മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. നാലരപ്പതിറ്റാണ്ടായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഉര്‍വശി ഒരു ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം റിലീസായ ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഞെട്ടിച്ചുകൊണ്ടാണ് കരിയറിലെ ആറാമത്തെ സംസ്ഥാന അവാര്‍ഡ് നേടിയത്.
ഒരു ഇടവേളയ്ക്ക് ശേഷം ഉർവശി ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ. മഴവിൽ കാവടി, തലയണമന്ത്രം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളെല്ലാം ഈ കൂട്ടുകെട്ട് ഒന്നിച്ച സിനിമകളായിരുന്നു. ഉർവശിയോടൊപ്പം മീര ജാസ്മിനും പ്രധാന വേഷത്തിൽ എത്തിയ അച്ചുവിന്റെ അമ്മ ബോക്സ് ഓഫീസിൽ വലിയ വിജയമാവുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിരുന്നു.
അച്ചുവിന്റെ അമ്മ താൻ തെരഞ്ഞെടുത്തില്ലെങ്കിൽ ആ സിനിമ മാറ്റി വെക്കേണ്ടി വന്നേനെയെന്ന് ഉർവശി പറയുന്നു. തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനാണ് സത്യൻ അന്തിക്കാടെന്നും അങ്ങനെയാണ് ആ സിനിമയുടെ ഭാഗമായതെന്നും ഉർവശി പറയുന്നു. എന്നാൽ അച്ചുവിന്റെ അമ്മക്ക് ശേഷം വന്ന സിനിമകളെല്ലാം സമാന സ്വഭാവമുള്ളവയായിരുന്നുവെന്നും ഉർവശി പറഞ്ഞു.
‘അച്ചുവിന്റെ അമ്മ ചെയ്യുമ്പോൾ ഒരു അമ്മ കഥാപാത്രം ചെയ്യാനുള്ള പ്രായം എനിക്കുണ്ടായിരുന്നില്ല. ആ സിനിമ ചെയ്യുമ്പോൾ എന്റെ മോൾക്ക് അന്ന് രണ്ടര വയസ്സ് മാത്രമേയുള്ളൂ. ആ കഥാപാത്രം തെരഞ്ഞെടുത്തത് തീർച്ചയായും സിനിമയിലേക്ക് തിരിച്ചുവരണം എന്ന് ആഗ്രഹമുള്ളത് കൊണ്ട് തന്നെയാണ്. ഞാൻ ചെയ്തില്ലെങ്കിൽ ആ ഒരു സ്ക്രിപ്റ്റ് പിന്നെ മാറ്റി വെക്കാനേ പറ്റുള്ളൂവെന്ന് പറഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സംവിധായകൻ അങ്ങനെ പറയുമ്പോൾ അതിൽ വിശ്വസിക്കുക എന്നതാണ് എനിക്ക് ചെയ്യാൻ പറ്റുക. അങ്ങനെയാണ് ഞാൻ ആ കഥാപാത്രം തെരഞ്ഞെടുത്തത്. പക്ഷെ പിന്നെയുള്ള സംഗതി ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെയായി. ഒരേ പറ്റേണിൽ കുറെ കഥകൾ വന്നു.
അതിൽ നിന്ന് ഞാൻ മമ്മി ആൻഡ് മീയും സകുടുംബം ശ്യാമളയും ചൂസ് ചെയ്തു. രണ്ടും രണ്ട് വ്യത്യസ്തത ഉള്ളതുകൊണ്ട്. പിന്നെ അത് തന്നെ. സംവിധായകന്റെ സ്റ്റുഡന്റ് ആയിട്ടെ എനിക്കന്നും ഇന്നും നിൽക്കാൻ പറ്റിയിട്ടുള്ളൂ,’ഉർവശി പറയുന്നു.
Content Highlight: Urvashi About Her Comeback In Achuvinte Amma