| Thursday, 23rd May 2019, 4:16 pm

ഇ.വി.എം നമ്പറിലും ഫോമിലെ ഒപ്പുകളിലും വ്യത്യാസം; അട്ടിമറി ആരോപിച്ച് ഊര്‍മ്മിള മണ്ഡോദ്ക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി ആരോപിച്ച് മുംബൈ നോര്‍ത്ത് ലോക്‌സഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മ്മിള മണ്ഡോദ്ക്കര്‍.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഫോമില്‍ ഉണ്ടായിരുന്ന ഒപ്പും വോട്ടിങ് മെഷീന്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു എന്നാണ് ഊര്‍മ്മിള ആരോപിച്ചത്. ഇ.വി.എം മാറ്റിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണമാണ് ഊര്‍മ്മിള ഉന്നയിച്ചത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കി.

” മുംബൈ നോര്‍ത്ത് മാഗത്താനെയിലെ 17 സി യില്‍ ഉപയോഗിച്ച ഇ.വി.എം നമ്പറും ഫോമിലെ ഒപ്പും വ്യത്യസ്തമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടുണ്ട്”- ഊര്‍മിള ട്വീറ്റ് ചെയ്തു.

ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടിയേക്കാള്‍ 1,45,991 വോട്ടുകള്‍ക്ക് പിന്നിലാണ് ഊര്‍മ്മിള. കോണ്‍ഗ്രസ് വിജയപ്രതീക്ഷ നിലനിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഊര്‍മ്മിള.

ഊര്‍മ്മിള നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണ റാലികളിലെല്ലാം വന്‍ ജനപ്രാതിനിധ്യമായിരുന്നു ഉണ്ടായത്. എന്നാല്‍ വോട്ടെടുപ്പ് ആരംഭിച്ച് തുടക്കം മുതല്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ മുന്നേറ്റമായിരുന്നു കണ്ടത്.

We use cookies to give you the best possible experience. Learn more