ദേശാടനക്കിളിയില്‍ ആ കഥാപാത്രം ചെയ്യാനിരുന്നത് ഞാനായിരുന്നു; പിന്നീട് ടീച്ചറുടെ റോളില്‍ അഭിനയിച്ചു: ഉര്‍വശി
Entertainment
ദേശാടനക്കിളിയില്‍ ആ കഥാപാത്രം ചെയ്യാനിരുന്നത് ഞാനായിരുന്നു; പിന്നീട് ടീച്ചറുടെ റോളില്‍ അഭിനയിച്ചു: ഉര്‍വശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th August 2023, 3:43 pm

ദേശാടനക്കിളി കരയാറില്ല എന്ന പത്മരാജന്റെ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ഉര്‍വശി. അതില്‍ കുട്ടികളിലൊരാളുടെ കഥാപാത്രമായിരുന്നു താന്‍ ചെയ്യേണ്ടിയിരുന്നതെന്നും എന്നാല്‍ പിന്നീട് ടീച്ചറുടെ റോളിലേക്ക് മാറ്റുകയായിരുന്നുവെന്നും ഉര്‍വശി പറഞ്ഞു. പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങളാണ് പഴയ കാലത്ത് ചെയ്തതെന്നും അവര്‍ പറഞ്ഞു. സംവിധായകര്‍ പറഞ്ഞ് തന്നതാണ് ആ സമയത്ത് അഭിനയിച്ചതെന്നും നടി ബിഹൈന്‍ഡ്‌സ് വുഡിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പണ്ടത്തെ സിനിമകളൊന്നും മറക്കാന്‍ സാധിക്കില്ല. നമ്മള്‍ വളരുന്ന കാലത്തുള്ള കാര്യങ്ങളല്ലേ അതൊക്കെ. അന്നൊക്കെ സംവിധായകര്‍ പറഞ്ഞ് തരും നമ്മള്‍ അഭിനയിക്കും. അതും പ്രായത്തില്‍ കവിഞ്ഞ കഥാപാത്രങ്ങളാണ് ചെയ്തത്.

ദേശാടനക്കിളിയില്‍ ഞാന്‍ ചെയ്യാനിരുന്നത് രണ്ട് കുട്ടികളിലൊരാളുടെ റോള്‍ ആയിരുന്നു. ഷൂട്ടിന് ചെന്നപ്പോള്‍ എന്റെ റോള്‍ ചെയ്യാനിരുന്നത് ജലജ ചേച്ചി ആയിരുന്നു. ടീച്ചറുടെ റോള്‍ ചെയ്യുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞാണ് ആദ്യത്തെ ദിവസം ആ റോള്‍ ഞാന്‍ ചെയ്യുന്നത്.

ഓരോന്നും സംവിധായകരുടെ തീരുമാനമാണ്. അവര്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍വെച്ചായിരുന്നു അഭിനയിച്ച് കൊണ്ടിരുന്നത്. പക്ഷേ അന്നത്തെ എല്ലാ സിനിമയെക്കുറിച്ചും എനിക്ക് നല്ല ഓര്‍മ ഉണ്ട്,’ ഉര്‍വശി പറഞ്ഞു.

പഴയകാല സംവിധായകരെയും ഇപ്പോഴത്തെ സംവിധായകരെയും കുറിച്ചും ഉര്‍വശി സംസാരിച്ചു. പണ്ടത്തെ സംവിധായകരോട് അധ്യാപകരോടെന്ന പോലെ സംശയം ചോദിക്കുമായിരുന്നുവെന്ന് നടി പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സംവിധായകരോട് കുറച്ച് കൂടി സ്വാതന്ത്ര്യത്തോടെ  പെരുമാറാന്‍ സാധിക്കുമെന്നും ഉര്‍വശി പറഞ്ഞു.

‘ആദ്യത്തെ സിനിമ മുതല്‍ സംവിധായകരോട് സംശയങ്ങളെല്ലാം ചോദിച്ചിരുന്നു. എല്ലാ പഠിച്ച് വരുന്ന സമയമായത് കൊണ്ട് ഒരു അധ്യാപകനോട് വിദ്യാര്‍ത്ഥി സംശയം ചോദിക്കുന്ന ഭാവമായിരുന്നു എനിക്ക്. എന്തുകൊണ്ടാണ് ഈ കഥാപാത്രം ഇങ്ങനെ പെരുമാറുന്നതെന്നൊക്കെ ഞാന്‍ ചോദിക്കുമായിരുന്നു. എല്ലാം പറഞ്ഞ് മനസിലാക്കി തരുമായിരുന്നു.

പക്ഷേ കുറച്ച് കൂടി ഫ്രീഡമാണ് ഇപ്പോഴത്തെ സംവിധായകരോട് സംസാരിക്കാന്‍. അവര്‍ ഫ്‌ലക്‌സിബിളാണ്. അവരെ സംബന്ധിച്ച് ഒരു കൂട്ടായ്മയായി നിന്ന് സിനിമ നന്നാക്കണമെന്നേയുള്ളൂ. ഞാന്‍ വിചാരിക്കുന്നത് മാത്രമാണ് നല്ലതെന്ന് കരുതുന്ന വളരെ കുറച്ച് പേര്‍ മാത്രമേയുള്ളൂ. അങ്ങനെയുള്ളവര്‍ക്ക് കൂട്ടായ്മയുടെ ഫലം കിട്ടുകയുമില്ല,’ ഉര്‍വശി പറഞ്ഞു.

സാനു കെ.ചന്ദ്രന്‍, ആശിഷ് ചിന്നപ്പ, പ്രിജിന്‍ എം.പി. എന്നിവര്‍ തിരക്കഥയെഴുതി ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ജലധാര പമ്പ് സെറ്റ് എന്ന സിനിമയാണ് ഉര്‍വശിയുടെ ഏറ്റവും പുതിയ ചിത്രം. ഉര്‍വശിയെ കൂടാതെ ഇന്ദ്രന്‍സ്, ടി.ജി. രവി, ജോണി ആന്റണി, വിജയരാഘവന്‍, സജിന്‍ ചെറുകയില്‍, സനുഷ, നിഷ സാരംഗ്, അല്‍താഫ് സലിം, വിഷ്ണു ഗോവിന്ദന്‍, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. വണ്ടര്‍ ഫ്രെയിംസ് ഫിലിമിലാന്‍ഡ് പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററുകളില്‍ എത്തും.

CONTENT HIGHLIGHTS: urvashi about deshadanakkili karayarilla