2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വായ്ക്ക് ജയം. അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഉറുഗ്വായ് തകര്‍ത്തത്. ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് തോറ്റതിനുശേഷമുഉള്ള അർജന്റീനയുടെ ആദ്യ തോൽവിയായിരുന്നു ഇത്.
ലാ ബൊമ്പോനെറാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 ഫോര്‍മേഷനിലാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു ഉറുഗ്വായ് പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 41ാം മിനിട്ടില്‍ ബാഴ്സ താരമായ റൊണാള്‍ഡ് അരജുവോ ആണ് ഉറുഗ്വായുടെ ആദ്യ ഗോള്‍ നേടിയത്. ഉറുഗ്വായ് ദേശീയ ടീമിന് വേണ്ടി അരജുവോ നേടുന്ന ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ ഉറുഗ്വായ് 1-0ത്തിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 87ാം മിനിട്ടില്‍ ഡാര്‍വിന്‍ നൂനസ് രണ്ടാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും ഉറുഗ്വായ് സ്വന്തമാക്കുകയായിരുന്നു. മറുപടി ഗോളിനായി അര്‍ജന്റീന മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഉറുഗ്വായ് പ്രതിരോധം കരുത്തോടെ നില്‍ക്കുകയായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ലോകചാമ്പ്യന്‍മാര്‍ ഉറുഗ്വായ്ക്കുമുന്നില്‍ പരാജയം സമ്മതിക്കുകയായിരുന്നു.
സൂപ്പര്‍ താരം ലയണല്‍ മെസി ഇറങ്ങിയിട്ടും കാര്യമായ ഫലമുണ്ടാക്കാന്‍ സാധിക്കാതെ പോയത് അര്‍ജന്റീനക്ക് വലിയ തിരിച്ചടിയാണ് നല്‍കിയത്.
യോഗ്യത മത്സരങ്ങളിലെ അര്‍ജന്റീനയുടെ ആദ്യ തോല്‍വിയായിരുന്നു ഇത്. തോറ്റെങ്കിലും 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ് മെസിയും കൂട്ടരും.
അതേസമയം ജയത്തോടെ പത്ത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഉറുഗ്വായ്.
നവംബര്‍ 22ന് ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ ഉറുഗ്വായ് ബൊളീവിയയെയും നേരിടും.
Content Highlight: Uruguay won against Argentina in world cup qualifiers.