| Wednesday, 13th November 2024, 3:35 pm

സ്റ്റാർഡത്തേക്കാൾ താനൊരു മികച്ച നടനാണെന്ന് തെളിയിച്ച യുവ നടൻ, ഇന്ത്യൻ ഫിലിമിൽ സ്വാധീനമുണ്ടാക്കാൻ അയാൾക്കാവും: ഉർവശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരുടെ പട്ടികയില്‍ മുന്‍നിരയിലുള്ള നടിയാണ് ഉര്‍വശി. ബാലതാരമായി സിനിമാലോകത്തേക്കെത്തിയ ഉര്‍വശി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 700ലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഒരു ദേശീയ അവാര്‍ഡും സ്വന്തമാക്കിയ ഉര്‍വശി ഈ വര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി സിനിമാലോകത്തെ ഞെട്ടിച്ചു.

മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയവരുടെ നായികയായി അഭിനയിച്ചിട്ടുള്ള ഉർവശി നിലവിൽ മലയാളത്തിലെ മികച്ച നടനാരാണെന്ന് പറയുകയാണ്. ഇപ്പോൾ എളുപ്പത്തിൽ പറയാൻ കഴിയുന്ന പേര് ഫഹദ് ഫാസിലിന്റേതാണെന്നും ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനായി ഫഹദിന് മാറാൻ കഴിയുമെന്നും ഉർവശി പറയുന്നു.

ഒന്നിനോടൊന്ന് സാമ്യമില്ലാത്ത കഥാപാത്രങ്ങളാണ് ഫഹദ് തെരഞ്ഞെടുക്കുന്നതെന്നും കരിയറിന്റെ തുടക്കത്തിൽ തന്നെ വ്യത്യസ്ത കഥാപാത്രങ്ങൾ ഫഹദ് അവതരിപ്പിച്ചുവെന്നും മലയാള മനോരമ നേരെ ചൊവ്വേ പരിപാടിയിൽ ഉർവശി പറഞ്ഞു.

‘ഇന്നത്തെ മികച്ച നടൻ ആരാണെന്ന് ചോദിച്ചാൽ ഏറ്റവും എളുപ്പം പറയാൻ പറ്റുന്ന ഒരു പേര് ഫഹദ് ഫാസിൽ എന്നാണ്. ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഒരു നടനായി അയാൾ മാറുമെന്നുള്ളതിൽ ഒരു സംശയവുമില്ല.

ഏത് കഥാപാത്രവും ചെയ്യാൻ കഴിയുന്ന ഒരു നടനായി ഫഹദ് മാറി. അദ്ദേഹം കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത് തന്നെ ഒന്നിനോടൊന്ന് ഉപമിക്കാൻ പറ്റാത്ത വിധത്തിലാണ്. അതിൽ പക്കാ നെഗറ്റീവും ചെയ്തിട്ടുണ്ട് എന്നതാണ് എടുത്ത് പറയേണ്ടത്.

22 ഫീമെയിൽ കോട്ടയം പോലെയും ചാപ്പ കുരിശ് പോലെയുമുള്ള സിനിമകളുമൊക്കെ ഫഹദ് ചെയ്തു. കരിയറിന്റെ തുടക്കകാലത്ത് തന്നെ ഞാനൊരു ഹീറോയാണ്, ആ സ്റ്റാർഡം നിലനിർത്തണമെന്നൊക്കെ ചിന്തിക്കുന്നതിന് പകരം ഒരു ബെസ്റ്റ് ആക്ടറാണെന്ന് ഫഹദ് തെളിയിച്ചു.

ഏറ്റവും ഒടുവിൽ ഇറങ്ങിയ ആവേശം എന്ന സിനിമയിലൂടെ ഒരു ആക്ഷൻ പോർഷനും കൂടെ ചെയ്ത് കഴിഞ്ഞപ്പോൾ എല്ലാമായി. ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഇനി വളരെയേറെ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്ന നടനാണ് ഫഹദ് ഫാസിൽ,’ഉർവശി പറയുന്നു.

Content Highlight: Urvashi About Fahad Fazil And His Characters

We use cookies to give you the best possible experience. Learn more