ഈ ജനറേഷനിലെ സംവിധായകരോട് എനിക്ക് വലിയ നന്ദി തോന്നുന്നത് ആ ഒരു കാര്യത്തിലാണ്: ഉര്‍വശി
Entertainment
ഈ ജനറേഷനിലെ സംവിധായകരോട് എനിക്ക് വലിയ നന്ദി തോന്നുന്നത് ആ ഒരു കാര്യത്തിലാണ്: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th December 2024, 9:03 am

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് ഉര്‍വശി. തമിഴിലൂടെ നായികയായി അരങ്ങേറിയ ഉര്‍വശി 45 വര്‍ഷത്തെ കരിയറില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ ഉര്‍വശി അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡും തന്റെ പേരിലാക്കി.

പുതിയ തലമുറയില്‍പെട്ട സംവിധായകരെക്കുറിച്ച് സംസാരിക്കുകയാണ് ഉര്‍വശി. ഓരോ ആര്‍ട്ടിസ്റ്റിനും അവരുടെ മാക്‌സിമം പൊട്ടന്‍ഷ്യല്‍ പുറത്തെടുക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ നല്‍കുന്നത് തനിക്ക് ഒരുപാട് സന്തോഷം നല്‍കുന്ന ഒന്നാണെന്ന് ഉര്‍വശി പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് കോമഡി വേഷം ചെയ്ത ഇന്ദ്രന്‍സിനെ സ്ഥിരം കോമഡി നടനാക്കിയെന്നും അതില്‍ മാറ്റം കൊണ്ടുവന്നത് ഇപ്പോഴുള്ള സംവിധായകരാണെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

ഇന്ദ്രന്‍സിന് സീരിയസ് വേഷവും ചേരുമെന്ന് തനിക്ക് മുന്നേ അറിയാമായിരുന്നെന്ന് ഉര്‍വശി പറഞ്ഞു. തന്നെയും ഇന്ദ്രന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആദ്യം പ്ലാന്‍ ചെയ്തതെന്നും എന്നാല്‍ അത് നടക്കാതെ പോയെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ഓരോ ആര്‍ട്ടിസ്റ്റുകളെയും ടൈപ്പ്കാസ്റ്റ് ചെയ്യാതെ അവര്‍ക്ക് ഇങ്ങനെ അവസരം നല്‍കുന്നതില്‍ തനിക്ക് പുതിയ കാലത്തെ സംവിധായകരോട് നന്ദിയുണ്ടെന്ന് ഉര്‍വശി പറഞ്ഞു. മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘ഇന്ദ്രന്‍സിന് ആദ്യമായി സീരിയസ് കഥാപാത്രം എന്റെ കൂടെയായിരുന്നു ചെയ്യേണ്ടിയിരുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആയിരുന്നു ആ പടം. പക്ഷേ അത് നടന്നില്ല. ഇന്ദ്രന്‍സിന് സീരിയസ് റോളും ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് മുന്നേ അറിയാമായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ കുറച്ച് കോമഡി റോള്‍ ചെയ്യേണ്ടി വന്നതുകൊണ്ട് പിന്നീട് കോമഡി നടനായി ഒതുങ്ങേണ്ടി വന്നതാണ് പുള്ളിക്ക്.

ഇപ്പോള്‍ ഇന്ദ്രന്‍സിന് നല്ല റോളുകളൊക്കെ കിട്ടിത്തുടങ്ങി. ഇപ്പോഴത്തെ ജനറേഷനിലെ സംവിധായകരോട് എനിക്ക് ഏറ്റവും വലിയ നന്ദിയുള്ളത് ഈയൊരു കാര്യത്തിലാണ്. ഏത് ആര്‍ട്ടിസ്റ്റായാലും അവരുടെ പൊട്ടന്‍ഷ്യല്‍ മൊത്തം എടുക്കാന്‍ കഴിയുന്ന റോളുകളാണ് കൊടുക്കാറ്. ആരെയും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട് കണ്ടിട്ടില്ല. അത് നല്ല കാര്യമായിട്ടാണ് തോന്നുന്നത്,’ ഉര്‍വശി പറയുന്നു.

Content Highlight: Urvashi about Indrans and new generation directors