| Friday, 15th June 2018, 7:39 pm

അവസാനനിമിഷം ഉറുഗ്വായ്; ഈജിപ്തിനെതിരെ ഒരു ഗോള്‍ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍… ഈജിപ്ത്യന്‍ പ്രതിരോധവും നിര്‍ഭാഗ്യവും ഉറുഗ്വായ്ക്ക്മുന്നില്‍ വന്‍മതില്‍ തീര്‍ത്തപ്പോള്‍ 90 ാം മിനിറ്റില്‍ സാഞ്ചെസിന്റെ ഫ്രീകിക്ക് ക്രോസിനു തലവെച്ച ഗിമിനസിന് പിഴച്ചില്ല. ലോകകപ്പിലെ  തങ്ങളുടെ ആദ്യമത്സരത്തില്‍ സമനിലയിലേക്ക് നീങ്ങിയ പോരാട്ടത്തില്‍ ഉറുഗ്വായ്ക്ക് ജയം.

28 വര്‍ഷത്തിനുശേഷം ലോകകപ്പിനിറങ്ങിയ ഈജിപ്തിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വായ് തോല്‍പ്പിച്ചത്.

സൂപ്പര്‍താരം സലാ ഇല്ലാതെയിറങ്ങിയ ഈജിപ്ത് ഉറുഗ്വായെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയത്. ഗോള്‍രഹിതമായ ആദ്യപകുതിയ്ക്കുശേഷം രണ്ടാം പകുതിയില്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ ഇരുടീമിനും നിര്‍ഭാഗ്യങ്ങളുടെ ദിവസമായിരുന്നു ഇന്ന്.

രണ്ടാംപകുതി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ തുറന്നുകിട്ടിയ അവസരം മുതലാക്കാന്‍ സുവാരസിനായില്ല. സുവാരസിന്റെ ശ്രമം ഈജിപ്ഷ്യന്‍ ഗോളി തട്ടിയകറ്റുകയായിരുന്നു.

73 ാം മിനിറ്റിലും സുവാരസിന്റെ ഗോള്‍ ശ്രമം പാഴായി. നേരത്തെ ആദ്യപകുതിയിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സുവാരസിനായിരുന്നില്ല. 88ാം മിനിറ്റില്‍ എഡിസണ്‍ കവാനിയ്ക്ക് ലഭിച്ച ഫ്രീകിക്ക് ബാറില്‍ തട്ടിത്തെറിച്ചതോടെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതി.

എന്നാല്‍ അവസാനം നിമിഷം ലഭിച്ച ഫ്രീകിക്ക് ഗോളാക്കി ഉറുഗ്വായ ഗ്രൂപ്പില്‍ മേധാവിത്വം നേടി.

We use cookies to give you the best possible experience. Learn more