ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ടല്ല താന്‍ കോണ്‍ഗ്രസ് വിട്ടതെന്നും കോണ്‍ഗ്രസ് വിടാന്‍ മറ്റുകാരണങ്ങളുണ്ടായിരുന്നെന്നും നടി ഊര്‍മിള മതോണ്ഡ്കര്‍. പദവി ലഭിക്കാനായി മാത്രം ഒരു പാര്‍ട്ടിയിലേക്ക് വരുന്നതിന് താത്പര്യമില്ലായിരുന്നെന്നും അതുകൊണ്ടാണ് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത മഹാരാഷ്ട്രാ നിയമസഭാ കൗണ്‍സില്‍ സീറ്റ് താന്‍ നിരസിച്ചതെന്നും അവര്‍ ഇന്ത്യാ ടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘തോല്‍വി അംഗീകരിച്ച് മുന്നോട്ട് പോകാനുള്ള വേണ്ടത്ര ധൈര്യം എന്റെ മനസിനുണ്ടായിരുന്നു. അത് ആദ്യത്തെ തോല്‍വിയായിരുന്നില്ല. അവസാനത്തേതായിരിക്കുകയുമില്ല,’ ഊര്‍മിള പറഞ്ഞു.
‘കോണ്‍ഗ്രസുമായി നിരവധി വിഷയങ്ങളില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. അന്നതൊക്കെ കൈകാര്യം ചെയ്യാന്‍ അറിയില്ലായിരുന്നു. എനിക്ക് സോണിയാ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും ബഹുമാനമുണ്ട്,’ അവര്‍ പറഞ്ഞു.
താന്‍ ജന്മം കൊണ്ട് ഒരു ഹിന്ദുവാണെന്നും ശിവസേന എല്ലാവരുടെയും നല്ലതിന് വേണ്ടി വിശ്വസിക്കുന്ന പാര്‍ട്ടിയായതുകൊണ്ടുമാണ് താന്‍ ശിവസേന തെരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു.
‘ഞാന്‍ ജന്മം കൊണ്ട് ഹിന്ദുവാണ്. ഞാന്‍ വളരെ വിശ്വാസിയായ ഹിന്ദുവാണ്. എന്റെ മതം എന്നെ പഠിപ്പിച്ചത് എന്നെയും എന്റെ മതത്തെയും മാത്രം സ്‌നേഹിച്ച് മറ്റു മതങ്ങളെ വെറുക്കാനല്ല. പകരം എല്ലാവരെയും സ്‌നേഹിക്കാനാണ്. ശിവസേന ഹിന്ദുപാര്‍ട്ടിയാണ്. എല്ലാവര്‍ക്കും നല്ലത് സംഭവിക്കുന്നതിലാണ് അവര്‍ വിശ്വസിക്കുന്നത്. അപ്പോള്‍ അതില്‍ ചേരുന്നതില്‍ എന്താണ് തെറ്റ്?,’ അവര്‍ ചോദിച്ചു.
കഴിഞ്ഞദിവസമാണ് ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലാണ് ഊര്‍മിള ശിവസേന നാമനിര്‍ദേശം ചെയ്തത്.
നേരത്തെ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലേക്ക് ഊര്‍മിള മതോണ്ഡ്കറെ നാമനിര്‍ദേശം ചെയ്യാന്‍ ശിവസേന തീരുമാനിച്ചു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഊര്‍മിളയുമായി സംസാരിച്ചിരുന്നതായും നാമനിര്‍ദേശം ചെയ്യുന്നതിനെ അവര്‍ അനുകൂലിച്ചതായും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മുംബൈ നോര്‍ത്തില്‍ മത്സരിച്ച ഊര്‍മിള മതോണ്ഡ്കര്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് പരാജയപ്പെടുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Urmila Matondkar Explains why did she choose Shivsena