ഊര്‍മ്മിള നാളെ ശിവസേനയില്‍ ചേരും: ഔദ്യോഗിക പ്രതികരണവുമായി സഞ്ജയ് റാവത്ത്
India
ഊര്‍മ്മിള നാളെ ശിവസേനയില്‍ ചേരും: ഔദ്യോഗിക പ്രതികരണവുമായി സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th November 2020, 2:44 pm

 

മുംബൈ: കോണ്‍ഗ്രസ് വിട്ട നടി ഊര്‍മ്മിള മഡോദ്ക്കര്‍ നാളെ ശിവസേനയില്‍ ചേരും. ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഊര്‍മ്മിള ശിവസേനയില്‍ എന്ന് അംഗത്വമെടുക്കുമെന്ന ചോദ്യത്തിന് അവര്‍ നാളെ പാര്‍ട്ടിയുടെ ഭാഗമാകുമെന്നായിരുന്നു റാവത്തിന്റെ മറുപടി. ഊര്‍മ്മിള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ ശിവസേന നേതൃത്വം ഇതുവരെ തയ്യാറായിരുന്നില്ല.

കോണ്‍ഗ്രസില്‍ നിന്ന് 2019 സെപ്റ്റംബറിലാണ് ഊര്‍മിള രാജിവെച്ചത്. കഴിഞ്ഞ വര്‍ഷം മുംബൈയിലെ നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഊര്‍മിള മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് ഊര്‍മിള പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്.

അതേസമയം ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 ന് ഊര്‍മിളയെ നിയമസഭാ കൗണ്‍സിലേക്ക് ശിവസേന നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉടന്‍ തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

സംസ്ഥാന നിയമസഭയുടെ അപ്പര്‍ ഹൗസിലേക്ക് നാമനിര്‍ദേശം ചെയ്യുന്ന 12 പേരുടെ പട്ടികയില്‍ ഊര്‍മിള മഡോദ്കറിന്റെ പേരും പരിഗണനയിലുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അടുത്തിടെ നടി കങ്കണാ റണൗട്ടും ശിവസേനാ എം.പി സഞ്ജയ് റാവത്തും തമ്മിലുള്ള വഴക്കില്‍ പങ്കാളിയായ ഊര്‍മ്മിള മുംബൈയ്ക്ക് വേണ്ടി ശിവസേനയ്ക്ക് അനുകൂലമായി സംസാരിച്ചിരുന്നു.

നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈയെ പാക്ക് അധീന കശ്മീരിനോട് കങ്കണ ഉപമിച്ചതിനെ തുടര്‍ന്നായിരുന്നു വാക്‌പോര്. വഴക്കില്‍ പങ്കുചേര്‍ന്ന ഊര്‍മ്മിള കങ്കണയെ രാജസ്ഥാനിലെ റുദാലി (രാജസ്ഥാനില്‍ സവര്‍ണ്ണര്‍ മരണപ്പെടുമ്പോള്‍ വിലപിക്കാന്‍ വേണ്ടി വിളിക്കുന്ന സ്ത്രീകള്‍)യോട് ഉപമിച്ചിരുന്നു.

കങ്കണ അനാവശ്യമായി ഇര കളിക്കുകയാണെന്നും സ്ത്രീകാര്‍ഡ് ഇറക്കുകയാണെന്നും കങ്കണ ശരിക്കും പോരാടേണ്ടത് സ്വന്തം സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ മയക്കുമരുന്ന് ഭീഷണിയോട് ആണെന്നും ഊര്‍മ്മിള പരിഹസിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Urmila Matondkar may join Shiv Sena on Tuesday, says Sanjay Raut