സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞതും ആ റോള്‍ ഞാന്‍ ചെയ്താല്‍ നന്നാകുമെന്ന് സത്യേട്ടന്‍ രഘുനാഥ് പലേരിയോട് പറഞ്ഞു: ഉര്‍വശി
Entertainment
സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞതും ആ റോള്‍ ഞാന്‍ ചെയ്താല്‍ നന്നാകുമെന്ന് സത്യേട്ടന്‍ രഘുനാഥ് പലേരിയോട് പറഞ്ഞു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd January 2025, 5:20 pm

മലയാളസിനിമയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ് ഉര്‍വശി. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇതിനോടകം 600ലധികം സിനിമകളുടെ ഭാഗമായിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആറ് തവണ സ്വന്തമാക്കിയ ഉര്‍വശി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഉര്‍വശിക്ക് കരിയറിലെ ആദ്യത്തെ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ചിത്രങ്ങളായിരുന്നു മഴവില്‍ക്കാവടിയും വര്‍ത്തമാനകാലവും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മഴവില്‍ക്കാവടിയിലെ ആനന്ദവല്ലിയും വര്‍ത്തമാനകാലത്തിലെ അരുന്ധതിയും ഉര്‍വശിയുടെ മികച്ച പ്രകടനമായിരുന്നു. രണ്ട് ചിത്രങ്ങളുടെയും ഷൂട്ട് ഒരേ സമയത്തായിരുന്നെന്ന് ഉര്‍വശി പറഞ്ഞു.

വര്‍ത്തമാനകാലത്തിലേക്ക് തന്നെ വിളിച്ചതിന് ശേഷമാണ് മഴവില്‍ക്കാവടിയുടെ സ്‌ക്രിപ്റ്റ് കംപ്ലീറ്റായതെന്നും ആനന്ദവല്ലി എന്ന കഥാപാത്രം താന്‍ ചെയ്താല്‍ നന്നാകുമെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. രഘുനാഥ് പലേരി സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ ആനന്ദവല്ലി എന്ന ക്യാരക്ടര്‍ ഉര്‍വശിയല്ലാതെ വേറെയാരും ചെയ്യണ്ടെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞെന്നും ആ ചിത്രവം തനിക്ക് ഒഴിവാക്കാന്‍ തോന്നിയില്ലെന്നും ഉര്‍വശി പറഞ്ഞു.

വര്‍ത്തമാനകാലത്തിന്റെ ഷൂട്ട് ഷൊര്‍ണൂരും മഴവില്‍ക്കാവടിയുടെ ഷൂട്ട് പഴനിയിലുമായിരുന്നെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ആനന്ദവല്ലി എന്ന കഥാപാത്രം അത്രക്ക് മികച്ചതായതുകൊണ്ട് ഒരു പാട്ടും കൂടി സത്യന്‍ അന്തിക്കാട് ഉള്‍പ്പെടുത്തിയെന്നും ഉര്‍വശി പറഞ്ഞു. പഴനിയിലെ ഷൂട്ട് കഴിഞ്ഞ് നേരെ ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്നു പതിവെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘മഴവില്‍ക്കാവടിയുടെ കൂടെ ഷൂട്ട് നടന്ന സിനിമയായിരുന്നു വര്‍ത്തമാനകാലം. ഐ.വി. ശശി സാറായിരുന്നു അതിന്റെ ഡയറക്ടര്‍. വര്‍ത്തമാനകാലത്തിലേക്ക് ഞാന്‍ ഡേറ്റ് കൊടുത്തതിന് ശേഷമാണ് സത്യേട്ടന്‍ മഴവില്‍ക്കാവടിയിലേക്ക് വിളിച്ചത്. അതിന്റെ സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞതും രഘുനാഥ് പലേരിയോട് ‘ആനന്ദവല്ലി എന്ന ക്യാരക്ടര്‍ വേറെയാരും ചെയ്യണ്ട. അത് ഉര്‍വശി ചെയ്താല്‍ മതി’ എന്ന് സത്യേട്ടന്‍ പറഞ്ഞതായി അറിഞ്ഞു.

അങ്ങനെ രണ്ട് സിനിമയും ഒരേ സമയത്ത് ചെയ്യേണ്ടിവന്നു. മഴവില്‍ക്കാവടിയുടെ ഷൂട്ട് പഴനിയിലും വര്‍ത്തമാനകാലത്തിന്റെ ഷൂട്ട് ഷൊര്‍ണൂരും ആയിരുന്നു. ആനന്ദവല്ലി എന്ന ക്യാരക്ടര്‍ അത്രക്ക് മനോഹരമായതുകൊണ്ട് ഒരു പാട്ടൊക്കെ ആഡ് ചെയ്തു. ആ പാട്ടൊക്കെ ഷൂട്ട് ചെയ്ത് പഴനിയില്‍ നിന്ന് ന്രെ ഷൊര്‍ണൂരിലേക്ക് വണ്ടി കയറുന്നതായിരുന്നു പതിവ്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi about Sathyan Anthikkad and Mazhavilkkavadi movie