ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സമയത്ത് കമല്‍ ഹാസനെ വിളിച്ചു, അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ വല്ലാതായി: ഉര്‍വശി
Entertainment
ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ച സമയത്ത് കമല്‍ ഹാസനെ വിളിച്ചു, അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ വല്ലാതായി: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 13th September 2024, 9:41 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ ഉര്‍വശി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും സ്വന്തമാക്കിയ ഉര്‍വശി ഈ വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി സിനിമാലോകത്തെ ഞെട്ടിച്ചു.

ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എല്ലാം തകര്‍ന്ന് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും അന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് കമല്‍ ഹാസന്റെ വാക്കുകളായിരുന്നുവെന്നും പറയുകയാണ് ഉര്‍വശി. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന വിവരം കമല്‍ ഹാസനെ വിളിച്ച് പറഞ്ഞെന്നും അയാളുടെ മറുപടി കേട്ട് വല്ലാതായെന്നും ഉര്‍വശി പറഞ്ഞു.

നല്ല ധൈര്യമുള്ളവര്‍ക്കേ ആത്മഹത്യ ചെയ്യാനാകൂ എന്നാണ് കമല്‍ ഹാസന്‍ തന്നോട് പറഞ്ഞതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ക്ക് സിനിമയോട് കമ്മിറ്റ്‌മെന്റുണ്ടെന്നും നിങ്ങളുടെ ആരാധകരെപ്പറ്റി ആലോചിച്ചിട്ട് തീരുമാനം എടുക്കൂ എന്നാണ് കമല്‍ പറഞ്ഞതെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം മാത്രമേ മരണത്തെപ്പറ്റി ആളുകള്‍ സംസാരിക്കുള്ളൂവെന്നും അതൊക്കെ ആലോചിച്ചിട്ട് എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കൂ എന്നും കമല്‍ നിര്‍ദേശിച്ചെന്ന് ഉര്‍വശി പറഞ്ഞു.

ആ വാക്കുകള്‍ കേട്ട് വല്ലാതായെന്നും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രചോദനമായത് ആ വാക്കുകളാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ജീവിതത്തില്‍ വലുതെന്ന് വിചാരിച്ച പലതും കൈവിട്ടപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നു. ഇക്കാര്യം ഞാന്‍ കമല്‍ ഹാസനെ വിളിച്ച് പറഞ്ഞു. എന്നെ ഞെട്ടിച്ചുകൊണ്ട് പുള്ളി വളരെ ലാഘവത്തോടെ മറുപടി പറഞ്ഞു. ‘നിങ്ങള്‍ക്ക് നല്ല ധൈര്യമുണ്ട്, ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ചെയ്‌തോളൂ’ എന്നാണ് ആദ്യം പറഞ്ഞത്. സാധരണ എല്ലാവരും പറയുന്നതിന് വിപരീതമായാണ് അദ്ദേഹം സംസാരിച്ചത്. ‘നിങ്ങള്‍ക്ക് സിനിമയോട് കമ്മിറ്റ്‌മെന്റുണ്ട്. അത് മനസില്‍ വെച്ചിട്ട് എന്താണെന്ന് വെച്ചാല്‍ ചെയ്‌തോളൂ’ എന്നും പുള്ളി പറഞ്ഞു.

‘മരിച്ച് കഴിഞ്ഞാല്‍ രണ്ട് ദിവസം മാത്രമേ നിങ്ങളെപ്പറ്റി സംസാരിക്കുകയുള്ളൂ, പിന്നെ നിങ്ങളെപ്പറ്റി ആരും ഓര്‍ക്കില്ല’ എന്നുംകൂടി പുള്ളി പറഞ്ഞു. ഞാനിതൊക്കെ കേട്ട് വല്ലാത്ത അവസ്ഥയിലായി. അതിനെപ്പറ്റിയൊക്കെ ഇരുന്ന് ആലോചിച്ചപ്പോള്‍ ജീവിക്കാനുള്ള ആഗ്രഹം വീണ്ടും വന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ എനിക്ക് പ്രചോദനം തന്നത് അന്ന് കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകളാണ്,’ ഉര്‍വശി പറഞ്ഞു.

Content Highlight: Urvashi about the advice she got from Kamal Haasan