| Monday, 25th June 2018, 6:19 pm

ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത ശരിയല്ല; യോഗത്തില്‍ നടന്നതിനെ കുറിച്ച് ഊര്‍മിള ഉണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍പ്പെട്ട നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന വാര്‍ത്ത തെറ്റാണെന്ന് നടി ഊര്‍മിള ഉണ്ണി. ഞാന്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ എഴുതി വെച്ചിരിക്കുന്നതെന്നും ഊര്‍മിള പറഞ്ഞു.

“നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്” എന്നാണ് ഞാന്‍ യോഗത്തില്‍ ചോദിച്ചത്. മാധ്യമങ്ങള്‍ ഇതിനെ വളച്ചൊടിക്കുകായിരുന്നു. ഞാന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഊര്‍മിള വ്യക്തമാക്കി.


Read Also : ഇത് അവളെ അപമാനിക്കുന്ന തീരുമാനം; ദിലീപിനെ തിരിച്ചെടുത്ത അമ്മയോട് ചോദ്യങ്ങളുമായി വനിതാ സംഘടന


യോഗം അവസാനിക്കാറായ സമയത്ത് ഇനി ചോദ്യങ്ങള്‍ ബാക്കിയുണ്ടോ എന്ന് വേദിയിലുള്ളവര്‍ ആരാഞ്ഞു. സ്വാഭാവികമായും ദിലീപിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്നൊക്കെ അറിയാന്‍ താല്‍പര്യവും ഉണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നും ഊര്‍മിള പറഞ്ഞു.

അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ഊര്‍മിള ഉണ്ണി ആവശ്യപ്പെട്ടു എന്ന വാര്‍ത്ത വന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ നടിക്ക് നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് യോഗത്തില്‍ സംഭവിച്ചതിനെ കുറിച്ച് ഊര്‍മിള വിശദീകരിച്ചത്.


Read Also : “രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ”; രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഘനശ്യാം തിവാരി രാജിവെച്ചു


ദിലീപിന്റെ കാര്യത്തില്‍ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അവിടെ ഉണ്ടായിരുന്നവര്‍ സ്വീകരിച്ചത്. വൈകുന്നേരം ചേരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടിയും ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടോയെന്ന ചോദ്യത്തിന് ആരും ഒന്നും പറഞ്ഞില്ലെന്നും എല്ലാവരും മിണ്ടാതെ ഇരുന്നുവെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കണം എന്ന അഭിപ്രായമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ചു. പത്രക്കാരുടെ ഭാഷയില്‍ കയ്യടിച്ച് പാസാക്കി എന്ന് വേണമെങ്കില്‍ പറയാം. ഊര്‍മിള പറഞ്ഞു.

ദിലീപിനെ “അമ്മ” യിലേക്ക് തിരിച്ചെടുത്തതില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നടന്‍ തിലകനോട് അമ്മ സ്വീകരിച്ച നിലപാട് സൂചിപ്പിച്ചുകൊണ്ടായിരുന്നു സംവിധായകന്‍ ആഷിഖ് അബു വിമര്‍ശിച്ചത്. “ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന” കുറ്റത്തിന് “മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് “അമ്മ” മാപ്പുപറയുമായിരിക്കും, അല്ലേ?” എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

We use cookies to give you the best possible experience. Learn more