| Monday, 5th July 2021, 7:37 pm

പുതിയതായി ഒരു നായിക വന്നിട്ടുണ്ട്, സ്‌കൂള്‍ ഫിനിഷ് ചെയ്തിട്ടില്ല, അഹങ്കാരിയാണ്; ആദ്യ വിമര്‍ശനത്തെപ്പറ്റി ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മുന്താണെ മുടിച്ച് എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി ചലച്ചിത്രലോകത്തേക്ക് എത്തിയ നടിയാണ് ഉര്‍വശി. തുടക്കകാലത്ത് സിനിമയോടുള്ള തന്റെ താത്പര്യക്കുറവിനെപ്പറ്റി പല വേദികളിലും ഉര്‍വശി തുറന്നുപറഞ്ഞിരുന്നു.

ആദ്യ ചിത്രത്തിലെ അഭിനയത്തിന് ശേഷം തനിക്ക് ലഭിച്ച ആദ്യത്തെ വിമര്‍ശനം ഒരു അഹങ്കാരിയായ നടിയെന്ന പേരായിരുന്നുവെന്ന് പറയുകയാണ് ഉര്‍വശി. കുറച്ച് വര്‍ഷം മുമ്പ് ജെ.ബി.ജംഗ്ഷന്‍ പരിപാടിക്കിടെയാണ് ഉര്‍വശിയുടെ പ്രതികരണം.

‘ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അവിടെ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നായിരുന്നു അന്നത്തെ എന്റെ ചിന്ത. ആ സമയത്ത് എന്നെ കുറിച്ച് ആദ്യമായി വന്ന ഒരു വിമര്‍ശനം ഉണ്ട്.

ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ചിത്രത്തില്‍ വൈദ്യരുടെ വേഷം ചെയ്ത ഒരു ആര്‍ട്ടിസ്റ്റുണ്ടായിരുന്നു. അദ്ദേഹം ഒരു ഫ്രീലാന്‍സറായിരുന്നു. ഫയല്‍വാന്‍ ഗംഗനാഥന്‍ എന്നോ മറ്റോ ആണ് അദ്ദേഹത്തിന്റെ പേര്.

അന്ന് അദ്ദേഹം കൊടുത്ത ഒരു നാലുവരിയാണ് ദിനതന്തി പേപ്പറില്‍ എന്നെക്കുറിച്ച് വരുന്ന ആദ്യ വിമര്‍ശനം. ഒരു ഗോസിപ്പ് പോലെ അത് വന്നു. പുതുതായി ഒരു നായിക വന്നിട്ടുണ്ട്. സ്‌കൂള്‍ ഫിനിഷ് ചെയ്തിട്ടില്ല.

പക്ഷെ ഭയങ്കര അഹങ്കാരിയാണ്. സംവിധായകന്‍ പറഞ്ഞാല്‍ ഒന്നും കേള്‍ക്കത്തില്ല. ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട് പോകും. എന്നായിരുന്നു ആ വരികള്‍.

അതിന് കാരണം മറ്റൊന്നുമല്ല. ഷൂട്ടിംഗ് സമയത്ത് രാത്രി ഏഴ് മണിയായിക്കഴിഞ്ഞാല്‍ ഞാന്‍ ഭക്ഷണം കഴിച്ച് ഏതെങ്കിലും വീട്ടില്‍ പോയിക്കിടന്ന് ഉറങ്ങുമായിരുന്നു.

അതൊരു ഗ്രാമമായിരുന്നു. ഷൂട്ടിംഗ് രാത്രി ഒമ്പതര പത്ത് മണിവരെയൊക്കെ നീളുമായിരുന്നു. ആ ചിത്രത്തില്‍ ഒരു പാട്ടുണ്ട്. അത് ഷൂട്ട് ചെയ്യാന്‍ ഏകദേശം 21 ദിവസമാണ് എടുത്തത്. കാരണം മറ്റൊന്നുമല്ല. ഞാന്‍ ഏഴുമണിയാകുമ്പോള്‍ ഉറങ്ങും. ഉറക്കത്തില്‍ വിളിച്ചാല്‍ ഞാന്‍ കരയുമായിരുന്നു,’ ഉര്‍വശി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights; Urvashi About Her First Criticism

Latest Stories

We use cookies to give you the best possible experience. Learn more