| Friday, 6th February 2015, 12:23 pm

വീട്ടില്‍ പോലും പോകാന്‍ കഴിയാതെ ഷാര്‍ലി ഹെബ്ദോയുടെ വിവാദ കവര്‍ പുനപ്രസിദ്ധീകരിച്ച ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി ഹെബ്ദോയുടെ വിവാദ കവര്‍ പുനപ്രസിദ്ധീകരിച്ചത് കാരണം സ്വന്തം വീട്ടില്‍ പോലും പോകാന്‍ കഴിയാതെ ഒളിവില്‍ കഴിയുകയാണ് ഉറുദു പത്രമായ “അവധ്‌നാമാ”യുടെ മുംബൈ എഡിറ്റര്‍ ഷിറിന്‍ ദല്‍വി. മാഗസിനിന്റെ കവര്‍ പുനരാവിഷികരിച്ചതിന് നിരവധി കേസുകളാണ് അവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജനുവരി 17നാണ് ഷാര്‍ലി ഹോബ്ദോയുടെ വിവാദ കവര്‍ അവര്‍ പുനപ്രസിദ്ധീകരിച്ചിരുന്നത്. ഒരു അഭയാര്‍ത്ഥിയെപ്പോലെയാണ് അവര്‍ ഇപ്പോള്‍ കഴിയുന്നത്. മുംബ്രയിലുള്ള അവരുടെ വീട് അടച്ചിട്ടിരിക്കുകയാണ്.

കോളജില്‍ പോകുന്ന അവരുടെ രണ്ട് കുട്ടികള്‍ ബന്ധുവീട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്. നഗരത്തിലുള്ള കൂട്ടുകാരുടെയും മറ്റും വീടുകളിലാണ് ഷിറിന് ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത്.

ചൊവ്വാഴ്ച പത്രത്തിലെ ഒരു കൂട്ടം മുന്‍ ഉദ്യോഗസ്ഥര്‍ ഒരു പത്ര സമ്മേളനം സംഘടിപ്പിക്കുകയും പത്രത്തിന്റെ മാനേജ്‌മെന്റ് ഷിറിനുമായ ചേര്‍ന്ന് കാര്‍ട്ടുണ്‍ പ്രസിദ്ധീകരിക്കുന്നതിനും പത്രം അടയ്ക്കുന്ന്തിനും ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും ആരോപിച്ചു. എന്നാല്‍ ഷിറിന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.

“ഒരു ഗൂഢാലോചനയും നടന്നിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ്് ഒരിക്കലും തന്നെ സമീപിച്ചിരുന്നില്ല. ഹെബ്ദോയുടെ കവര്‍ പുനരാവിഷ്‌കരിക്കുന്നതിനെക്കുറിച്ച് താനും പറഞ്ഞിരുന്നില്ല.” അവര്‍ പറഞ്ഞു.

ആവിഷ്‌കാര സ്വതന്ത്ര്യം മതവികാരത്തെ വ്രണപ്പെടുത്തുമെന്നുള്ള മാര്‍പാപ്പയുടെ പ്രസ്താവനയ്‌ക്കൊപ്പം പ്രസിദ്ധീകരിക്കുന്നതിന് വേണ്ടിയായിരുന്നു താന്‍ കവര്‍ ഉപയോഗിച്ചിരുന്നതെന്നും എന്റെ തെറ്റ് മനസിലായപ്പോള്‍ അടുത്ത ദിവസം തന്നെ താന്‍ നിരുപാതികം മാപ്പ് പറഞ്ഞതായും അവര്‍ പറയുന്നു.

“മാത്രമല്ല മനപ്പൂര്‍വം ചെയ്തതല്ല എന്ന് വിശദീകരിച്ചുകൊണ്ട് ഒരു എഡിറ്റോറിയലും അടുത്ത ദിവസം എഴുതിയിരുന്നു. ജനുവരി നാലിന് നബിദിനത്തോടനുബന്ധിച്ച് പ്രത്യേക പതിപ്പ് പുറത്തിറക്കിയിരുന്നു.” ഷിറിന്‍ വ്യക്തമാക്കി.

“പത്രം നിരപരാധിയായിരുന്നു. പക്ഷേ പത്രത്തിലുള്ള മറ്റുള്ളവരെപ്പോലെ എനിക്കും ജോലി നഷ്ടപ്പെട്ടു. ഒരു പരസ്യ ഏജന്‍സിയുള്ളത്‌കൊണ്ട് എനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഒരു അഭയാര്‍ത്ഥിയെപ്പോലെ ഒളിച്ചുകഴിയുന്ന എനിക്ക് അത് നടത്തികൊണ്ട് പോകാന്‍ കഴിയില്ല.”  അവര്‍ പറഞ്ഞു.

വീട് പൂട്ടിക്കിടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ചെയ്യാന്‍ കഴിയുന്നില്ലെന്നും അവരുടെ വസ്ത്രങ്ങളും പാഠപുസ്തകങ്ങളും അതിനകത്താണുള്ളതെന്നും ഷിറിന്‍ പറയുന്നു. ശാരിരികമായി ആക്രമിക്കപ്പെടുമെന്ന ഭയത്തിലാണ് അവര്‍ ഇപ്പോള്‍. പേടികാരണം അവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

“നിങ്ങളോട് ക്ഷമിക്കില്ലെ”ന്ന സന്ദേശം വാട്ട്‌സ്ആപ്പില്‍ അവര്‍ക്ക് ലഭിച്ചിരുന്നു. തനിക്കെതിരെയുള്ള എല്ലാ കേസുകളും തള്ളിക്കളയണമെന്ന് അവര്‍ കോടതിയെ സമീപിച്ചിരുന്നു.

സംഭവത്തില്‍ പത്ര ഉടമയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ജാമ്യം നല്‍കി വിട്ടയച്ചിരിക്കുകയാണ്. 21 ല്‍ അധികം സംഘടനകാളാണ് അവര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. എല്ലാവരോടും മാപ്പ് പറയുന്നതായും തന്നോട് ക്ഷമിക്കണമെന്നും ഷിറിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more