| Tuesday, 24th November 2020, 12:12 pm

ഇടക്ക് ചില ഒടക്കുണ്ടാവും, എന്നാലും ഒപ്പം അഭിനയിക്കുന്നയാള്‍ തന്നേക്കാള്‍ നന്നായി ചെയ്യുമോ എന്ന കോംപ്ലക്‌സ് ഇല്ലാത്ത താരം: ജയറാമിനെകുറിച്ച് ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്ക് ശേഷം പുത്തംപുതുകാലൈ സിനിമയില്‍ ജയറാമിനെയും ഉര്‍വശിയെയും ഒന്നിച്ചുകണ്ടത് സിനിമാപ്രേമികള്‍ ആഘോഷമാക്കിയായിരുന്നു. സ്‌ക്രീനിലെ ഇരുവരുടെയും കെമിസ്ട്രിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നായിരുന്നു ആരാധകര്‍ പ്രധാനമായും പറഞ്ഞത്. ഇപ്പോള്‍ ജയറാമെന്ന നടനെക്കുറിച്ചും സുഹൃത്തിനെക്കുറിച്ചും തുറന്നുപറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ഉര്‍വശി. ഡൂള്‍ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഒരു പത്ത് വര്‍ഷം കഴിഞ്ഞ് കണ്ടാലും ഇന്നലെ കണ്ട ഒരു ക്ലാസ്മേറ്റിന്റെ ഫീലാണ്. ഈക്വലായി, ഒരു സഹപാഠിയെപ്പോലെ സംസാരിക്കാന്‍ പറ്റിയത് ജയറാമിന്റെ കൂടെ അഭിനയിച്ചു തുടങ്ങിയപ്പോള്‍ ആണ്. ഞാന്‍ ഏറ്റവും കൂടുതല്‍ നായികയായിട്ട് അഭിനയിക്കുന്നതും ജയറാമിന്റെ കൂടെയാണ്. ആ ഒരു സ്വാതന്ത്ര്യം എപ്പോഴും ഉണ്ട്. ഇടയ്ക്ക് ചില ഒടക്ക് ഒക്കെ നടക്കും. പിന്നെ അതൊക്കെ മാറും.

അടുത്ത് നില്‍ക്കുന്ന ആര്‍ട്ടിസ്റ്റ് ഡോമിനേറ്റ് ചെയ്യുമോ എന്നുള്ള കോംപ്ലെക്സ് ഇല്ലാത്ത താരമാണ് ജയറാം. ഒരു സീനില്‍ ചിലപ്പോള്‍ ഞാന്‍ ആയിരിക്കും ഏറ്റവും ഇംപ്രവൈസ് ചെയ്ത് ചെയ്യുന്നത്. അത് ആസ്വദിച്ച് ഇങ്ങനെ കൂടി ചെയ്യാന്‍ പറഞ്ഞു തരും, അല്ലാതെ ഞാന്‍ ഹീറോ ആണ്, ഞാന്‍ ഇങ്ങനെ ഈ സീനില്‍ ഡമ്മിയായി നിന്ന് പോകുമെന്ന് ജയറാം ഒരിക്കലും ഫീല്‍ ചെയ്തതായി എനിക്ക് അറിയില്ല. എനിക്ക് ഇപ്പോള്‍ പുത്തംപുതുകാലൈയില്‍ കാണുമ്പോഴും രണ്ട് ദിവസം മുമ്പ് ഞങ്ങള്‍ വര്‍ക്ക് ചെയ്ത് പിരിഞ്ഞ പോലുള്ള ഫീലേ അനുഭവപ്പെടുന്നുള്ളു.

ഡയലോഗ് ഇംപ്രവൈസ് ചെയ്യുക, സംസാരിക്കുക ഇതൊക്കെയായിരുന്നു ഷൂട്ടിംഗ് സെറ്റില്‍ പ്രധാനമായും ചെയ്തിരുന്നത്. ഞങ്ങള്‍ക്ക് മെച്ച്വറായ മക്കളൊക്കെ ഉണ്ട് എന്നൊക്കെ മറന്നുപോകുകയായിരുന്നു. ഞങ്ങളെ കാണുമ്പോള്‍ ഡയറക്ടര്‍ക്ക് അതിശയമായിരുന്നു. നല്ല രസകരമായ ഒരു അനുഭവം ആയിരുന്നു അത്.’ ഉര്‍വശി പറഞ്ഞു.

പുത്തംപുതുകാലൈ, സുരാരൈ പോട്രു, മൂക്കുത്തി അമ്മന്‍ എന്നീ അടുത്ത കാലത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ സിനിമാലോകത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ഉര്‍വശി. മൂന്ന് ചിത്രങ്ങളിലും തികച്ചും വ്യത്യസ്തമായ റോളുകളാണ് നടി കൈകാര്യം ചെയ്തതെന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാണ് ഉര്‍വശിയെന്നും അഭിപ്രായങ്ങളുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Urvashi about Jayaram

We use cookies to give you the best possible experience. Learn more