‘പൊന്‍മുട്ടയിടുന്ന താറാവിലും’ ‘തലയണമന്ത്രത്തിലു’മുള്ള തന്റെ കഥാപാത്രങ്ങള്‍ ശരിക്കും നെഗറ്റീവ് കഥാപാത്രം തന്നെയാണെന്ന് ഉര്‍വശി. അന്നത്തെക്കാലത്ത് നായികമാര്‍ ചെയ്യാന്‍ മടിക്കുന്ന റോളുകളാണ് അതൊക്കെയെന്നും അച്ഛനും അമ്മയും ആര്‍ട്ടിസ്റ്റുകളെന്ന നിലയില്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
‘പൊന്‍മുട്ടയിടുന്ന താറാവിലും’ ‘തലയണമന്ത്രത്തിലു’മുള്ള എന്റെ കഥാപാത്രം ശരിക്കും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം തന്നെയാണ്. പക്ഷേ സത്യേട്ടനും (സത്യന്‍ അന്തിക്കാട്) ശ്രീനിയേട്ടനും (ശ്രീനിവാസന്‍) അങ്ങനെ തോന്നാത്തതുപോലെ പ്രസന്റ് ചെയ്തതുകൊണ്ടാണ് ഹ്യൂമര്‍ ആയി തോന്നുന്നത്.
അന്നത്തെക്കാലത്ത് നായികമാര്‍ ചെയ്യാന്‍ മടിക്കുന്ന റോളുകളാണ് അതൊക്കെ. എന്റെ അച്ഛനും അമ്മയും ആര്‍ട്ടിസ്റ്റുകളാണ്. അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. എപ്പോഴും വ്യത്യസ്തമായ റോളുകള്‍ ചെയ്യുന്നവരാണ് ആര്‍ട്ടിസ്റ്റുകളെന്ന് അവര്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്നാണ് എന്റെ അഭിപ്രായം,’ നടി പറഞ്ഞു.
മലയാളത്തില്‍ താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നത് കുറവാണെന്നും വേണു നാഗവള്ളിയുടെ സിനിമകളില്‍ താന്‍ ചെയ്ത കഥാപാത്രങ്ങളൊക്കെ തന്നെ പകര്‍ത്തിയെഴുതിയത് പോലെ തോന്നിയിട്ടുണ്ടെന്നും ഉര്‍വശി പറഞ്ഞു.
‘മലയാളത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടണമെന്നില്ല. എന്നെ തേടി വരുന്ന ചില കഥാപാത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടില്ല എന്നെനിക്ക് തോന്നിയാല്‍ ഞാന്‍ അതൊഴിവാക്കും. അങ്ങനെ ഒഴിവാക്കിയ കഥാപാത്രങ്ങളുണ്ട്.
ഏത് കഥാപാത്രമാണങ്കിലും ആ കഥാപാത്രത്തെ എന്റെയുള്ളിലേക്ക് കൊണ്ട് വന്ന് മാത്രമേ ഞാന്‍ അഭിനയിക്കാറുളളൂ. ഞാന്‍ ചെയ്യുന്ന കഥാപാത്രത്തില്‍ എന്റെ ഒരംശമുണ്ടാകും. വേണു നാഗവള്ളിയുടെ സിനിമകളില്‍ ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങളൊക്കെ അദ്ദേഹം എന്നെ പകര്‍ത്തിയെഴുതിയത് പോലെ തോന്നിയിട്ടുണ്ട്.
ഞാന്‍ അഭിനയിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അദ്ദേഹം എന്നോട് പറയും അഭിനയിക്കുകയൊന്നും വേണ്ട വെറുതേ ബിഹേവ് ചെയ്താല്‍ മതിയെന്ന്. നാടകീയമായി അഭിനയിക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. എനിക്ക് ബിഹേവ് ചെയ്യാനേ പറ്റുള്ളൂ. അത് ഞാന്‍ ചെയ്യുന്നു, അത്രമാത്രം,’ ഉര്‍വശി പറഞ്ഞു.
Content Highlights: Actress Urvashi about her characters