| Sunday, 25th August 2024, 2:16 pm

മെസിയും റോണോയുമല്ല! ഫുട്ബോളിൽ അവനെ പോലൊരു താരത്തെ കണ്ടെത്താനാണ് പ്രയാസം: ഉറുഗ്വായ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ സൂപ്പര്‍താരം ലൂക്ക മോഡ്രിച്ചിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ഉറുഗ്വായ്ന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ മാര്‍സെലോ ബിയല്‍സ.

മോഡ്രിച്ചിനെ പോലുള്ള ഒരു താരത്തെ ഫുട്‌ബോളില്‍ കണ്ടെത്തുക എന്നുള്ളത് വളരെ പ്രയാസമുള്ള കാര്യമാണെന്നാണ് ബിയല്‍സ പറഞ്ഞത്. മാഡ്രിഡ് ഏക്‌സ്ട്രാക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിയല്‍സ.

‘ഫുട്‌ബോളില്‍ കണ്ടെത്താന്‍ ഏറ്റവും പ്രയാസമുള്ള കളിക്കാരന്‍ മോഡ്രിച്ചാണ്. ആറാം നമ്പറിന്റെ പോരാട്ടവീര്യവും പത്താം നമ്പറിന്റെ ആക്രമണ വീര്യവുമുള്ള ഒരു കളിക്കാരനെയാണ് മോഡ്രിച്ചിന്റെ ഈ പൊസിഷനില്‍ ആവശ്യം. മോഡ്രിച്ച് കളിക്കളത്തില്‍ കാര്യങ്ങള്‍ പൂര്‍ണമായി മനസിലാക്കുന്ന ഒരു മികച്ച താരമാണ്. അദ്ദേഹത്തിന് മത്സരങ്ങളെ പ്രതിരോധിക്കാനുള്ള കഴിവും രണ്ട് വിങ്ങുകളിലായി മത്സരങ്ങളെ ആക്രമിക്കാനുള്ള കഴിവുമുണ്ട്,’ മാര്‍സെലോ ബിയല്‍സ പറഞ്ഞു.

റയല്‍ മാഡ്രിഡിന്റെ മധ്യനിരയില്‍ ഒഴിച്ചുകൂടാനാവാത്ത പ്രതിഭയാണ് മോഡ്രിച്ച്. ലോസ് ബ്ലാങ്കോസിനായി ഇതിനോടകം തന്നെ 536 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ മോഡ്രിച്ച് 39 ഗോളുകളും 86 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

റയലിനായി 13 സീസണുകളില്‍ പന്തുതട്ടിയ താരം സ്പാനിഷ് ക്ലബ്ബിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. പുതിയ സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായി നടന്ന യുവേഫ സൂപ്പര്‍ കപ്പ് റയല്‍ സ്വന്തമാക്കിയിരുന്നു.

ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്‍ഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയായിരുന്നു റയല്‍ ചാമ്പ്യന്‍മാരായത്. ഈ കിരീടം ചൂടിയതിന് പിന്നാലെ റയലിനൊപ്പം ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന താരമായി മാറാന്‍ മോഡ്രിച്ചിന് സാധിച്ചിരുന്നു. സ്പാനിഷ് വമ്പന്‍മാരോടൊപ്പം 27 കിരീടങ്ങളാണ് മോഡ്രിച്ച് നേടിയത്. ഈ സീസണില്‍ റയലിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഈ 38കാരന്‍ സ്വന്തമാക്കിയിരുന്നു.

രാജ്യാന്തര തലത്തിലേക്ക് വരുകയാണെങ്കില്‍ ക്രൊയേഷ്യന്‍ ടീമിലും നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ മോഡ്രിച്ചിന് സാധിച്ചിട്ടുണ്ട്. 2018 ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് മോഡ്രിച്ച് വഹിച്ചത്.

ഈ ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ 2018ലെ ബാലണ്‍ ഡി ഓര്‍ അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ഇതിഹാസതാരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവര്‍ മികച്ച പ്രകടനം നടത്തിയ കാലഘട്ടത്തില്‍ തന്നെ മോഡ്രിച്ച് ഈ അവാര്‍ഡ് നേടിയെടുത്തത് ഏറെ ശ്രദ്ധേയമാണ്.

അതേസമയം അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ ക്രൊയേഷ്യ നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. യൂറോ മാമാങ്കത്തില്‍ മോഡ്രിച്ചും സംഘവും ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നുതന്നെ പുറത്താവുകയായിരുന്നു.

Content Highlight: Uruguay Coach Talks About Luka Modric

We use cookies to give you the best possible experience. Learn more