സൂരറൈ പോട്രിലെ ആ ഡയലോഗ് കൈയില്‍ നിന്നിട്ടതാണ്: ഉര്‍വശി
Entertainment
സൂരറൈ പോട്രിലെ ആ ഡയലോഗ് കൈയില്‍ നിന്നിട്ടതാണ്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 25th June 2024, 7:03 pm

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ ഉര്‍വശി 1984ല്‍ പുറത്തിറങ്ങിയ എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 600ഓളം സിനിമകളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും, ഒരു തവണ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും ഉര്‍വശി സ്വന്തമാക്കിയിട്ടുണ്ട്.

നിരവധി ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിലും ഉര്‍വശി ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സൂര്യയുടെ അമ്മയായ പേച്ചി എന്ന കഥാപാത്രം നിരവധി പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇമോഷണല്‍ സീനുകളില്‍ സൂര്യയെപ്പോലും നിഷ്പ്രഭമാക്കിയ പ്രകടനമായിരുന്നു ഉര്‍വശിയുടേത്. ചിത്രത്തിലെ ഹിറ്റ് ഡയലോഗായ ‘ജയിച്ചിട് മാരാ’ സ്‌ക്രിപ്റ്റിലില്ലായിരുന്നെന്നും താന്‍ കൈയില്‍ നിന്നിട്ടതാണെന്നും ഉര്‍വശി പറഞ്ഞു.

എട്ട് ദിവസം കൊണ്ടാണ് തന്റെ സീനുകള്‍ തീര്‍ത്തതെന്നും സിനിമയിലെ എല്ലാ ഫോണ്‍കോള്‍ സീനും ഒറ്റ ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തതെന്നും ഉര്‍വശി പറഞ്ഞു. ഓരോ സീന്‍ കഴിയുമ്പോഴും പോയി വേഷം മാറി വന്ന് അടുത്ത സീന്‍ ചെയ്യുകയായിരുന്നുവെന്നും അതിനിടയില്‍ പല ഡയലോഗും മറന്ന് പോയെന്നും സൂര്യയുടെ കഥാപാത്രത്തിന്റെ പേര് ഓര്‍മയില്‍ ഉള്ളതുകൊണ്ട് ‘ജയിച്ചിട് മാരാ’ എന്ന ഡയലോഗ് പറയുകയായിരുന്നുവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഉള്ളൊഴുക്കിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘സൂരറൈ പോട്രിന്റെ ഷൂട്ട് വളരെ പെട്ടെന്ന് തുടങ്ങിയ ഒന്നായിരുന്നു. ആറ് മാസം മുന്നേ ഞാന്‍ ആ സിനിമക്ക് ഡേറ്റ് കൊടുത്തിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ ആ സിനിമയുടെ ഷൂട്ട് തുടങ്ങി. ഞാന്‍ ആ സമയത്ത് ആന്ധ്രയില്‍ ഒരു തെലുങ്ക് പടത്തിന്റെ സെറ്റിലായിരുന്നു. എട്ട് ദിവസത്തെ ബ്രേക്ക് ചോദിച്ചിട്ടാണ് ഞാന്‍ സൂരറൈ പോട്രില്‍ ജോയിന്‍ ചെയ്തത്. എന്റെ സീനുകള്‍ എല്ലാം വേഗം എടുത്ത് തീര്‍ത്തിട്ട് എന്നെ ഫ്രീയാക്കാനാണ് അവര്‍ ശ്രമിച്ചത്.

ആ സിനിമയില്‍ ഞാന്‍ ഫോണ്‍ ചെയ്യുന്ന എല്ലാ സീനുകളും ഒറ്റ ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ഓരോ സീന്‍ കഴിയുമ്പോഴും അടുത്ത സീനിലുള്ള കോസ്റ്റിയൂം മാറ്റി വന്നിട്ട് വേണം അഭിനയിക്കാന്‍. എല്ലാ സീനും ഒരുമിച്ച് ഷൂട്ട് ചെയ്യുന്നത് പല ഡയലോഗും മറന്നുപോയി. അവസാനം നാട്ടുകാരെല്ലാം ചേര്‍ന്ന് ഫോണ്‍ ചെയ്യുന്ന സീനില്‍ എന്ത് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു . സൂര്യയുടെ കഥാപാത്രത്തിന്റെ പേര് മാരനാണെന്ന് അറിയാമായിരുന്നു. ആ ഒരു ഓര്‍മ വെച്ചാണ് ‘ജയിച്ചിട് മാരാ’ എന്ന് പറഞ്ഞത്. ആ സീന്‍ അങ്ങനെ ഹിറ്റാകുമെന്ന് അപ്പോള്‍ അറിയില്ലായിരുന്നു,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi about the phone call scene in Soorarai Pottru movie