനം എന്റെ ശബ്ദത്തിൽ അനുകരിച്ച് ചിത്രച്ചേച്ചി പാടുകയായിരുന്നു. ഇന്നും ആ പാട്ട് ചിത്രചേച്ചിയാണ് പാടിയതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല,’ ഉർവശി പറഞ്ഞു.
ഉർവശിയുടെ വീഡിയോ കോളിന് ശേഷം ചിത്രയും സംസാരിച്ചു. ഉർവശിക്ക് വേണ്ടി പാടാൻ പറഞ്ഞപ്പോൾ കൊച്ചു കുട്ടികളുടെ ശബ്ദത്തിൽ പാടിയാൽ മതിയെന്ന് ഇളയരാജ പറഞ്ഞെന്നും എങ്ങനെയാണ് പാടേണ്ടതെന്ന് പറഞ്ഞുതന്നെന്നും ചിത്ര പറഞ്ഞു.
‘വളരെ നിഷ്കളങ്കയായ ഒരു കുട്ടി നിന്ന് പാടുന്നപോലെ ഉണ്ടാകണമെന്ന് ഇളയരാജ സാർ പറഞ്ഞു. അതെങ്ങനെയാണ് പാടുന്നതെന്ന് സാർ എനിക്ക് കാണിച്ചും തന്നു. അത് ഒരു ട്രയൽ നടത്തിയതായിരുന്നു. നല്ല അനുഭവം ആയിരുന്നു,’ ചിത്ര പറഞ്ഞു.
Content Highlights: Urvashi on Chithra