അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ ഭാഗമായതിനെ പറ്റി സംസാരിക്കുകയാണ് ഉര്‍വശി. കുറച്ച് ഭാഗത്ത് മാത്രമാണ് വന്നതെങ്കിലും ചിത്രത്തിലെ ഉര്‍വശിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ ആദ്യം ചിത്രത്തില്‍ അഭിനയിക്കില്ല എന്നാണ് പറഞ്ഞതെന്നും ഒരു തരത്തില്‍ തന്നെ നിര്‍ബന്ധിച്ച് വീട്ടില്‍ വന്ന് വിളിച്ചുകൊണ്ടു പോവുകയായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘അനൂപിന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പുതുമയൊന്നും തോന്നിയില്ല. എന്നാല്‍ ഏറ്റവും അടുപ്പമുള്ളവരായി തോന്നി. എന്റെ വീട്ടിലെ തന്നെ ആളുകളായി തോന്നും. അതില്‍ നിന്നും എങ്ങനെയെങ്കിലും ഒഴിയാന്‍ പല കാരണങ്ങള്‍ കൊണ്ടും നോക്കി. പല കാരണങ്ങള്‍ കൊണ്ടും വേണ്ട, വിട്ടേക്കെന്ന് പറഞ്ഞു.
ഔട്ട്‌ഡോര്‍ ഷൂട്ടാണെന്ന് പറഞ്ഞപ്പോള്‍, ഇപ്പോള്‍ ഔട്ട്‌ഡോര്‍ ഷൂട്ടിന് ഇല്ല, ഞാന്‍ ചെന്നൈയിലാണെന്ന് പറഞ്ഞു. പക്ഷേ അവര്‍ ചെന്നൈയിലാണ് ഷൂട്ട് വെച്ചിരിക്കുന്നതും. പിന്നെ വീട്ടില്‍ വന്ന് നിര്‍ബന്ധപൂര്‍വ്വം അഭിനയിപ്പിച്ചു എന്ന് വേണമെങ്കില്‍ പറയാം. അത്രയും സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അത് മോശമാക്കില്ല എന്നൊരു വിശ്വാസവും നമുക്കുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍ പെട്ടെന്ന് ലൈവാകുന്ന ആളാണ്. അതുപോലെ വിനീതും. അങ്ങനെയുള്ള ഈ ജനറേഷനില്‍ പെട്ട ആളുകള്‍ നമുക്ക് അടുപ്പമുള്ളവരാണ് എന്ന് തോന്നും,’ ഉര്‍വശി പറഞ്ഞു.
ജലധാര പമ്പുസെറ്റാണ് ഒടുവില്‍ പുറത്തിറങ്ങിയ ഉര്‍വശിയുടെ ചിത്രം. ഇന്ദ്രന്‍സും ചിത്രത്തില്‍ ഉര്‍വശിക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇന്ദ്രന്‍സിനൊപ്പമുണ്ടായിട്ടുള്ള അനുഭവങ്ങളെ പറ്റിയും ഉര്‍വശി അഭിമുഖത്തില്‍ സംസാരിച്ചു.
‘ഇന്ദ്രന്‍സേട്ടന്‍ വളരെ സെന്‍സിബിളായിട്ടുള്ള ആളാണ്. സിനിമയില്‍ കോസ്റ്റ്യൂമറായി വര്‍ക്ക് ചെയ്യുമ്പോഴും അന്നത്തെ ഏറ്റവും നല്ല സംവിധായകരുടെ ഒപ്പമായിരുന്നു വര്‍ക്ക്. എനിക്ക് മലയാളത്തില്‍ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കോസ്റ്റ്യൂമറാണ്. എന്റെ മിക്ക മലയാളം സിനിമകളിലും അദ്ദേഹം കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്.
ഭദ്രന്‍ സാറിനെ പോലെയും ഭരതന്‍ അങ്കിളിനെ പോലെയുമുള്ളവര്‍ അദ്ദേഹത്തെ ഇരുത്തി കളര്‍ കോമ്പിനേഷനെ പറ്റി സംസാരിക്കണമെങ്കില്‍ ആ കൂട്ടത്തില്‍ അത്രയും സെന്‍സുള്ള ആളായതുകൊണ്ടല്ലേ.
അന്നത്തെ അദ്ദേഹത്തിന്റെ രൂപം അനുസരിച്ച് കിട്ടിയ കോമഡി റോള്‍സൊക്കെ പറയുന്നത് പോലെ അങ്ങ് ചെയ്യും. കൂടെ അഭിനയിക്കുന്ന ആക്ടേഴ്സ് കളിയാക്കുന്നതൊക്കെ അതേ വിനയത്തോടുകൂടിയാണ് സ്വീകരിച്ചിരുന്നത്. ഇന്നും ആ ഭാവത്തിന് ഒരു മാറ്റവുമില്ല. അതൊരു വലിയ കാര്യമാണ്. അദ്ദേഹത്തിന് ദൈവം അറിഞ്ഞുകൊടുത്തതാണ്,’ ഉര്‍വശി കൂട്ടിച്ചേര്‍ത്തു.
Content Highlight: Urvashi about Varane Avasyamund